കോണ്‍ഗ്രസ്സിനെ വിഴുങ്ങി ലീഗ്

Thursday 19 May 2016 10:09 pm IST

തെരഞ്ഞെടുപ്പ് ഫലം നല്‍കുന്ന വ്യക്തമായ സൂചനയുണ്ട്. ദേശീയ കക്ഷിയായ കോണ്‍ഗ്രസ് അമ്പരപ്പിക്കും വിധം ക്ഷയിക്കുന്നു എന്നതാണത്. വര്‍ഗീയ താല്‍പ്പര്യം പുലര്‍ത്തുന്ന സംസ്ഥാന കക്ഷിയായ മുസ്ലിംലീഗിനു മുന്നില്‍ നിരന്തരം മുട്ടുമടക്കിയാണ് കോണ്‍ഗ്രസ് ഈ പതനത്തിലേക്കെത്തിയത്. 2011 ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 38 സീറ്റ് നേടിയപ്പോള്‍ ഇപ്പോള്‍ സ്വന്തമാക്കിയത് 22 മാത്രം. ലീഗിനാകട്ടെ വലിയ നഷ്ടമില്ല. 2011 ലെ തെരഞ്ഞെടുപ്പില്‍ 20 സീറ്റ് നേടിയ ആ കക്ഷിക്ക് ഇപ്പോള്‍ രണ്ടെണ്ണം കുറഞ്ഞ് 18 ആയെന്ന് മാത്രം. ഒരു മുന്നണിയിലും മാതൃ കക്ഷി ഇവ്വിധം ക്ഷയിക്കാറില്ല. എല്‍ഡിഎഎഫില്‍ മുഖ്യ കകഷിയായ സിപിഎം 2011 ല്‍ 45 സീറ്റ് നേടി. സിപിഐ 13 ഉം. ഈ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന് 58ഉം സിപിഐക്ക് 19 ഉം സീറ്റാണ് ലഭിച്ചത്. രണ്ടാം കക്ഷിയുടെ വളര്‍ച്ചയില്‍ പ്രധാന പാര്‍ട്ടിക്ക് ക്ഷീണം തട്ടിയില്ലെന്ന് വ്യക്തം. കോണ്‍ഗ്രസ് തകര്‍ച്ച ചോദിച്ചുവാങ്ങിയതാണ്. അഴിമതി കൊടികുത്തി വാണ ഭരണത്തിന് ജനം നല്‍കിയ തിരിച്ചടി. ലീഗിന്റെ വര്‍ഗീയ അജണ്ടയടക്കമുള്ള എല്ലാ ആവശ്യങ്ങളും നിറവേറ്റി പഞ്ചപുച്ഛമടക്കി നില്‍ക്കുകയായിരുന്നു കോണ്‍ഗ്രസ്. ഭരണവിരുദ്ധ വികാരം ആളിക്കത്തിച്ചതില്‍ മുഖ്യപങ്ക് വഹിച്ചത് മുസ്ലിം ലീഗാണ്. ലീഗിന്റെ മന്ത്രിമാര്‍ കയ്യാളിയ വകുപ്പില്‍ അഴിമതി അരങ്ങുവാഴുകയായിരുന്നു. മറ്റു വകുപ്പുകളിലും ഭീഷണിപ്പെടുത്തി ലീഗ് നേതാക്കള്‍ കാര്യം സാധിച്ചു. മന്ത്രാലയങ്ങളിലും ഇടപെടുന്ന കേന്ദ്രങ്ങളിലുമെല്ലാം സ്വജനപക്ഷപാതം വിളംബരം ചെയ്ത ലീഗുകാര്‍ സാധാരണക്കാരന്റെ പ്രശ്‌നങ്ങളും വികാരങ്ങളും ഗൗനിച്ചതേയില്ല. നോട്ടുകെട്ടുകളുടെ കനം നോക്കി താല്‍പ്പര്യക്കാര്‍ക്ക് എന്തും ക്ഷിപ്രസാദ്ധ്യമാക്കി. സ്ഥലം മാറ്റവും നിയമനവും ആനുകൂല്യം നല്‍കലുമെല്ലാം ഇതേ മാനദണ്ഡത്തില്‍ നടത്തിയ ലീഗ് നേതാക്കള്‍ സ്വന്തം സമ്പാദ്യവും പാര്‍ട്ടിയുടെ ആസ്തിയും വര്‍ദ്ധിപ്പിച്ചു. സര്‍ക്കാര്‍ ഓഫീസുകളില്‍ പണം കൊടുക്കാതെ ഒന്നും നടക്കില്ലെന്ന സ്ഥിതിയുണ്ടാക്കിയത് ഭരണവിരുദ്ധ വികാരം ശക്തമാക്കി. ഇതൊന്നും പ്രതിരോധിക്കാനാകാത്ത നിലയിലായിരുന്നു മുഖ്യമന്ത്രി. മാത്രമല്ല സ്വയം അഴിമതിയില്‍ പൂണ്ട് കോണ്‍ഗ്രസ്സും ജനവിരുദ്ധ വികാരം ക്ഷണിച്ചു വരുത്തി. ഇതിനെല്ലാം മുസ്ലിം ലീഗിനും കോണ്‍ഗ്രസ്സിനുമുള്ള മറുപടിയായിരുന്നു ഈ തെരഞ്ഞെടുപ്പ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.