കോണ്‍ഗ്രസ് മുക്ത ഭാരതത്തിലേക്ക് രണ്ട് ചുവടുകൂടി

Thursday 19 May 2016 10:15 pm IST

അഞ്ച് നിയമസഭാ തെരഞ്ഞെടുപ്പുകളുടെ ഫലം പുറത്തുവന്നതോടെ 'കോണ്‍ഗ്രസ്മുക്ത ഭാരതം' എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷ്യത്തിലേക്ക് രണ്ട് ചുവടുകൂടി. ആസാമിലെ ജനത ബിജെപിയെ ഭരണമേല്‍പ്പിച്ചതോടെ പതിനഞ്ച് വര്‍ഷമായി അധികാരത്തില്‍ തുടരുന്ന കോണ്‍ഗ്രസ് ഈ വടക്കു കിഴക്കന്‍ സംസ്ഥാനത്ത് ഭരണത്തിന് പുറത്തായിരിക്കുകയാണ്. കേരളത്തില്‍ അധികാരം നഷ്ടമായതിനുപരി കനത്ത പരാജയമാണ് കോണ്‍ഗ്രസിന് ഏറ്റിരിക്കുന്നത്. കേരളത്തിലും ആസാമിലും അധികാരം നഷ്ടമായതോടെ കര്‍ണാടകയും ഹിമാചലും ഉത്തരാഖണ്ഡും മാത്രമാണ് കോണ്‍ഗ്രസ് ഭരണമുള്ള പ്രമുഖ സംസ്ഥാനങ്ങള്‍. ഇതിനുപുറമെ മണിപ്പൂര്‍, മേഘാലയ, മിസോറാം, പോണ്ടിച്ചേരി എന്നിവിടങ്ങളില്‍ മാത്രമാണ് കോണ്‍ഗ്രസ് ഭരണമുള്ളത്. ഇതാകട്ടെ ദേശീയ രാഷ്ട്രീയത്തില്‍ വലിയ പ്രഭാവമൊന്നും ചെലുത്താനാവാത്ത ചെറിയ സംസ്ഥാനങ്ങളുമാണ്. ഡിഎംകെയുമായി സഖ്യമുണ്ടാക്കിയ തമിഴ്‌നാട്ടിലും പശ്ചിമബംഗാളിലും പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാനും കോണ്‍ഗ്രസിന് കഴിഞ്ഞിട്ടില്ല. എന്നാല്‍ ബംഗാളില്‍ സിപിഎമ്മിനെക്കാള്‍ സീറ്റ് നേടാന്‍ കഴിഞ്ഞുവെന്ന് കോണ്‍ഗ്രസിന് ആശ്വസിക്കാം. ആസാമില്‍ ഉജ്വലവിജയം നേടാനായതോടെ കോണ്‍ഗ്രസ് മുക്ത ഭാരതത്തിലേക്ക് ബിജെപി മഹത്തായ ഒരു ചുവടുകൂടി വച്ചിരിക്കുകയാണ്. ഇതോടെ ജമ്മുകശ്മീര്‍ മുതല്‍ ആസാംവരെ രാഷ്ട്രീയം കാവിയണിഞ്ഞിരിക്കുന്നുവെന്ന പ്രത്യേകതയുണ്ട്. കശ്മീര്‍ ഭരിക്കുന്നത് ബിജെപി-പിഡിപി സഖ്യസര്‍ക്കാരാണ്. കോണ്‍ഗ്രസിന് വലിയ പ്രതീക്ഷയുള്ള സംസ്ഥാനമാണ് കേരളമെന്ന് നിയമസഭാ തെരഞ്ഞെടുപ്പിന് വളരെ മുമ്പുതന്നെ പാര്‍ട്ടി അധ്യക്ഷ സോണിയ പ്രഖ്യാപിക്കുകയുണ്ടായി. ഇതനുസരിച്ച് ഒന്നിലധികം തവണ കേരളത്തിലെത്തി സോണിയ പ്രചാരണത്തെ നയിക്കുകയും ചെയ്തു. എന്നാല്‍ ഇതൊക്കെ ഗുണംചെയ്തില്ലെന്നാണ് നിയമസഭാ തെരഞ്ഞെടുപ്പ്ഫലം കാണിക്കുന്നത്. ചരിത്രത്തിലെ കനത്ത തോല്‍വികളിലൊന്നാണ് കോണ്‍ഗ്രസിന് കേരളത്തിലേറ്റിരിക്കുന്നത്. പരാജയകാരണം വിശദീകരിക്കാന്‍ സോണിയയും പാര്‍ട്ടി ഉപാധ്യക്ഷന്‍ രാഹുലിനും വല്ലാതെ പ്രയാസപ്പെടേണ്ടിവരും. ആസാമില്‍ക്കൂടി അധികാരത്തിലേറുന്നതോടെ രാജ്യത്തെ ഒന്‍പത് പ്രമുഖ സംസ്ഥാനങ്ങളില്‍ ബിജെപി മുഖ്യമന്ത്രിമാരാവും. ആസാം, ഛത്തീസ്ഗഢ്, ഗോവ, ഗുജറാത്ത്, ഹരിയാന, ഝാര്‍ഖണ്ഡ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, രാജസ്ഥാന്‍ എന്നിവയാണ് ബിജെപി മുഖ്യമന്ത്രിമാര്‍ ഭരിക്കുന്ന സംസ്ഥാനങ്ങള്‍. ഇതുള്‍പ്പെടെ പതിനഞ്ച് സംസ്ഥാനങ്ങളില്‍ സഖ്യകക്ഷികളുമായി ചേര്‍ന്ന് ബിജെപി ഭരിക്കുന്നു. കേരളമുള്‍പ്പെടെ ഇരുപതിലേറെ സംസ്ഥാന നിയമസഭകളില്‍ ബിജെപിക്ക് പ്രാതിനിധ്യവുമുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.