നീറ്റ് ഇക്കൊല്ലം ഇല്ല: കേന്ദ്രം ഓര്‍ഡിനന്‍സ് ഇറക്കി

Friday 20 May 2016 8:26 pm IST

ന്യൂദല്‍ഹി: രാജ്യത്തെ മെഡിക്കല്‍- ദന്തല്‍ പ്രവേശനത്തിന് നീറ്റ് പരീക്ഷ നിര്‍ബന്ധമാക്കിയ സുപ്രീംകോടതി വിധി മറികടക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നു. കേരളമടക്കമുള്ള വിവിധ സംസ്ഥാനങ്ങളിലെ പ്രവേശന പരീക്ഷകള്‍ക്ക് ഇത്തവണ അംഗീകാരം ലഭിക്കുന്നതിന് കേന്ദ്രനടപടി സഹായിക്കും. ഓര്‍ഡിനന്‍സിന് കേന്ദ്രമന്ത്രിസഭായോഗം അംഗീകാരം നല്‍കി. തല്‍ക്കാലത്തേക്ക് മാത്രമാണ് കേന്ദ്രസര്‍ക്കാര്‍ നടപടി. വിവിധ സംസ്ഥാനങ്ങള്‍ പ്രവേശന പരീക്ഷകള്‍ നടത്തി നടപടിക്രമങ്ങളുമായി മുന്നോട്ടുപോകുന്നത് കണക്കിലെടുത്താണിത്. വിദ്യാര്‍ത്ഥികള്‍ക്ക് ആശങ്ക നിലനില്‍ക്കുന്ന സാഹചര്യം ഒഴിവാക്കാനും ഓര്‍ഡിനന്‍സ് സഹായിക്കും. അടുത്ത വര്‍ഷം മുതല്‍ നീറ്റ് നിര്‍ബന്ധമാക്കണമെന്ന നിലപാടാണ് കേന്ദ്രസര്‍ക്കാരിനുമുള്ളത്. കഴിഞ്ഞ ദിവസം സംസ്ഥാന വിദ്യാഭ്യാസ മന്ത്രിമാരുടെ യോഗം വിളിച്ചു ചേര്‍ത്ത് കേന്ദ്രം അഭിപ്രായം തേടിയിരുന്നു. ഇതിന്റെകൂടി അടിസ്ഥാനത്തിലാണ് നീറ്റിനെതിരെ ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്. മെഡിക്കല്‍ പ്രവേശനത്തിന് ഏകീകൃത പരീക്ഷയാണ് വേണ്ടതെന്ന കേന്ദ്രസര്‍ക്കാര്‍ നിലപാട് കണക്കിലെടുത്താണ് സുപ്രീംകോടതി നീറ്റ് നിര്‍ബന്ധമാക്കിയത്. എന്നാല്‍ വിവിധ സംസ്ഥാനങ്ങള്‍ ഇതിനെതിരെ കോടതിയെ സമീപിച്ചു. ചില വിട്ടുവീഴ്ചകള്‍ക്ക് കോടതിയും സജ്ജമായതോടെയാണ് ഓര്‍ഡിനന്‍സ് ഇറക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായത്. നീറ്റ് പരീക്ഷയുടെ ആദ്യഘട്ടം മെയ് 1ന് നടന്നിരുന്നു. രണ്ടാംഘട്ടം ജൂലൈ 24ന് നടക്കാനിരിക്കെയാണ് കേന്ദ്രഓര്‍ഡിനന്‍സ്. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡിനന്‍സിനെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കപ്പെട്ടിട്ടുണ്ട്. ചില സംസ്ഥാനങ്ങള്‍ക്ക് നീറ്റ് നടപ്പാക്കുന്നതില്‍ പ്രായോഗിക ബുദ്ധിമുട്ടുകളുണ്ട്. ഇത്തരം പ്രശ്‌നങ്ങളെല്ലാം പരിഹരിക്കാമെന്ന് അവര്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു, കേന്ദ്രആരോഗ്യമന്ത്രി ജെ.പി നദ്ദ പറഞ്ഞു. മെയ് 16ന് സംസ്ഥാന വിദ്യാഭ്യാസ മന്ത്രിമാരുടേയും പിന്നീട് കോണ്‍ഗ്രസ്, സിപിഎം, മറ്റു പ്രതിപക്ഷ കക്ഷികള്‍ എന്നിവരെ ഉള്‍പ്പെടുത്തി സര്‍വ്വകക്ഷി യോഗവും ജെ.പി നദ്ദ വിളിച്ചു ചേര്‍ത്ത് സമവായം ഉണ്ടാക്കിയ ശേഷമാണ് കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറത്തിറക്കാന്‍ തീരുമാനിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.