പ്ലസ് വന്നു; ഇനി...

Thursday 19 May 2016 9:57 pm IST

തെരഞ്ഞെടുപ്പിന് എന്‍ഡിഎ ഒരുങ്ങുമ്പോള്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനോട് മാധ്യമങ്ങളുടെ ചോദ്യം, ''ബിജെപി അക്കൗണ്ട് തുറക്കുമോ?'' വര്‍ഷങ്ങളായി ഈ ചോദ്യം അന്തരീക്ഷത്തിലുണ്ട്. തുറക്കും എന്ന മറുപടിക്ക് ഫലപ്രഖ്യാപനംവരെ മാത്രമേ ആയുസ്സുണ്ടായിരുന്നുള്ളു. എന്നാല്‍ ഇക്കുറി കുമ്മനം രാജശേഖരന്‍ ഒട്ടും സംശയമില്ലാതെ പറഞ്ഞു, ''ഇക്കുറി ലക്ഷ്യം 71+1 എന്നതാണ്'' ഉത്തരം കേട്ട് തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ മുഖാമുഖത്തില്‍ പങ്കെടുക്കുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്ക് പരിഹാസ ചിരിയായിരുന്നു. 71+1 എന്നാല്‍ ഭരണം പിടിക്കുക. ഒരു സീറ്റില്‍പോലും ജയിക്കാനാകാത്ത ബിജെപിയുടേത് അതിമോഹമെന്ന് സകലരും വിലയിരുത്തി. എന്നാല്‍ ബിജെപി പ്രവര്‍ത്തകരുടെ ആത്മവിശ്വാസം ഉച്ചസ്ഥായിയിലാക്കാന്‍ കുമ്മനത്തിന്റെ പ്രഖ്യാപനം ഏറെ സഹായിച്ചു. ശരിക്കുപറഞ്ഞാല്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നശേഷമാണ് ബിഡിജെഎസ്എന്ന സംഘടന പിറവിയെടുക്കുന്നത്. വ്യക്തമായ സംഘടനാരൂപവും പ്രവര്‍ത്തകനിരയും അടിത്തട്ടുവരെ കെട്ടിപ്പടുക്കാന്‍ കഴിയും മുമ്പാണ് തെരഞ്ഞെടുപ്പിനെ നേരിടേണ്ടിവന്നത്. എന്നിട്ടും പക്വതയും പാകതയും വന്നതുപോലെ സഖ്യത്തിന്റെ ചിട്ടവട്ടങ്ങള്‍ പാലിച്ച് ശക്തമായ മത്സരത്തിന് സ്ഥാനാര്‍ത്ഥികളെ ഒരുക്കി. ഇരുമുന്നണികളുടെയും നെഞ്ചിടിപ്പ് വര്‍ധിപ്പിച്ച സാന്നിധ്യവും ശക്തമാക്കി. പ്രതീക്ഷിച്ചതുപോലെ തന്നെ ഗണ്യമായനിലയില്‍ വോട്ട് സംഭരിക്കാനും സാധിച്ചു. ബിജെപിക്ക് ബിഡിജെഎസിനെക്കൊണ്ട് നേട്ടമൊന്നും ഉണ്ടാക്കാനായില്ലെന്ന് മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത് ബിഡിജെഎസിനെ ഞെക്കിക്കൊല്ലാനാണെന്ന് വ്യക്തമാണ്. അത് ബിജെപിക്കും ബിഡിജെഎസിനും ബോധ്യവുമാണ്. ശ്രീനാരായണീയര്‍ക്ക് എങ്ങനെ ബിജെപി പാളയത്തിലെത്താന്‍ കഴിയും? ശ്രീനാരായണ ഗുരുവിന്റെ ആശയം പേറുന്നവര്‍ക്ക് എങ്ങനെ ബിജെപിയോടൊപ്പം നീങ്ങാന്‍ സാധിക്കുമെന്നൊക്കെ ചില വിരുതന്മാര്‍ ചോദ്യമുന്നയിച്ച് അങ്കലാപ്പ് സൃഷ്ടിക്കാന്‍ നോക്കി. അതിലൊന്നും തലവച്ചുകൊടുക്കാന്‍ ബിഡിജെഎസ് തയ്യാറായില്ലെന്നത് ശ്രദ്ധേയമാണ്. ബിഡിജെഎസ് എസ്എന്‍ഡിപി യോഗത്തിന്റെ വെറുമൊരു പോഷകസംഘടനയല്ല. നിരവധി സാമുദായിക സംഘടനകള്‍ ഉള്‍പ്പെട്ടതാണ് ബിഡിജെഎസ്. മാത്രമല്ല, എസ്എന്‍ഡിപി യോഗത്തിലുള്ള മറ്റ് രാഷ്ട്രീയ പാര്‍ട്ടിയോടൊട്ടിനില്‍ക്കുന്നവരെല്ലാം ബിഡിജെഎസില്‍ എത്തണമെന്ന് വെള്ളാപ്പള്ളി നടേശനോ തുഷാര്‍ വെള്ളാപ്പള്ളിയോ ആവശ്യപ്പെട്ടില്ലെന്ന് മാത്രമല്ല, നില്‍ക്കുന്നിടത്തുനിന്നാല്‍ മതിയെന്നും നിര്‍ദ്ദേശിച്ചതുമാണ്. വസ്തുത ഇതെല്ലാമായിരിക്കെ ബിഡിജെഎസ് ഒന്നുമല്ലെന്ന് പ്രചരിപ്പിക്കുന്നത് ''വെടക്കാക്കി തനിക്കാക്കാനുള്ള'' ലക്ഷ്യത്തോടെയാണ്. ശ്രീനാരായണീയര്‍ക്ക് ചേര്‍ന്നുനില്‍ക്കാനുള്ള സംഘടന സംഘപരിവാറാണെന്ന് കേരളം തിരിച്ചറിയുകയാണ്. ശ്രീനാരായണഗുരുവിന്റെ ഉദ്‌ബോധനങ്ങളും രചനകളും ആദ്ധ്യാത്മിക മാര്‍ഗവും അപ്പടി അംഗീകരിക്കുന്നത് സംഘ സംഘടനകളാണ്. ഭാരതീയ ജനതാപാര്‍ട്ടിയുടെ പൂര്‍വ്വരൂപമായ ഭാരതീയ ജനസംഘത്തിന്റെ അഖിലേന്ത്യാ സമ്മേളനം 1967ല്‍ ആദ്യമായി കോഴിക്കോട് നടന്നപ്പോള്‍ നഗറിന് ഗുരുദേവന്റെ പേരാണ് നല്‍കിയിരുന്നത്. ജനസംഘം ഒരു ഉത്തരേന്ത്യന്‍ സവര്‍ണപാര്‍ട്ടി എന്ന് ആക്ഷേപിക്കപ്പെടുമ്പോഴാണത്. ഗുരുദേവനെ എല്ലാ ദിവസവും പ്രാര്‍ത്ഥനയോടെ സ്മരിക്കുന്ന ഏക പ്രസ്ഥാനമാണ് ആര്‍എസ്എസ്. ആത്മദശകം ഗീതമായി ചൊല്ലുന്ന പതിവ് മറ്റേതെങ്കിലും സംഘടനയ്ക്കുണ്ടോ? 'മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി' എന്ന തത്വമാണ് സംഘപ്രസ്ഥാനങ്ങള്‍ക്കുമുള്ളത്. മതംമാറ്റത്തിനെതിരായ ആശയ പ്രചരണമാണത് എന്നത് സുവ്യക്തമാണല്ലോ. ഗുരുദേവനെ കുരിശില്‍ തറച്ച് പ്രച്ഛന്നവേഷം കെട്ടുന്നവര്‍ക്ക് ഗുരുദേവനോട് ആദരവുണ്ടോ? ഗുരുദേവന്‍ അരുവിപ്പുറത്ത് പ്രതിഷ്ഠ നടത്തിയതിന്റെ നൂറാം വാര്‍ഷികാഘോഷത്തിന് ക്ഷണിച്ചിട്ടുപോകാതിരുന്ന സിപിഎം നേതാവ് ഇഎംഎസ് നമ്പൂതിരിപ്പാട് പാര്‍ട്ടി പത്രത്തില്‍ ലേഖനമെഴുതി അവഹേളിച്ചത് വിസ്മരിക്കാന്‍ കഴിയുമോ? ശ്രീനാരായണീയ പ്രസ്ഥാനങ്ങളും ബിജെപിയും ഇഴപിരിയാത്ത ബന്ധം ഊട്ടിഉറപ്പിക്കുമ്പോള്‍ അതിനെതിരായ വികാരം തിരിച്ചറിയാന്‍ അധികമൊന്നും അദ്ധ്വാനിക്കേണ്ടതില്ല. ബിജെപി നേരത്തെ കാസര്‍കോഡ്, തിരുവനന്തപുരം ജില്ലകളിലാണ് 40,000 ത്തില്‍ കൂടുതല്‍ വോട്ട് നേടിയതെങ്കില്‍ ആ ചരിത്രം ഇപ്പോള്‍ തിരുത്തിക്കുറിച്ചത് ബിഡിജെഎസ് കൂടി അദ്ധ്വാനിച്ചതുകൊണ്ടുതന്നെയാണ്. ശക്തമായ ആ സഖ്യം തന്നെയാണ് ഇനി പ്ലസിനൊപ്പം 71 കൂടി കൂട്ടിച്ചേര്‍ക്കാന്‍ പോകുന്നത്. ശുഭകരമായ ഒരു ഭാവി കെട്ടുറപ്പാക്കും. ഇടത്-വലത് മുന്നണികളിലായി അനാഥപ്പെട്ട പാര്‍ട്ടികളെ പോലെയാകില്ല ബിജെപിയുടെയും സഖ്യകക്ഷികളുടെയും അവസ്ഥ. ഒറ്റമനസായി ഒറ്റക്കെട്ടായി ലക്ഷ്യത്തിലേക്ക് മുന്നേറുമ്പോള്‍ മുന്നണികളുടെ മട്ടുകള്‍ മാറും. ബംഗാള്‍ മോഡല്‍ കേരളത്തിലും ആവര്‍ത്തിക്കപ്പെടും. ബംഗാളിലെ അവസ്ഥ തന്നെ ഇവിടെയും അവര്‍ക്ക് സംഭവിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.