മലമ്പുഴയും പാലക്കാടും ചരിത്രം; ബിജെപി വോട്ടുകള്‍ മൂന്ന് മടങ്ങ്

Thursday 19 May 2016 10:31 pm IST

പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ നെല്ലറയുടെ നാട്ടില്‍ വന്‍ മുന്നേറ്റമുണ്ടാക്കി ബിജെപി കരുത്തു തെളിയിച്ചപ്പോള്‍ മലമ്പുഴ, പാലക്കാട് മണ്ഡലങ്ങള്‍ ചരിത്ര വിധിയെഴുതി. പാലക്കാട് മണ്ഡലത്തില്‍ ശോഭാ സുരേന്ദ്രനും മലമ്പുഴയില്‍ സി. കൃഷ്ണകുമാറും രണ്ടാംസ്ഥാനത്ത് എത്തി. പാലക്കാട് മണ്ഡലത്തില്‍ ഇടതു സ്ഥാനാര്‍ത്ഥിയും മലമ്പുഴയില്‍ യുഡിഎഫുമാണ് മൂന്നാം സ്ഥാനത്തെത്തിയത്. ശോഭാസുരേന്ദ്രന്‍ 40076 വോട്ടും കൃഷ്ണകുമാര്‍ 46157 വോട്ടും നേടി. ജില്ലയില്‍ ബിജെപി വോട്ടുകള്‍ കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് മൂന്ന് മടങ്ങ് വര്‍ധിച്ചു. പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ വിജയിച്ച മലമ്പുഴയില്‍ അദ്ദേഹത്തിനെതിരെയാണ് ബിജെപി സംസ്ഥാന സെക്രട്ടറി സി.കൃഷ്ണകുമാര്‍ 46,157 വോട്ടുകള്‍ നേടി രണ്ടാമതെത്തിയത്. ഇത് വലിയ രാഷ്ട്രീയ വിജയം കൂടിയാണ്. മൂന്നാം സ്ഥാനത്തായ കോണ്‍ഗ്രസിന്റെ വി.എസ്. ജോയിക്ക് 35333 വോട്ടുകള്‍ മാത്രമേ ലഭിച്ചുള്ളു. 2011ലെ തെരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ ജെഡിയു സ്ഥാനാര്‍ത്ഥി പി.കെ.മജീദ് പേടിക്കാടിന് 2772 വോട്ടുകള്‍ മാത്രം ലഭിച്ച സ്ഥാനത്താണ് അഞ്ച് വര്‍ഷം കൊണ്ട് 43000 ലേറെ വര്‍ധിച്ചത്. പാലക്കാട് മണ്ഡലത്തില്‍ മുന്‍ എംപിയും സിപിഎം സംസ്ഥാന സമിതി അംഗവുമായ എന്‍.എന്‍. കൃഷ്ണദാസിനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ശോഭാ സുരേന്ദ്രന്‍ 40076 വോട്ടുകളോടെ രണ്ടാം സ്ഥാനത്തെത്തിയത്. 2011ല്‍ പാലക്കാട് സി. ഉദയഭാസ്‌ക്കര്‍ നേടിയത് 22317 വോട്ടുകളായിരുന്നു. 10 മണ്ഡലങ്ങളില്‍ ബിജെപിക്ക് വന്‍ മുന്നേറ്റം നടത്തിയ ബിജെപി നാല് മണ്ഡലങ്ങളില്‍ 25000 ത്തിലേറെ വോട്ടുകള്‍ നേടി. ഷൊര്‍ണ്ണൂര്‍ മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി വി.പി. ചന്ദ്രന്‍ 28836 വോട്ടുകളും നെന്മാറ മണ്ഡലത്തില്‍ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍.ശിവരാജന്‍ 23037 വോട്ടുകളും നേടി. ഒറ്റപ്പാലത്ത് പി.വേണുഗോപാല്‍ 27605, കോങ്ങാട് രേണു സുരേഷ്, 23800 എന്നിവരാണ് മികച്ച നേട്ടം കൊയ്തത്. 2011 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലക്കാട് ജില്ലയില്‍ 98663 വോട്ടുകളായിരുന്നു ബിജെപിക്ക് ലഭിച്ചത്. ഇപ്പോഴത് 276635 ആയി വര്‍ധിച്ചു. 2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 13600 ത്തിലേറെ വോട്ടുകള്‍ ബിജെപി സ്ഥാനാര്‍ത്ഥി ശോഭാസുരേന്ദ്രന് ലഭിച്ചപ്പോള്‍ 2015 ലെ തദ്ദേശതിരഞ്ഞെടുപ്പില്‍ പാലക്കാട് നഗരസഭാ ഭരണം ഉള്‍പ്പെറെ രണ്ടുലക്ഷത്തിലേറെ വോട്ടുകളാണ് ബിജെപി നേടിയത്.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.