ഇനി നിയമസഭയിലേക്ക്

Thursday 19 May 2016 9:52 pm IST

കേരളത്തില്‍ ബിജെപിയുടെ മുഖവും മനസ്സും രാജഗോപാലാണ്. ഓരോ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോഴും രാജഗോപാലിലൂടെ കേരളനിയമസഭയിലോ, കേരളത്തില്‍നിന്ന് ലോക്സഭയിലോ പ്രാതിനിധ്യമുണ്ടാക്കാമെന്നായിരുന്നു ബിജെപിയുടെ പ്രതീക്ഷ. തെരഞ്ഞെടുപ്പുകളില്‍ പരാജയപ്പെടുമ്പോഴും രാജഗോപാലും ബിജെപിയും ആ പ്രതീക്ഷകള്‍ക്ക് വിരാമമിട്ടില്ല. അടുത്ത തെരഞ്ഞെടുപ്പു വന്നപ്പോഴും സ്ഥാനാര്‍ത്ഥിയാകാനുള്ള പാര്‍ട്ടിയുടെ നിര്‍ദ്ദേശത്തെ ശിരസ്സാവഹിച്ച് രാജേട്ടന്‍ മത്സര രംഗത്തേക്കിറങ്ങി. പരാജയങ്ങള്‍ അദ്ദേഹത്തെ തളര്‍ത്തിയതേയില്ല. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ശശിതരൂരിനോട് മത്സരിച്ച് അദ്ദേഹം വിജയത്തിനടുത്തെത്തി. അതിനുശേഷമാണ് അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ അദ്ദേഹം മിന്നുന്ന പ്രകടനം കാഴ്ചവച്ചത്. ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പില്‍ നേമത്തെ സ്ഥാനാര്‍ത്ഥിയെക്കുറിച്ച് ബിജെപി ചിന്തിച്ചപ്പോള്‍ രാജഗോപാലിനെയല്ലാതെ മറ്റൊരാളെക്കുറിച്ച് ചിന്തിക്കാനായില്ല. നേമത്തെ ജനങ്ങളും അതാഗ്രഹിക്കുന്നുണ്ടായിരുന്നു. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിലെ ശിവന്‍കുട്ടിയോട് നിസ്സാരവോട്ടിനാണ് അദ്ദേഹം പരാജയപ്പെട്ടത്. ഇത്തവണ മത്സരിക്കാന്‍ പാര്‍ട്ടി നിര്‍ദ്ദേശിച്ചപ്പോള്‍ രാജഗോപാല്‍ മടിച്ചു. പരാജയഭീതിയായിരുന്നില്ല കാരണം, തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ താന്‍ സജീവമായി ഉണ്ടായിരിക്കുമെന്ന ഉറപ്പ് അദ്ദേഹം നല്‍കി. പുതിയ ആളുകള്‍ മത്സരിക്കട്ടെ എന്നായിരുന്നു രാജേട്ടന്റെ അഭിപ്രായം. എന്നാല്‍ പാര്‍ട്ടിയും നേമത്തെ പ്രവര്‍ത്തകരും രാജഗോപാലല്ലാതെ മറ്റൊരാള്‍ വേണ്ടെന്നുറച്ചു. പാര്‍ട്ടിയുടെ നിര്‍ദ്ദേശം എന്നും അനുസരിച്ചിട്ടുള്ള അദ്ദേഹം ഒടുവില്‍ സമ്മതിച്ചു. അത് ചരിത്രത്തിലേക്കുള്ള ചുവടുവയ്പ്പാകുകയായിരുന്നു. കേരള നിയമസഭയില്‍ ബിജെപിയെ കാലുകുത്താന്‍ അനുവദിക്കില്ലെന്ന് വെല്ലുവിളിച്ചവര്‍ക്ക് രാജഗോപാല്‍ മറുപടി നല്‍കി. പാലക്കാട് ജില്ലയില്‍ പുതുക്കോട് പഞ്ചായത്തില്‍ ഇടത്തരം കര്‍ഷക കുടുംബത്തില്‍ 1929 സെപ്തംബര്‍ 15ന് തിരുവോണം നക്ഷത്രത്തിലാണ് രാജഗോപാലിന്റെ ജനനം. അച്ഛന്‍ ഒ. മാധവന്‍നായര്‍, അമ്മ കുഞ്ഞിക്കാവമ്മ. പാലക്കാട് വിക്‌ടോറിയ കോളേജില്‍നിന്നും ബിരുദവും ചെന്നൈ ലോ കോളേജില്‍നിന്ന് നിയമബിരുദവും എടുത്തു. 1956 മുതല്‍ 68വരെ പാലക്കാട് ജില്ലാ കോടതിയില്‍ അഭിഭാഷകനായിരുന്നു. പാലക്കാട് ചെറുകിട കര്‍ഷക സംഘടന രൂപീകരിച്ചു. അതിന്റെ പ്രസിഡന്റായി വിമോചനസമരത്തില്‍ സജീവമായി പങ്കെടുത്തു. എന്‍എസ്എസ്സ് കരയോഗം പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു. 1962-ല്‍ ഭാരതീയ ജനസംഘത്തില്‍ ചേര്‍ന്നു. 1967ല്‍ കോഴിക്കോട്ട് നടന്ന ജനസംഘം അഖിലേന്ത്യാ സമ്മേളനത്തിന്റെ സ്വാഗതസംഘം ജനറല്‍ കണ്‍വീനരായിരുന്നു. ആ സമ്മേളനത്തില്‍ ജനസംഘം അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടു. ദീനദയാല്‍ ഉപാധ്യായുടെ തത്വചിന്തകള്‍ സ്വാധീനം ചെലുത്തി. മലപ്പുറം ജില്ലാവിരുദ്ധസമരം സംഘടിപ്പിക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ചു. നിരവധി സമരങ്ങള്‍ക്ക് നേതൃത്വം നല്‍കി അറസ്റ്റുവരിച്ചു. ബംഗ്ലാദേശിനെ അംഗീകരിക്കണമെന്നാവശ്യപ്പെട്ട് ദല്‍ഹിയില്‍ സമരം നടത്തി. ശിക്ഷിക്കപ്പെട്ട് തീഹാര്‍ ജയിലിലടക്കപ്പെട്ടു. പാലക്കാട് നിരോധനാജ്ഞ ലംഘിച്ച് സമരം നടത്തിയതിന് കണ്ണൂര്‍ ജയിലിലടക്കപ്പെട്ടു. അടിയന്തരാവസ്ഥയില്‍ മിസ പ്രകാരം തടവിലാക്കപ്പെട്ടു. 1975 ജൂലായ് 10ന് അറസ്റ്റുചെയ്യപ്പെട്ട രാജഗോപാലിനെ 1977 ഫെബ്രുവരി 18നാണ് മോചിപ്പിച്ചത്. അടിയന്തരാവസ്ഥയ്ക്കുശേഷം ജനസംഘം ഉള്‍പ്പെട്ട ജനതാപാര്‍ട്ടിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായി. 1980ല്‍ ഭാരതീയ ജനതാപാര്‍ട്ടി രൂപംകൊണ്ടപ്പോള്‍ പ്രസിഡന്റായി. 1984ല്‍ അഖിലേന്ത്യാ നേതൃത്വത്തിലേക്ക് ഉയര്‍ന്നു. അഖിലേന്ത്യാ ഉപാദ്ധ്യന്‍, ജനറല്‍ സെക്രട്ടറി എന്നീ നിലകളില്‍ കേരളം, തമിഴ്‌നാട്, പോണ്ടിച്ചേരി തുടങ്ങിയ സംസ്ഥാനങ്ങളുടെ സംഘടനാ ചുമതല വഹിച്ചു. 1992ല്‍ ജൂണില്‍ മദ്ധ്യപ്രദേശില്‍നിന്നും രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1998ല്‍ വീണ്ടും രാജ്യസഭാംഗമായി. രാജ്യസഭാംഗമെന്ന നിലയില്‍ കേരളത്തിന്റെ പ്രശ്‌നങ്ങള്‍ പാര്‍ലമെന്റില്‍ ഉന്നയിച്ച് പരിഹാരം കാണുവാന്‍ കഴിഞ്ഞിട്ടുണ്ടെന്നുള്ളത് പ്രത്യേകം ശ്രദ്ധേയമാണ്. ശബരി റെയില്‍ അനുവദിച്ചത് ബിജെപി ഭരണത്തില്‍ ചെലുത്തിയ ശക്തമായ സമ്മര്‍ദ്ദത്തെതുടര്‍ന്നാണ്. കേരളത്തിന്റെ റയില്‍വേ വികസനത്തിന് ഏറ്റവും കൂടുതല്‍ തുക കഴിഞ്ഞ 50 വര്‍ഷത്തിനിടയില്‍ അനുവദിച്ചത് ഈ ബജറ്റിലാണ്. റെയില്‍പാത ഇരട്ടിപ്പിക്കല്‍ വൈദ്യുതീകരണം എന്നിവയ്ക്ക് വേണ്ടിയാണിത്. ഏതാണ്ട് 500 കോടിയോളം രൂപയാണ് കേരളത്തിന് ലഭിച്ചത്. തിരുവനന്തപുരം ഹൈക്കോടതി ബഞ്ചിനുവേണ്ടി പാര്‍ലമെന്റില്‍ ശബ്ദമുയര്‍ത്തിയപ്പോഴാണ് സംസ്ഥാന സര്‍ക്കാര്‍ തുടര്‍ന്നുവന്ന അനാസ്ഥ വെളിവാക്കപ്പെട്ടത്. രാജ്യസഭയിലെ ഉപനേതാവായിരുന്നു. രാജ്യസഭയുടെ പെറ്റീഷന്‍ കമ്മറ്റി ചെയര്‍മാന്‍ എന്നനിലയില്‍ നിരവധി വകുപ്പുകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചു. മദ്ധ്യപ്രദേശ് മലയാളി അസോസിയേഷന്‍ രക്ഷാധികാരി, ദല്‍ഹിയിലെ മാതാ അമൃതാനന്ദമയി മഠം മുഖ്യരക്ഷാധികാരി, അരവിന്ദോ കള്‍ച്ചറല്‍ സൊസൈറ്റി പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. ജന്മഭൂമി പത്രത്തില്‍ ഡയറക്ടറുമായി. 2000 ഫെബ്രുവരിയില്‍ കേന്ദ്രമന്ത്രി സഭയില്‍ അംഗമായി കേന്ദ്ര നിയമ പാര്‍ലമെന്ററികാര്യ സഹമന്ത്രിയായിട്ടായിരുന്നു ചുമതലയേറ്റത്. 2000 സെപ്തംബറില്‍ റെയില്‍വേ പാര്‍ലമെന്ററികാര്യ സഹമന്ത്രിയായി. പാലക്കാട് ഭേദപ്പെട്ട നിലയില്‍ വക്കീല്‍പണിയും അല്‍പസ്വല്‍പം പൊതുപ്രവര്‍ത്തനവുമായി കഴിഞ്ഞിരുന്ന രാജഗോപാല്‍ സ്ഥാനമാനങ്ങള്‍ കൊതിച്ചല്ല ജനസംഘത്തിലെത്തിയത്. ഭാരതത്തിന്റെ ഭാവി നിര്‍ണയിക്കാന്‍ കഴിയുന്ന ഒരാദര്‍ശത്തെ തിരിച്ചറിഞ്ഞും അതിന്റെ ഉപജ്ഞാതാവിനെ നേരിട്ടറിഞ്ഞുകൊണ്ടുമാണ്. കമ്മ്യൂണിസത്തിനും മുതലാളിത്തത്തിനുമല്ല ഇന്റഗ്രല്‍ ഹ്യുമനിസത്തിനാണ് (ഏകാത്മ മാനവവാദം) ഭാരതത്തില്‍ പ്രസക്തി എന്ന ദീനദയാല്‍ജിയുടെ കണ്ടെത്തലിനെക്കുറിച്ച് ദീനദയാല്‍ജിയില്‍നിന്നുതന്നെ കേട്ടറിഞ്ഞ് ബോധ്യപ്പെട്ടശേഷമാണ് രാജേട്ടന്‍ രാഷ്ട്രീയപ്രവര്‍ത്തനത്തിന് ജനസംഘത്തിന്റെ പാത തെരഞ്ഞെടുത്തത്. ആദര്‍ശനിഷ്ഠ മുറുകെപിടിച്ച് മുന്നേറാന്‍ കഴിഞ്ഞതും ദീനദയാല്‍ജി സൃഷ്ടിച്ച അടിത്തറകൊണ്ടാണ്. അതാകട്ടെ കേരളത്തിലെ ജനസംഘത്തിന്റെയും തുടര്‍ന്ന് ബിജെപിയുടെയും അര്‍പ്പണബോധമുള്ള നേതാക്കളെയും പ്രവര്‍ത്തകരെയും വാര്‍ത്തെടുക്കാന്‍ രാജേട്ടന് നിഷ്പ്രയാസം വഴിയൊരുക്കി. കേരളരാഷ്ട്രീയത്തില്‍ അതിവേഗം മാഞ്ഞുമറഞ്ഞുകൊണ്ടിരിക്കുയാണ് ആദര്‍ശരാഷ്ട്രീയം. അവസരവാദ രാഷ്ട്രീയം ആ വിടവ് നികത്താന്‍ മത്സരിച്ച് മുന്നോട്ടുനീങ്ങുന്നു. അതിനൊരപവാദമാണ് രാജേട്ടന്റെ നേതൃത്വവും ഭാരതീയ ജനതാപാര്‍ട്ടിയും. ആദര്‍ശത്തിന്റെ ആള്‍രൂപമായ രാജഗോപാലിന്റെ നേതൃത്വഗുണവും ഭരണനിപുണതയും ഇനി നിയമസഭയിലും ദൃശ്യമാകും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.