ജനതാദള്‍ അപ്രസക്തമായി മത്സരിച്ച ഏഴ് സീറ്റുകളിലും ദയനീയ തോല്‍വി

Thursday 19 May 2016 9:22 pm IST

കോഴിക്കോട്: ജനതാദള്‍ യുണൈറ്റഡ് തകര്‍ന്നു തരിപ്പണമായി. എം. പി. വീരേന്ദ്രകുമാര്‍ സംസ്ഥാന പ്രസിഡന്റായ ജനതാദള്‍ ഏഴ് സീറ്റുകളില്‍ മത്സരിച്ചിരുന്നെങ്കിലും ഒന്നിലും ജയിക്കാനായില്ല. തോറ്റ പ്രമുഖരില്‍ യുഡിഎഫ് മന്ത്രിസഭയിലെ കൃഷിവകുപ്പ് മന്ത്രി പി. മോഹനന്‍ കൂത്തുപറമ്പില്‍ നിന്നും എം. വി. ശ്രേയാംസ് കുമാര്‍ കല്‍പ്പറ്റയില്‍ നിന്നും കനത്ത തോല്‍വി ഏറ്റുവാങ്ങി. 2001, 2006 പെരിങ്ങളം മണ്ഡലത്തില്‍ നിന്നും 2011 ല്‍ കൂത്തുപറമ്പില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട പി. മോഹനന്‍ ഇത്തവണ കൂത്തുപറമ്പില്‍ നിന്നും സിപിഎമ്മിലെ കെ. കെ. ഷൈലജയോട് 12291 വോട്ടിനാണ് തോറ്റത്. ഇവിടെ ബിജെപിയിലെ സി. സദാനന്ദന്‍ മാസ്റ്റര്‍ 20787 വോട്ട് നോടി. കല്‍പ്പറ്റയില്‍ നിന്നും 2006, 2011 തെരഞ്ഞെടുപ്പുകളില്‍ ജയിച്ച എം.വി. ശ്രേയംസ് കുമാര്‍ 13083 വോട്ടിനാണ് സിപിഎം ജില്ലാ സെക്രട്ടറി സി.കെ. ശശീന്ദ്രനോട് പരാജയപ്പെട്ടത്. അമ്പലപ്പുഴയില്‍ സിപിഎമ്മിലെ ജി. സുധാകരനോട് 22621 വോട്ടിനാണ് ഷെയ്ഖ് പി. ഹാരിസ് തോറ്റത്. എലത്തൂരില്‍ എല്‍ഡിഎഫിലെ എന്‍സിപി സ്ഥാനാ ര്‍ത്ഥി എ. കെ. ശശീന്ദ്രനോട് 29057 വോട്ടിനാണ് പി. കിഷന്‍ ചന്ദ് തോല്‍വി ഏറ്റുവാങ്ങിയത്. സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളുടെ ശക്തി കേന്ദ്രമായിരുന്ന വടകരയിലും ജനതാദള്‍ ദയനീയമായി തോല്‍വി ഏറ്റുവാങ്ങി. ജനതാദള്‍ സെക്യുലര്‍ സ്ഥാനാര്‍ത്ഥി സി. കെ. നാണുവിനോട് 9511 വോട്ടിനാണ് ജനതാദള്‍ (യു) ജില്ലാ പ്രസിഡന്റായ മനയത്ത് ചന്ദ്രന്‍ തോറ്റത് മട്ടന്നൂരില്‍ സിപിഎമ്മിലെ ഇ.പി. ജയരാജിനോട് 43381 വോട്ടിനാണ് കെ. പി. പ്രശാന്ത് തോറ്റത്. നേമത്ത് ജനതാദള്‍ സ്ഥാനാര്‍ത്ഥി മൂന്നാം സ്ഥാനത്തായി എന്ന പ്രത്യേകതയും ഉണ്ട്. കേരള കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ചെത്തിയ വി. സുരേന്ദ്രന്‍ പിളളയായിരുന്നു ഇവിടെ ജനതാദള്‍ സ്ഥാനാര്‍ത്ഥി. 13860 വോട്ടാണ് സുരേന്ദന്‍പിള്ളക്ക് ലഭിച്ചത്. ബീഹാര്‍ മുഖ്യമന്ത്രിയും ജനതാദള്‍ ദേശീയ അധ്യക്ഷനുമായ നിതീഷ് കുമാര്‍, മുന്‍പ്രധാനമന്ത്രി ദേവഗൗഡ എന്നിവരടക്കം പങ്കെടുത്ത് വന്‍ പ്രചാരണം നടത്തിയിട്ടും വന്‍ തോല്‍വിയാണ് ജനതാദളിന് സംഭവിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.