ജില്ലയില്‍ യുഡിഎഫിന് തിരിച്ചടി: കുറ്റിയാടി സിപിഎമ്മിനും, തിരുവമ്പാടിയും കൊടുവള്ളിയും മുസ്ലിംലീഗിനും നഷ്ടപ്പെട്ടു

Friday 20 May 2016 10:38 am IST

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ യുഡിഎഫിന് വന്‍ തിരിച്ചടി. മൂന്നു സീറ്റുകളുണ്ടായിരുന്ന യുഡി എഫ് രണ്ടിലേക്ക് ഒതുങ്ങി. കൊടുവള്ളി, തിരുവമ്പാടി എന്നീ പരമ്പരാഗത സീറ്റുകള്‍ നഷ്ടപ്പെട്ടപ്പോള്‍ സിപിഎമ്മില്‍ നിന്നു കുറ്റിയാടി തിരിച്ചുപിടിച്ചതു മാത്രമാണ് ഏക ആശ്വാസം. കോണ്‍ഗ്രസ്സിന് ഇത്തവണയും ജില്ലയില്‍ സീറ്റില്ല. ജില്ലയിലെ 13 മണ്ഡലങ്ങളില്‍ 10 എണ്ണം എല്‍ഡിഎഫും രണ്ടെണ്ണം യുഡിഎഫും നേടി. വടകര-സി.കെ. നാണു, നാദാപുരം ഇ.കെ. വിജയന്‍, കൊയിലാണ്ടി-കെ. ദാസന്‍, പേരാമ്പ്ര-ടി.പി. രാമകൃഷ്ണന്‍, ബാലുശ്ശേരി-പുരുഷന്‍ കടലുണ്ടി, എലത്തൂര്‍-എ.കെ. ശശീന്ദ്രന്‍, കോഴിക്കോട് നോര്‍ത്ത്-എ. പ്രദീപ്കുമാര്‍, ബേപ്പൂര്‍-വി.കെ.സി മമ്മദ്‌കോയ, കുന്ദമംഗലം-പി.ടി.എ റഹീം, കൊടുവള്ളി-പാറക്കല്‍ അബ്ദുള്ള, തിരുവമ്പാടി-ജോര്‍ജ് എം തോമസ് എന്നിവരാണ് വിജയിച്ച എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍. കോഴിക്കോട് സൗത്ത് -ഡോ.എം.കെ. മുനീര്‍, കുറ്റിയാടി-പാറക്കല്‍ അബ്ദുള്ള എന്നിവരാണ് വിജയിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍. എന്നാല്‍ 13 മണ്ഡലങ്ങളിലും എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ക്ക് കഴിഞ്ഞ തവണ കിട്ടിയ വോട്ടിനെക്കാള്‍ രണ്ടിരട്ടിയിലധികം വോട്ടാണ് അധികം കിട്ടിയത്. എലത്തൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എ.കെ. ശശീന്ദ്രനാണ് ജില്ലയില്‍ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷം നേടിയത്. 76,387 വോട്ടുനേടി 29057 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എ.കെ. ശശീന്ദ്രന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി പി. കിഷന്‍ചന്ദി നെ പരാജയപ്പെടുത്തിയത്. കൊടുവള്ളിയിലെ ഇടത് സ്വതന്ത്രന്‍ കാരാട്ട് റസാഖിനാണ് ഏറ്റവും കുറഞ്ഞ ഭുരിപക്ഷം. 61033 വോട്ടു നേടി 573 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കാരാട്ട് റസാഖ് യുഡിഎഫ് സ്ഥാനാര്‍ത്ഥി എ.എ. റസാഖിനെ പരാജയപ്പെടുത്തിയത്. കുറ്റിയാടിയില്‍ കെ.കെ. ലതികയെ 1157 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി പാറക്കല്‍ അബ്ദുല്ല പരാജയപ്പെടുത്തിയത്. 394 വോട്ടുമാത്രമാണ് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിനേക്കാള്‍ അധികമായി കെ.കെ. ലതികയ്ക്ക് നേടാനായത്. പേരാമ്പ്രയില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കെ. കുഞ്ഞമ്മദ് മാസ്റ്റര്‍ നേടിയ ഭൂരിപക്ഷത്തെക്കാള്‍ കുറഞ്ഞ ഭൂരിപക്ഷമാണ് ടി.പി. രാമകൃഷ്ണന് നേടാനായത്. 15269 വോട്ടിന്റെ ഭൂരിപക്ഷമാണ് കെ. കുഞ്ഞമ്മദ് മാസ്റ്റര്‍ നേടിയതെങ്കില്‍ 4101 വോട്ടിന്റെ ഭൂരിപക്ഷമാണ് ടി.പി. രാമകൃഷ്ണന് ലഭിച്ചത്. ഇ.കെ.വിജയന്റെ ഭൂരിപക്ഷം കഴിഞ്ഞ തവണത്തെക്കാള്‍ കുറഞ്ഞു. 7546 വോട്ടിന്റെ ഭൂരിപക്ഷമാണ് ഇ.കെ. വിജയന്‍ നേടിയിരുന്നതെങ്കില്‍ ഇത്തവണ അത് 4759 ആയി കുറഞ്ഞു. കോഴിക്കോട് സൗത്തില്‍ രണ്ടാമതെത്തിയ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പ്രൊഫ. എ.പി. അബ്ദുള്‍ വഹാബിന് കഴിഞ്ഞ തവണ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മുസാഫര്‍ അഹമ്മദിന് ലഭിച്ചതിനേക്കാള്‍ 2859 വോട്ടുകള്‍ കുറഞ്ഞു. പരമ്പരാഗത സീറ്റുകളായ കൊടുവള്ളിയും, തിരുവമ്പാടിയും നഷ്ടപ്പെട്ടത് ലീഗിന് കനത്ത തിരിച്ചടിയായി. കൊടുവള്ളിയിലെ ലീഗ് സ്ഥാനാര്‍ത്ഥി എം.എ. റസാഖിന് കഴിഞ്ഞ തവണ വി.എം. ഉമ്മര്‍മാസ്റ്റര്‍ നേടിയ വോട്ടിനേക്കാള്‍ 95 വോട്ടുമാത്രമാണ് കൂടുതല്‍ നേടാനായത്. എം.എ. റസാഖ് 60460 വോട്ടു നേടിയപ്പോള്‍ 61033 വോട്ടു നേടിയാണ് ഇടതു സ്വതന്ത്രനും മുന്‍ ലീഗ് നേതാവുകൂടിയായ കാരാട്ട് റസാഖ് ഇവിടെ ജയിച്ചുകയറിയത്. തിരുവമ്പാടി മണ്ഡലത്തിലെ ലീഗ് സ്ഥാനാര്‍ത്ഥി വി.എം. ഉമ്മറിനെ 3008 വോട്ടിന് പരാജയപ്പെടുത്തിയാണ് ഇടതു സ്ഥാനാര്‍ത്ഥി ജോര്‍ജ് തോമസ് വിജയിച്ചത്. 62324 വോട്ടാണ് ജോര്‍ജ് എം തേമസിന് കിട്ടിയത്. കൊയിലാണ്ടിയില്‍ രണ്ടാം സ്ഥാനത്ത് എത്തിയ യുഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍. സുബ്രഹ്മണ്യന് 57224 വോട്ടാണ് നേടാനായത്. 2011 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കൊയിലാണ്ടിയില്‍ രണ്ടാമതെത്തിയ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ. പി. അനില്‍കുമാര്‍ 60235 വോട്ട് നേടിയിരുന്നു. 3011 വോട്ടാണ് ഇവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് കുറഞ്ഞത്. ബേപ്പൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ആദം മുല്‍സി കഴിഞ്ഞ തവണ തെരഞ്ഞെടുപ്പില്‍ നേടിയത് 55234 വോട്ടായിരുന്നു. എന്നാല്‍ ഇത്തവണ അദ്ദേഹത്തിന് നേടാനായത് 54751 വോട്ടാണ്. 483 വോട്ടാണ് ഇവിടെ കുറഞ്ഞത്. കോഴിക്കോട് നോര്‍ത്തില്‍ രണ്ടാമത് എത്തിയ അഡ്വ. പി. എം. സുരേഷ്ബാബുവിന് കഴിഞ്ഞ തവണ യുഡിഎഫ് സ്ഥാനാര്‍ത്ഥി പി. വി. ഗംഗാധരന്‍ നേടിയതിനെക്കാള്‍ 11,806 വോട്ടുകള്‍ കുറഞ്ഞു. വടകരയില്‍ രണ്ടാമത് എത്തിയ ജെഡിയു സ്ഥാനാര്‍ത്ഥി മനയത്ത് ചന്ദ്രന്‍ 39700 വോട്ടാണ് നേടിയത്. എസ്‌ജെഡി അഡ്വ. എം.കെ. പ്രേംനാഥ് കഴിഞ്ഞ തവണ ഇവിടെ നേടിയത് 46065 വോട്ടായിരുന്നു. 6365 വോട്ടുകളാണിവിടെ കുറഞ്ഞത്. എലത്തൂരില്‍ കഴിഞ്ഞ തവണ രണ്ടാമത് എത്തിയ എസ്‌ജെഡി സ്ഥാനാര്‍ത്ഥി ഷെയ്ഖ് പി. ഹാരിസ് 52489 വോട്ടാണ് നേടിയിരുന്നതെങ്കില്‍ ഇത്തവണ രണ്ടാമത് എത്തിയ പി. കിഷന്‍ചന്ദിന് 47330 വോട്ടുമാത്രമാണ് നേടാനായത്. 5159 വോട്ടുകളാണ് ഇവിടെ കുറഞ്ഞത്. ജില്ലയിലെ ഒമ്പത് മണ്ഡലങ്ങളില്‍ വന്‍ വിജയം നേടുമെന്ന് പ്രഖ്യാപിച്ചിരുന്ന യുഡിഎഫ് നേതൃത്വം പരാജയത്തെ എങ്ങനെ ന്യായീകരിക്കുമെന്ന അങ്കലാപ്പിലാണ്. ജില്ലയില്‍ കഴിഞ്ഞ തവണത്തെക്കാള്‍ ഒരു സീറ്റ് അധികം നേടാനായെങ്കിലും സിറ്റിംഗ് സീറ്റായ കുറ്റിയാടി മണ്ഡലം നഷ്ടപ്പെട്ടത് സിപിഎമ്മിന് കനത്ത തിരിച്ചടിയായിരിക്കുകയാണ്. സിപിഎം ജില്ലാ സെക്രട്ടറി പി. മോഹനന്‍ മാസ്റ്ററുടെ ഭാര്യയും സിറ്റിംഗ് എംഎല്‍എയുമായ കെ.കെ. ലതികയുടെ പരാജയം പാര്‍ട്ടിക്കകത്തും ചര്‍ച്ചയായിട്ടുണ്ട്. കെ.കെ. ലതികയെ തോല്‍പ്പിക്കാന്‍ പാര്‍ട്ടിക്കകത്തു നിന്നു തന്നെ ഒരു വിഭാഗം ശ്രമിച്ചെന്നാണ് വോട്ടുകള്‍ കാണിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.