മമതയുടെ ബംഗാളില്‍ ഇടതിന് മുഖം നഷ്ടമായി

Thursday 19 May 2016 10:17 pm IST

പശ്ചിമബംഗാളില്‍ മമതാ ബാനര്‍ജി ഒരിക്കല്‍ക്കൂടി അധികാരത്തിലെത്തുമ്പോള്‍ മേല്‍വിലാസം നഷ്ടമാകുന്നത് സിപിഎമ്മിന്. ബദ്ധശത്രുക്കളാണെന്ന് പറഞ്ഞുനടന്നിരുന്ന കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കി അധികാരത്തില്‍ തിരിച്ചെത്താന്‍ മോഹിച്ച സിപിഎമ്മിനും ഇടതുമുന്നണിക്കും കനത്ത പ്രഹരമാണ് ഏറ്റിരിക്കുന്നത്. 294 സീറ്റാണ് ബംഗാള്‍ നിയമസഭയിലുള്ളത്. കോണ്‍ഗ്രസ്-ഇടതു സഖ്യത്തിന് നേടാനായത് 71 സീറ്റ് മാത്രവും. ഇതില്‍തന്നെ ഇടതുപാര്‍ട്ടികള്‍ക്ക് ലഭിച്ചത് 31. കോണ്‍ഗ്രസ് 40 സീറ്റ് നേടിയപ്പോള്‍ സഖ്യം നഷ്ടക്കച്ചവടമായത് സിപിഎമ്മിന്. മമതാ ബാനര്‍ജിയുടെ വോട്ടുവിഹിതം 39 ശതമാനത്തില്‍നിന്ന് 47 ശതമാനമായി ഉയര്‍ന്നപ്പോള്‍ ഇടതുപാര്‍ട്ടികളുടേത് 28 ശതമാനത്തില്‍നിന്ന് 25 ശതമാനമായി കുറഞ്ഞു. 2011 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപാര്‍ട്ടികള്‍ക്ക് 42 സീറ്റുണ്ടായിരുന്നു. ഇത് കനത്ത പരാജയമായി വിലയിരുത്തപ്പെടുകയുണ്ടായി. എന്നാല്‍ ഈ പരാജയം ഒഴിവാക്കാന്‍ കോണ്‍ഗ്രസുമായി കൂട്ടുചേര്‍ന്നിട്ടുപോലും സീറ്റുകള്‍ കുറഞ്ഞത് മുന്നണിക്ക് നേതൃത്വം നല്‍കുന്ന സിപിഎമ്മിന്റെ മുഖം നഷ്ടമാക്കിയിരിക്കുകയാണ്. കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രമായ വടക്കന്‍ ബംഗാളില്‍ ആ പാര്‍ട്ടിയുമായുണ്ടാക്കിയ സഖ്യത്തിലൂടെ വന്‍നേട്ടമുണ്ടാക്കാമെന്നാണ് സിപിഎം മോഹിച്ചിരുന്നത്. ഇവിടുത്തെ 76 സീറ്റില്‍ 67 സീറ്റും നേടാമെന്നായിരുന്നു ഇടതുനേതാക്കളുടെ കണക്കുകൂട്ടല്‍. എന്നാല്‍ വെറും 44 സീറ്റുമാത്രമാണ് കോണ്‍ഗ്രസ്-ഇടതുസഖ്യത്തിന് നേടാനായത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.