സിപിഎമ്മിന് ദേശീയ പാര്‍ട്ടിയെന്ന അംഗീകാരം നഷ്ടമാകും

Thursday 19 May 2016 9:24 pm IST

ന്യൂദല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പുകളുടെ ഫലം പുറത്തുവന്നതോടെ ദേശീയ പാര്‍ട്ടിയെന്ന അംഗീകാരം സിപിഎമ്മിന് നഷ്ടമാകാന്‍ സാധ്യത. ദേശീയ പാര്‍ട്ടി പദവി നിലനിര്‍ത്താന്‍ ആവശ്യമായ മൂന്ന് നിബന്ധനകളില്‍ ഒന്നില്‍ പോലും സിപിഎമ്മിന് നിലവില്‍ യോഗ്യതയില്ല. കുറഞ്ഞത് മൂന്ന് സംസ്ഥാനങ്ങളില്‍ നിന്നുമായി ലോക്‌സഭയിലെ രണ്ട് ശതമാനം സീറ്റ് (11 എണ്ണം), ലോക്‌സഭയിലേക്കോ നിയമസഭയിലേക്കോ ഏതെങ്കിലും നാലു സംസ്ഥാനങ്ങളില്‍ എങ്കിലും കുറഞ്ഞത് ആറു ശതമാനം വീതം വോട്ട്, ഏതെങ്കിലും നാലു സംസ്ഥാനങ്ങളിലെങ്കിലും സംസ്ഥാന പാര്‍ട്ടി എന്ന പദവി എന്നിവയില്‍ ഏതെങ്കിലും ഒരെണ്ണമെങ്കിലും ദേശീയ പാര്‍ട്ടി സ്ഥാനം നഷ്ടമാകാതിരിക്കാന്‍ വേണം. എന്നാല്‍ ഇതിലൊന്നുപോലും നിലവിലെ അവസ്ഥയില്‍ സിപിഎമ്മിനില്ല. ലോക്‌സഭയില്‍ മൂന്ന് സംസ്ഥാനങ്ങളില്‍ നിന്നായി കേവലം ഒമ്പത് എംപിമാര്‍ മാത്രമാണുള്ളത്. ആറുശതമാനം വോട്ടും സംസ്ഥാന പദവും ബംഗാള്‍, കേരളം, ത്രിപുര സംസ്ഥാനങ്ങളില്‍ മാത്രമാണുള്ളത്. തമിഴ്‌നാട്ടില്‍ നിലവിലുണ്ടായിരുന്ന 10 സീറ്റും ആറുശതമാനത്തിലേറേ വോട്ടും ഇത്തവണത്തെ ഫലം വന്നതോടെ നഷ്ടമായി. ഇത്തവണ 0.7% മാത്രമാണ് സിപിഎമ്മിന് ലഭിച്ച വോട്ട്. ഇതോടെ തമിഴ്‌നാട്ടില്‍ സംസ്ഥാന പദവിയും ഇല്ലാതാകും. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം വന്നതോടെ മായാവതിയുടെ ബിഎസ്പി, ശരദ് പവാറിന്റെ എന്‍സിപി, സിപിഐ എന്നീ പാര്‍ട്ടികള്‍ക്ക് ദേശീയ പദവി നഷ്ടമായിരുന്നു. ഈ പട്ടികയിലേക്ക് ഉടന്‍ തന്നെ സിപിഎമ്മും എത്തിച്ചേരും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.