പ്രമുഖരെല്ലാം തോറ്റു; തകര്‍ന്നടിഞ്ഞ് എ ഗ്രൂപ്പ്

Thursday 19 May 2016 10:33 pm IST

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ വന്‍ തോല്‍വിയില്‍ നഷ്ട്ടം ഉമ്മന്‍ചാണ്ടിക്ക്. എ ഗ്രൂപ്പിലെ പ്രമുഖ നേതാക്കളെല്ലാം തോറ്റതോടെ പാര്‍ട്ടിയിലും ഉമ്മന്‍ചാണ്ടിയുടെ ശക്തി ചോര്‍ന്നു. യുഡിഎഫ് മന്ത്രിസഭയില്‍ ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്ഥനായിരുന്ന മന്ത്രി കെ. ബാബു, ഉമ്മന്‍ചാണ്ടിക്കുവേണ്ടി നിയമസഭയ്ക്കകത്തും പുറത്തും പൊരുതിയിരുന്ന ഡൊമിനിക് പ്രസന്റേഷന്‍, കെ. ശിവദാസന്‍ നായര്‍, പി.സി. വിഷ്ണു നാഥ് എന്നിവരും കുന്ദമംഗലത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ടി. സിദ്ധിക്കും വന്‍ പരാജയമേറ്റുവാങ്ങി. എ ഗ്രൂപ്പില്‍ നിന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ.സി. ജോസഫ്, ഷാഫി പറമ്പില്‍ എന്നിവരാണ് ജയിച്ച പ്രമുഖര്‍. എന്നാല്‍ ഐ ഗ്രൂപ്പിന് തെരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടിയുണ്ടായില്ല. ഐ ഗ്രൂപ്പ് വക്താവായ ജോസഫ് വാഴക്കന്‍ മാത്രമാണ് പരാജയപ്പെട്ടത്. ഉമ്മന്‍ചാണ്ടിയുടെ ചിറകറ്റതോടെ പാര്‍ട്ടിയെ ആരു നയിക്കണമെന്നതു സംബന്ധിച്ച് തര്‍ക്കം തുടങ്ങിക്കഴിഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടി കോണ്‍ഗ്രസിലെ സമവാക്യങ്ങളും മാറ്റിമറിക്കും. ഭരണത്തുടര്‍ച്ച എന്ന സ്വപ്‌നം തകര്‍ന്നതോടെ ഉമ്മന്‍ചാണ്ടിയെ ഇനി പ്രതിപക്ഷസ്ഥാനത്ത് കോണ്‍ഗ്രസ് ഇരുത്തില്ല. പതിപക്ഷസ്ഥാനത്തേക്കില്ലെന്ന് ഉമ്മന്‍ചാണ്ടി വ്യക്തമാക്കിയിട്ടുണ്ട്. ഐഗ്രൂപ്പിന്റെ നേതാവായ രമേശ് ചെന്നിത്തലയും പ്രതിപക്ഷ സ്ഥാനത്തേക്കില്ലെന്ന് പ്രതികരിച്ചിട്ടുണ്ട്. എങ്കിലും ഐ ഗ്രൂപ്പ് കോണ്‍ഗ്രസ് നിയമസഭാ കക്ഷിയില്‍ ഭൂരിപക്ഷം നേടിയത് കോണ്‍ഗ്രസിലെ ശാക്തികചേരിയും മാറ്റിമറിക്കും. നറുക്ക് രമേശിനു തന്നെ വീഴാനാണ് സാധ്യത. എന്തായാലും വരും ദിവസങ്ങളില്‍ കോണ്‍ഗ്രസില്‍ പാര്‍ട്ടിയെ ആരു നയിക്കണമെന്നു സംബന്ധിച്ച് വലിയ തര്‍ക്കവും പൊട്ടിത്തറികളുമുണ്ടാകുമെന്നുറപ്പായി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.