നാലു മന്ത്രിമാര്‍ വീണു

Thursday 19 May 2016 10:28 pm IST

കൊച്ചി: ജനവിധി വന്നപ്പോള്‍ വീണവരും വാണവരുമായ പ്രമുഖര്‍ നിരവധിയാണ്. കെ.ബാബു അടക്കം നാലു മന്ത്രിമാരാണ് തോറ്റത്. മന്ത്രിമാരായ കെ ബാബു 4467 വോട്ടിനും, ഷിബു ബേബി ജോണ്‍ 6189 വോട്ടിനും പി.കെ. ജയലക്ഷ്മി 1307 വോട്ടുകള്‍ക്കും കെ.പി. മോഹനന്‍ 12291 വോട്ടിനും നിയമസഭാ സ്പീക്കര്‍ എന്‍.ശക്തന്‍ 849 വോട്ടുകള്‍ക്കുമാണ് തോറ്റത്. മുന്‍മന്ത്രി ഡൊമിനിക് പ്രസന്റേഷന്‍ 1086 വോട്ടുകള്‍ക്കാണ് തോറ്റത്. യുഡിഎഫിലെ വമ്പന്മാരായ കെ. സുധാകരന്‍ 3832 വോട്ടുകള്‍ക്കും എം.എം. ഹസന്‍ 21908 വോട്ടുകള്‍ക്കും, പത്മജാ വേണുഗോപാല്‍ 6987 വോട്ടുകള്‍ക്കും ആര്യാടന്‍ ഷൗക്കത്ത് 11504 വോട്ടുകള്‍ക്കും എ.പി. അബ്ദുള്ളക്കുട്ടി 34117വോട്ടുകള്‍ക്കും തോറ്റു. ശൂരനാട് രാജശേഖരന്‍, അഡ്വ.ശരത്ചന്ദ്ര പ്രസാദ്, കെ. അച്യുതന്‍, പി.സി. വിഷ്ണുനാഥ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍, ടി. സിദ്ദിക്ക് എന്നിവരും പരാജയമടഞ്ഞപ്പോള്‍ നിയമസഭയില്‍ മേശപ്പുറത്ത് കയറി നാണക്കേടുകാണിച്ച സിപിഎമ്മിലെ വി. ശിവന്‍കുട്ടി ഒ.രാജഗോപാലിനോട് തോറ്റു. എല്‍ഡിഎഫില്‍ നിന്ന് കഴിഞ്ഞ തെരഞ്ഞെടുപ്പിനു ശേഷം കൂറുമാറി യുഡിഎഫില്‍ എത്തിയ ആര്‍. ശെല്‍വരാജും തോറ്റു. എല്‍ഡിഎഫിലെ ജമീലാ പ്രകാശം, ഡോ. സെബാസ്റ്റിയന്‍ പോള്‍, ഡോ.ടി.എന്‍. സീമ, നികേഷ് കുമാര്‍ എന്നിവരും തോറ്റു. ഇവരില്‍ നികേഷും ഡോ. സെബാറ്റ്റിയന്‍ പോളും മാധ്യമപ്രവര്‍ത്തകര്‍ കൂടിയായിരുന്നു.11996 വോട്ടുകള്‍ക്കാണ് സെബാസ്റ്റിയന്‍ പോള്‍ തോറ്റത്. 2284 വോട്ടുകള്‍ക്കാണ് വെള്ളം പരിശോധിക്കാന്‍ കിണറ്റിലിറങ്ങി നാണം കെട്ട നികേഷ്‌കുമാര്‍ പരാജയപ്പെട്ടത്. സിപിഎമ്മിലെ കെ.കെ. ലതികയും എന്‍.എന്‍. കൃഷ്ണദാസും തോറ്റ പ്രമുഖരില്‍ പെടുന്നു. ചീഫ് വിപ്പും കേരളകോണ്‍ഗ്രസ് നേതാവുമായ തോമസ് ഉണ്ണിയാടനും തോറ്റവരില്‍ പെടുന്നു. യുഡിഎഫിനു വേണ്ടി കുന്നംകുളത്ത് മല്‍സരിച്ച സിഎംപി നേതാവ് സി.പി. ജോണും തോറ്റു. കല്‍പ്പറ്റയില്‍ ജനതാദള്‍ സ്ഥാനാര്‍ഥിയായിരുന്ന, വീരേന്ദ്രകുമാറിന്റെ മകന്‍ എം.വി. ശ്രേയാംസ്‌കുമാറും തോറ്റ പ്രമുഖരില്‍ പെടുന്നു. 18169 വോട്ടുകള്‍ക്ക് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വിജയിച്ച ശ്രേയാംസ് ഇക്കുറി 13,083 വോട്ടുകള്‍ക്കാണ് തോറ്റത്. ഇടത്-വലത് മുന്നണികളില്‍ ചാഞ്ചാട്ടം നടത്തി രണ്ട് തവണ വിജയിച്ച കല്‍പ്പറ്റ എംഎല്‍എയും ജെഡിയു നേതാവുമായ എം.വി. ശ്രേയാംസ്‌കുമാറിന് ഇത്തവണ അടിതെറ്റി. 13083 വോട്ടിന്റെ വ്യത്യാസത്തില്‍ സിപിഎം ജില്ലാ സെക്രട്ടറിയായിരുന്ന സി.കെ. ശശീന്ദ്രനാണ് അദ്ദേഹത്തെ തറപറ്റിച്ചത്. 2011ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 67018 വോട്ട് എം.വി. ശ്രേയാംസ്‌കുമാറിനും എതിരാളി സിപിഎമ്മിലെ പി.എ.മുഹമ്മദിന് 48849 വോട്ടും ലഭിച്ചിരുന്നു. 18169 വോട്ടിന്റെ ഭൂരിപഷത്തിനാണ് എം.വി. ശ്രേയാംസ്‌കുമാര്‍ അന്ന് വിജയിച്ചത്. ജില്ലയില്‍ വ്യാപകമായി നടന്ന വര്‍ഗ്ഗീയ ധ്രുവീകരണവും ന്യൂനപക്ഷങ്ങള്‍ക്കെതിരെ വന്ന മാതൃഭൂമി പ്രസ്താവനയുമാണ് എം.വി. ശ്രേയാംസ്‌കുമാറിന് വിനയായത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.