ആസ്സാമും കാവിയണിഞ്ഞു

Thursday 19 May 2016 10:04 pm IST

കേന്ദ്രഭരണത്തിന് നേതൃത്വം കൊടുക്കുന്ന ബിജെപി വന്‍ഭൂരിപക്ഷത്തോടെ അധികാരത്തില്‍ വന്നതോടെ രാജ്യത്തിന്റെ വടക്കുകിഴക്കന്‍ ഭാഗത്തെ സപ്തസഹോദരിമാരില്‍പ്പെടുന്ന ആസാമും കാവിയണിഞ്ഞു. ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ വന്‍ഭൂരിപക്ഷമാണ് സംസ്ഥാനത്ത് നേടിയിരിക്കുന്നത്. ഘടകകക്ഷികളായ എജിപി, ബിപിഎഫ് എന്നിവയും നേട്ടമുണ്ടാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി അധ്യക്ഷന്‍ അമിത്ഷായും ചേര്‍ന്ന് രൂപംനല്‍കിയ തന്ത്രങ്ങളാണ് ആസാമില്‍ ബിജെപിയെ അഭിമാനകരമായ വിജയത്തിലേക്ക് നയിച്ചതെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്. അതിശക്തമായ പ്രക്ഷോഭത്തിലൂടെ ആസാമിന്റെ മണ്ണില്‍ ആഴത്തില്‍ വേരോട്ടമുണ്ടാക്കാന്‍ കഴിഞ്ഞിട്ടുള്ള ആസാം ഗണപരിഷത്തുമായി (എജിപി) ബിജെപിക്ക് സഖ്യമുണ്ടാക്കാന്‍ കഴിഞ്ഞതുതന്നെയാണ് നിയമസഭാ തെരഞ്ഞെടുപ്പിലെ മുന്നേറ്റത്തിന് വഴിയൊരുക്കിയ പ്രധാന ഘടകം. 2009 ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും ഇരുപാര്‍ട്ടികള്‍ തമ്മില്‍ സഖ്യത്തിലായിരുന്നത് ഇപ്പോഴത്തെ കൂട്ടുകെട്ടുണ്ടാക്കാന്‍ സഹായകമായി. ബിപിഎഫ് എന്ന ബോഡോലാന്റ് പീപ്പിള്‍സ് ഫ്രണ്ടുമായും സഖ്യമുണ്ടാക്കാന്‍ കഴിഞ്ഞതാണ് ബിജെപിയുടെ നേട്ടത്തിനിടയാക്കിയ മറ്റൊരു ഘടകം. ഈ പുതിയ സഖ്യകക്ഷിയുമായി ചേര്‍ന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കംകുറിച്ചത്. കൊക്രജാറിലും സമീപപ്രദേശങ്ങളിലും ശക്തമായ സ്വാധീനമുള്ള പാര്‍ട്ടിയാണ് ബിപിഎഫ്. 2003 ലാണ് ബിപിഎഫ് രൂപംകൊണ്ടത്. അന്നുമുതല്‍ ബോഡോലാന്റ് ടെറിട്ടോറിയല്‍ കൗണ്‍സില്‍ ഭരിക്കുന്നത് പാര്‍ട്ടിയാണ്. ബിപിഎഫുമായി സഖ്യത്തിലായതോടെ ബിജെപിയുടെ സാധ്യത വന്‍തോതില്‍ വര്‍ധിക്കുകയുണ്ടായി. മുഖ്യമന്ത്രിസ്ഥാനാര്‍ത്ഥിയായി കേന്ദ്രമന്ത്രി സര്‍ബാനന്ദ സോനോവാളിനെ ഉയര്‍ത്തിക്കാട്ടാന്‍ കഴിഞ്ഞതും ബിജെപിയെ വിജയത്തിലേക്ക് നയിച്ച ഘടകമായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങുംമുമ്പുതന്നെ മത്‌സരം താനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലാണെന്ന് മുഖ്യമന്ത്രി തരുണ്‍ ഗോഗോയ് പ്രഖ്യാപിക്കുകയുണ്ടായി. എന്‍ഡിഎ സഖ്യം മുഖ്യമന്ത്രിസ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുന്നത് തടയുകയായിരുന്നു ഇതിന്റെ ലക്ഷ്യം. ഈ തന്ത്രത്തില്‍ കുടുങ്ങാതെ സര്‍ബാനന്ദ സോനോവാളിനെ മുന്നില്‍ നിര്‍ത്തിയതോടെ തരുണ്‍ ഗോഗോയിയുടെ സ്വപ്‌നങ്ങള്‍ പൊലിയുകയായിരുന്നു. പ്രചാരണവിഷയങ്ങള്‍ തെരഞ്ഞെടുക്കുന്നതിലും ബിജെപി ശ്രദ്ധകാണിച്ചു. രാഷ്ട്രീയ എതിരാളികള്‍ക്ക് ദുരുപയോഗിക്കാന്‍ കഴിയുന്ന വിധത്തില്‍ വൈകാരികപ്രശ്‌നങ്ങള്‍ എടുത്തിടാതെ പ്രാദേശികവിഷയങ്ങളിലും വികസനത്തിലും ഊന്നി പ്രചാരണം നടത്താന്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ സംസ്ഥാനത്തെ പാര്‍ട്ടി നേതൃത്വത്തിന് പ്രത്യേക നിര്‍ദ്ദേശം നല്‍കി. പ്രചാരണത്തിനെത്തിയ നരേന്ദ്ര മോദിയും വികസന വിഷയങ്ങള്‍ക്കാണ് ഊന്നല്‍ നല്‍കിയത്. 2014 ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ആസാമില്‍ ബിജെപി വന്‍വിജയം നേടിയിരുന്നു. മോദി തരംഗത്തിലേറി 14 ല്‍ ഏഴ് സീറ്റും ബിജെപി നേടുകയുണ്ടായി. നിയമസഭാ തെരഞ്ഞെടുപ്പിലും ഒരര്‍ത്ഥത്തില്‍ മോദിതരംഗം ആവര്‍ത്തിച്ചിരിക്കുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.