താമര വിരിഞ്ഞു;വോട്ട് 30 ലക്ഷം കവിഞ്ഞു

Thursday 19 May 2016 9:22 pm IST

തിരുവനന്തപുരം: നിയമസഭയില്‍ ബിജെപിയെ കയറ്റില്ലന്ന കോണ്‍ഗ്രസ്- സിപിഎം നേതാക്കളുടെ ധാര്‍ഷ്ട്യത്തിന് ജനം ചുട്ട മറുപടി നല്‍കി. കേരളത്തില്‍ ആദ്യമായി താമര വിരിയിച്ച് നേമത്ത് ഒ. രാജഗോപാല്‍ വിജയം നേടി ചരിത്രത്തിന്റെ ഭാഗമായി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മൂന്ന് സ്ഥലങ്ങളില്‍ രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്ന ബിജെപിക്ക് നേമത്ത് ജയിക്കാനും ഏഴിടത്ത് രണ്ടാം സ്ഥാനത്തെത്താനും കഴിഞ്ഞു. മഞ്ചേശ്വരത്ത് കേവലം 89 വോട്ടിനാണ് കെ. സുരേന്ദ്രന്‍ പരാജയപ്പെട്ടത്. കഴക്കൂട്ടം, വട്ടിയൂര്‍ക്കാവ്, പാലക്കാട്, വി. എസ്. അച്യുതാനന്ദന്‍ മത്സരിച്ച മലമ്പുഴ, ചാത്തന്നൂര്‍, കാസര്‍കോട്, മഞ്ചേശ്വരം മണ്ഡലങ്ങളിലാണ് രണ്ടാം സ്ഥാനത്തെത്തിയത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 10,53,654 വോട്ടായിരുന്നു നേടിയതെങ്കില്‍ ഇത്തവണ എന്‍ഡിഎ 30,27,208 വോട്ടുനേടി വന്‍ കുതിപ്പ് നടത്തി. രണ്ടിരട്ടിയോളം വോട്ടു കൂടിയപ്പോള്‍ വോട്ടിങ് ശതമാനം 6.03 ല്‍ നിന്ന് 15.01 ആയും ഉയര്‍ന്നു. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനേക്കാള്‍ 11 ലക്ഷത്തോളം വോട്ടിന്റെ കൂടുതലും എന്‍ഡിഎയ്ക്കുണ്ട്. ശക്തമായ ഭരണവിരുദ്ധ വികാരത്തിന്റെ സൗജന്യത്തില്‍ ഇടതുമുന്നണി 91 സീറ്റുകളോടെ അധികാരം പിടിച്ചു. പൂഞ്ഞാറില്‍ ഒറ്റയാനായി മത്സരിച്ച പി.സി. ജോര്‍ജ് 27,821 വോട്ടിന്റെ വന്‍ ജയം നേടി രാഷ്ട്രീയ കേരളത്തെ ഞെട്ടിച്ചു. യുഡിഎഫിന് നേടാനായത് 47 സീറ്റ് മാത്രം. മന്ത്രിമാരായ കെ. ബാബു, ഷിബു ബേബി ജോണ്‍, പി. കെ. ജയലക്ഷ്മി, കെ. പി. മോഹനന്‍ എന്നിവര്‍ തോല്‍വി സമ്മതിച്ചപ്പോള്‍ സ്പീക്കര്‍ എന്‍. ശക്തനും ഡപ്യൂട്ടി സ്പീക്കര്‍ പാലോട് രവിയും ചീഫ് വിപ്പ് തോമസ് ഉണ്ണിയാടനും പരാജയം ഏറ്റുവാങ്ങി. ഇരു മുന്നണികളിലുമായി ഇരുപത്തഞ്ച് സിറ്റിങ് എംഎല്‍എമാര്‍ തോറ്റു. തൃപ്പൂണിത്തുറയില്‍ കെ. ബാബുവിനെ കീഴടക്കിയ എം. സ്വരാജും ആറന്മുളയില്‍ കെ. ശിവദാസന്‍ നായരെ തോല്‍പ്പിച്ച വീണ ജോര്‍ജും ശ്രദ്ധേയരായി. അഴീക്കോട്ട് എം.വി നികേഷ്‌കുമാറിനെ തോല്‍പ്പിച്ച് കെ. എം. ഷാജി സീറ്റ് നിലനിര്‍ത്തി. കെ. എം. മാണിയുടെയും ഭൂരിപക്ഷം വീണ്ടും കുറഞ്ഞു. തൊടുപുഴയില്‍ വിജയിച്ച പി.ജെ. ജോസഫിനാണ് സംസ്ഥാനത്തെ ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം; 45,587 വോട്ടുകളുടെ. 58 സീറ്റുകള്‍ നേടിയ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ സിപിഎമ്മിന് അവര്‍ നിര്‍ത്തിയ അഞ്ച് സ്വതന്ത്രന്മാരെയും വിജയിപ്പിക്കാന്‍ കഴിഞ്ഞു. സിപിഐ 19 സീറ്റു നേടിയപ്പോള്‍ ജനതാദളി (എസ്)ന് മൂന്നും എന്‍സിപിക്ക് രണ്ടും സീറ്റു ലഭിച്ചു. കേരള കോണ്‍ഗ്രസ്(ബി), കോണ്‍ഗ്രസ്(എസ്), ആര്‍എസ്പി (എല്‍), സിഎംപി കക്ഷികള്‍ ഓരോ സീറ്റു വീതം നേടി. യുഡിഎഫ് മുന്നണിയില്‍ കോണ്‍ഗ്രസിന് 22 സീറ്റു ലഭിച്ചപ്പോള്‍ മുസ്ലിം ലീഗിന് 18 സീറ്റു ലഭിച്ചു. കേരള കോണ്‍ഗ്രസിലെ മാണി വിഭാഗത്തിന് ആറും ജേക്കബ് ഗ്രൂപ്പിന് ഒരു സീറ്റും ലഭിച്ചു. കൊല്ലം ജില്ല സമ്പൂര്‍ണമായി തൂത്തുവാരിയ ഇടതു മുന്നണി തൃശൂരിലും ആലപ്പുഴയിലും പത്തനംതിട്ടയിലും വയനാട്ടിലും ഓരോ സീറ്റ് മാത്രമാണ് യുഡിഎഫിനു വിട്ടുകൊടുത്തത്. തൃശൂര്‍ ജില്ലയിലെ 12 മണ്ഡലങ്ങളില്‍ വടക്കാഞ്ചേരിയിലെ മത്സരഫലം പ്രഖ്യാപിച്ചിട്ടില്ല. ഇവിടെ ഒരു വോട്ടിങ് യന്ത്രം തകരാറായതിനാല്‍ മത്സരഫലം വൈകി. പിന്നീട് ഇവിടെ 43 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ കോണ്‍ഗ്രസിലെ അനില്‍ അക്കര വിജയിച്ചു. കണ്ണൂരും കോഴിക്കോടും പാലക്കാടും കോട്ടകാത്ത ഇടതിന് തിരുവനന്തപുരത്തെ 14 സീറ്റില്‍ ഒമ്പതെണ്ണത്തില്‍ വിജയം കണ്ടെത്താനായി. എറണാകുളവും കോട്ടയവും മലപ്പുറവും മാത്രമാണു യുഡിഎഫിന്റെ മാനം രക്ഷിച്ചത്. മലപ്പുറത്തെ 16 സീറ്റുകളില്‍ 12 എണ്ണവും എറണാകുളത്തെ 14 സീറ്റുകളില്‍ ഒമ്പതെണ്ണവും കോട്ടയത്തെ ഒമ്പതു സീറ്റുകളില്‍ ആറെണ്ണവും യുഡിഎഫ് നേടി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.