മാധ്യമങ്ങള്‍ പലതും തോറ്റു, മാധ്യമ മുതലാളികളും

Thursday 19 May 2016 9:26 pm IST

നിയമസഭാ തെരഞ്ഞെടുപ്പില്‍ തോറ്റത് മുന്‍വിധി പ്രഖ്യാപിച്ച മാധ്യമങ്ങളും മാധ്യ വിശകലനക്കാരും പിന്നെ മത്സരിച്ച മാധ്യമ മുതലാളികളും. ബിജെപിയ്ക്ക് കേരള നിയമസഭയില്‍ കാലുകുത്താന്‍ കഴിയില്ലെന്ന് ചില നേതാക്കള്‍ അവകാശപ്പെട്ടു. അത് പ്രചരിപ്പിക്കാന്‍ മാധ്യമങ്ങള്‍ മത്സരിച്ചു. പക്ഷേ, അവരില്‍ ചിലര്‍ അതില്‍ ആനന്ദിച്ചാസ്വദിച്ചു. എന്നാല്‍ തെരഞ്ഞെടുപ്പു ഫലം വന്നപ്പോള്‍ ബിജെപിയ്ക്ക് വിജയം കിട്ടി. അപഹസിച്ചും പരിഹസിച്ചും വിമര്‍ശിച്ചും ആനന്ദിച്ചവര്‍ക്ക് പക്ഷേ ആ വിജയം പാര്‍ട്ടിയുടെ വിജയമല്ലെന്നു പറയാനാണിപ്പോള്‍ വാശി. ബിജെപിയുടെ ആദ്യ രൂപമായ ജനസംഘം 1969-ല്‍ മത്സരിച്ചപ്പോള്‍ കിട്ടിയ വോട്ട് 2,63,331 ആയിരുന്നു. ഇന്നത് 20,16,921 ലക്ഷമായി ഉയര്‍ന്നത് പാര്‍ട്ടിയുടെ വളര്‍ച്ചയല്ലെന്നു പറയുന്നതും നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥി വിജയിച്ചതും കോണ്‍ഗ്രസ്-സിപിഎം ഒത്തുകളിയും യുഡിഎഫ്-എല്‍ഡിഎഫ് കൂട്ടുകച്ചവടവും നടന്നിട്ടും ആറ് മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ രണ്ടാം സ്ഥാനത്തെത്തിയതും ചില മാധ്യമങ്ങളുടെ തോല്‍വികൂടിയാണ്. കാരണം, നുണ പ്രവചനങ്ങളും വ്യാജപ്രചാരണങ്ങളും കൊണ്ട് രാഷ്ട്രീയം കളിച്ചവരാണ് അവര്‍. അതുകൊണ്ടുതന്നെ ഏതു മുന്നണി വിജയിച്ചുവെന്നതല്ല, ബിജെപി-എന്‍ഡിഎ വിരുദ്ധ മാദ്ധ്യമങ്ങള്‍ പരാജയപ്പെട്ടുവെന്നതാണ് പ്രത്യേകത. മാധ്യമ മുതലാളിമാര്‍ക്കും സംഭവിച്ചു വമ്പന്‍ തോല്‍വി. മാധ്യമ പ്രവര്‍ത്തകനായും ചാനല്‍ മുതലാളിയായും രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയ എം. വി. നികേഷ് കുമാര്‍ അഴീക്കോട്ട് തോറ്റു. ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായ നികേഷ് വണ്ടിനെപ്പോലെ സ്വയം തുലഞ്ഞു, വിളക്കും കെടുത്തിയെന്നതാണ് സ്ഥിതി. 'ഇടതു തരംഗ'ത്തിലും, അതും കണ്ണൂരില്‍ നികേഷിനുണ്ടായ തോല്‍വി നല്‍കുന്ന താക്കീത് വളരെ വലുതാണ്. മാതൃഭൂമി ടെലിവിഷന്‍ ചാനലിന്റെ മുതലാളിയും ഡയറക്ടര്‍മാരില്‍ ഒരാളുമായ എം.വി. ശ്രേയാംസ്‌കുമാര്‍ കല്‍പ്പറ്റയില്‍ തകര്‍ന്നു തരിപ്പണമായപ്പോള്‍ ജെഡിയു എന്നൊരു പാര്‍ട്ടിതന്നെ ഇല്ലാതായി. മാധ്യമ നിരൂപകന്‍ ഡോ. സെബാസ്റ്റിയന്‍ പോള്‍ തൃക്കാക്കരയില്‍ 11,992 വോട്ടിന് തോല്‍വി പിണഞ്ഞപ്പോള്‍ അതേ ഇടതുപക്ഷത്തിന്റെ പിന്തുണയില്‍ ആറന്മുളയില്‍ വിജയിച്ച വീണാ ജോര്‍ജ്ജ് മാധ്യമരാഷ്ട്രീയത്തിന്റെ വിജയമായി ആഘോഷിയ്ക്കപ്പെടുന്നുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.