വി എസിനെ വേലിക്കകത്താക്കി പിണറായി

Friday 20 May 2016 8:05 pm IST

കൊച്ചി: അങ്ങനെ കറിവേപ്പില പോലെ ഉപയോഗിച്ചശേഷം സിപിഎം വിഎസിനെയും വലിച്ചെറിഞ്ഞു. മുഖ്യമന്ത്രി സ്ഥാനം മോഹിപ്പിച്ച് എല്ലാ ജില്ലകളിലും വീരപരിവേഷം നല്‍കി പ്രചാരണം നടത്തി വിജയം കൈവരിച്ച ശേഷം വിഎസിനെ അവഗണിക്കുകയായിരുന്നു. അവസാനം പത്രസമ്മേളനം നടത്തി 'കേരള ഫിഡല്‍ കാസ്‌ട്രോ' പട്ടം നല്‍കി യാത്രയയപ്പ് സൂചനയും നല്‍കി. മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള ഇന്നലത്തെ ചര്‍ച്ചയില്‍ വിഎസിന്റെ പേര് പരിഗണിച്ചില്ല. പാര്‍ട്ടിയുടെ നട്ടെല്ലായ ഈഴവ സമുദായം കാല്‍ച്ചുവട്ടില്‍ നിന്നൊഴുകി പോകുന്നുവന്ന ആശങ്ക വന്നതോടെയാണ് വി.എസ്. അച്യുതാനന്ദനെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ മുന്‍പില്‍ നെറ്റിപ്പട്ടം കെട്ടി നിര്‍ത്തിയത്. ബിഡിജെഎസ് രൂപീകൃതമായതും എന്‍ ഡി എ യുടെ ഘടകകക്ഷിയായതും സിപിഎമ്മിനെ പ്രതിരോധത്തിലാക്കി. ഇതോടെ വീണ്ടും വിഎസിന്റെ സഹായമില്ലാതെ രക്ഷപ്പെടില്ലെന്ന തിരിച്ചറിവാണ് വി എസിനെ പ്രചാരണത്തിന്റെ ചുക്കാന്‍ ഏല്‍പ്പിക്കാന്‍ കാരണം. ആദ്യത്തെ രണ്ട് വര്‍ഷം മുഖ്യമന്ത്രിയാക്കുമെന്ന് പ്രചരിപ്പിച്ച് വിഎസില്‍ മോഹം വളര്‍ത്തി പ്രചാരണ രംഗത്തിറക്കുകയായിരുന്നു. തുടര്‍ന്നാണ് വിഎസ് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ വ്യക്തിപരമായി ആക്ഷേപിച്ചും അവഹേളിച്ചും അണികളില്‍ ആവേശം നല്‍കി. ഒരോ യോഗങ്ങളിലും വിഎസ് പ്രസംഗിക്കേണ്ട വിഷയം തയ്യാറാക്കുന്നവര്‍ വെളളാപ്പള്ളിയെ കടന്നാക്രമിക്കുന്ന വാചകങ്ങള്‍ കൂടുതല്‍ ഉള്‍പ്പെടുത്തി. പിന്നീട് വിമര്‍ശനം ഉണ്ടായതിനെത്തുടര്‍ന്ന് വ്യക്തിഹത്യ കുറയ്ക്കുകയായിരുന്നു. പിണറായിയുമായുള്ള ഏറ്റുമുട്ടലോടെയാണ് വിഎസ് പാര്‍ട്ടിയില്‍ ചോദ്യം ചെയ്യപ്പെട്ടത്. 92 വയസ്സില്‍ എത്തിനില്‍ക്കുന്ന, പുന്നപ്ര വയലാര്‍ സമരനായകനായി അറിയപ്പെടുന്ന വിഎസ് എന്നും അണികള്‍ക്ക് പ്രിയങ്കരനായിരുന്നു. പോര് മൂത്തതോടെ കണ്ണൂര്‍ ലോബി ഒന്നടങ്കം വിഎസിനെതിരെ തിരിഞ്ഞു. ഇതോടെ മനസ്സില്‍ പക സുക്ഷിക്കുന്ന വിഎസ് സ്വന്തം നേതാക്കളുടെ അഴിമതിക്കെതിരെ തിരിഞ്ഞു. ലാവ്‌ലിന്‍ കേസിന്റെ പേരില്‍ പിണറായിക്ക് മന്ത്രിസ്ഥാനം രാജിവെച്ച് പാര്‍ട്ടി സെക്രട്ടറിയായി തുടരേണ്ടി വന്നതോടെ പോര് രൂക്ഷമായി. 2006 ലെ തെരഞ്ഞെടുപ്പില്‍ വിഎസിനെ മത്സരിപ്പിക്കാതിരിക്കാന്‍ പിണറായി പക്ഷം നടത്തിയ ശ്രമം വ്യാപക പ്രതിഷേധത്തെ തുടര്‍ന്ന് മാറ്റുകയായിരുന്നു. ഇതിന്റെ തനിയാവര്‍ത്തനം 2011 ലും ഉണ്ടായി. പൊളിറ്റ് ബ്യൂറോയുടെ ഇടപെടലിനെ തടര്‍ന്നാണ് തീരുമാനം മാറ്റിയത്. എന്നും സ്വന്തം കാര്യത്തിന് മാത്രം മുന്‍തൂക്കം നല്‍കുന്ന സ്വാര്‍ത്ഥനായ നേതാവാണ് വിഎസ് എന്നാണ് പിണറായി പക്ഷം ഉദാഹരണസഹിതം വാദിക്കുന്നത്. എന്തായാലും കഴിഞ്ഞ പത്ത് വര്‍ഷമായി വിഎസിനെ ഒതുക്കാന്‍ പിണറായി നടത്തുന്ന ശ്രമത്തിന് ഇപ്പോഴാണ് ഫലം കണ്ടത്. വിഎസിനെ വേലിക്കകത്താക്കിയ സന്തോഷത്തിലാണ് കണ്ണൂര്‍ ലോബി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.