മാവേലിക്കരയില്‍ വിഭാഗീയതയില്‍ അടിപതറി യുഡിഎഫ്

Friday 20 May 2016 8:48 pm IST

മാവേലിക്കര: വിഭാഗീയതയില്‍ മാവേലിക്കരയില്‍ അടിപതറി യുഡിഎഫ്. മണ്ഡലത്തിന്റെ ചരിത്രത്തില്‍ ഏറ്റവും നാണം കെട്ട തോല്‍വിയാണ് യുഡിഎഫ് ഏറ്റുവാങ്ങിയത്. യുഡിഎഫ് വോട്ടുബാങ്കുകളായ മാവേലിക്കര നഗരസഭ, തഴക്കര പഞ്ചായത്തിലും വന്‍ വോട്ടു ചോര്‍ച്ചയാണ് ഉണ്ടായത്. എന്നാല്‍ മണ്ഡലത്തില്‍ എന്‍ഡിഎ വന്‍ മുന്നേറ്റമാണ് നടത്തിയത്. 2011ല്‍ എല്‍ഡിഎഫിലെ ആര്‍. രാജേഷിന് 65903 വോട്ടും യുഡിഎഫിലെ കെ.കെ. ഷാജുവിന് 60754വോട്ടും ബിജെപിയിലെ എസ്. ഗിരിജയക്ക് 4984 വോട്ടുമായിരുന്നു ലഭിച്ചത്. രാജേഷിന് 5149 വോട്ടിന്റെ ഭൂരിപക്ഷം. ഇത്തവണ ആര്‍. രാജേഷിന് 74555 വോട്ടും യുഡിഎഫിലെ ബൈജു കലാശാലയ്ക്ക് 43013 വോട്ടും എന്‍ഡിഎയിലെ പി.എം. വേലായുധന് 30926 വോട്ടും ലഭിച്ചു. 31542 വോട്ടിന്റെ ഭൂരിപക്ഷം രാജേഷിന് ലഭിച്ചെങ്കിലും എല്‍ഡിഎഫിന് 8652 വോട്ട് മാത്രമാണ് വര്‍ദ്ധിച്ചത്. എന്‍ഡിഎയ്ക്ക് 25942 വോട്ടിന്റെ വര്‍ദ്ധിച്ചു. യുഡിഎഫിന് 17741 വോട്ട് കുറഞ്ഞു. നഗരസഭയില്‍ നിന്നും തഴക്കരയില്‍ നിന്നും ലഭിക്കുന്ന ലീഡും ജന്മനാടെന്ന നിലയില്‍ താമരക്കുളത്ത് സ്ഥാനാര്‍ത്ഥിക്ക് ലഭിക്കുന്ന വോട്ടുകളും ഇടതുമുന്നണി നേടുന്ന ലീഡിനെ മറികടക്കാമെന്നായിരുന്നു യുഡഎഫ് ക്യാമ്പിന്റെ നിഗമനം. കെപിഎംഎസ് പുന്നല വിഭാഗത്തിന്റെ മുന്‍ ജനറല്‍ സെക്രട്ടറിയെന്ന നിലയില്‍ ലഭിക്കുന്ന വോട്ടുകളും വിജയത്തിലേക്ക് നയിക്കുമെന്ന് നേതൃത്വം കണക്കു കൂട്ടി. എന്നാല്‍ കണക്കുകൂട്ടലുകള്‍ തെറ്റിച്ചായിരുന്നു മാവേലിക്കര നഗരസഭാപരിധിയിലെ വോട്ടുചോര്‍ച്ച. കഴിഞ്ഞ തവണ 1500 വോട്ടുകള്‍ക്ക് മുന്നിലെത്തിയ നഗരസഭയില്‍ ഇക്കുറി 1800 വോട്ടിന് പിന്നിലായി. 2011ല്‍ യുഡിഎഫ് നഗരസഭയില്‍ 16 ബൂത്തുകളില്‍ ഒന്നാമതെത്തിയപ്പോള്‍ എല്‍ഡിഎഫിന് ഏഴ് ബൂത്തുകളില്‍ മാത്രമാണ് ലീഡ് നേടിയത്. ഇത്തവണ എല്‍ഡിഎഫ് 15 ബൂത്തുകളില്‍ ഒന്നാമതെത്തിയപ്പോള്‍ യുഡിഎഫിന്റെ ലീഡ് അഞ്ച് ബൂത്തുകളിലൊതുങ്ങി. എന്‍ഡിഎ മൂന്ന് ബൂത്തുകളില്‍ ലീഡ് നേടി. കഴിഞ്ഞ നഗരസഭാ തിരഞ്ഞെടുപ്പിലെ യുഡിഎഫ് തകര്‍ച്ചയുടെ ആക്കം നിയമസഭാ തെരഞ്ഞെടുപ്പില്‍ വര്‍ദ്ധിച്ചു. നിയോജകമണ്ഡലത്തില്‍ ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ള തഴക്കര പഞ്ചായത്തില്‍ 1500 വോട്ടിന്റെ ലീഡായിരുന്നു യുഡിഎഫ് പ്രതീക്ഷ. എന്നാല്‍ എല്‍ഡിഎഫ് ഇവിടെ നാലായിരത്തിലധികം വോട്ടുകള്‍ക്ക് മുന്നിലെത്തി. കഴിഞ്ഞ തവണ പഞ്ചായത്തിലെ 16 ബൂത്തുകളില്‍ മുന്നിലെത്തിയ യുഡിഎഫിന് ഇക്കുറി രണ്ട് ബൂത്തുകളില്‍ ലീഡ് നേടാനേ കഴിഞ്ഞുള്ളു. രണ്ടിടത്ത് എന്‍ഡിഎയും ലീഡ് നേടി. ശേഷിക്കുന്ന 26 ബൂത്തുകളിലും എല്‍ഡിഎഫിനാണ് ലീഡ്. യുഡിഎഫ് സ്ഥാനാര്‍ഥിയുടെ ജന്മസ്ഥലമായ താമരക്കുളത്ത് മുന്നിലെത്താമെന്ന പ്രതീക്ഷയും അസ്ഥാനത്തായി. എല്‍ഡിഎഫ് ഇവിടെ 2651 വോട്ടിന് മുന്നിലെത്തി. ബൈജു കലാശാലയുടെ പ്രദേശത്തും ആര്‍.രാജേഷിന് ലീഡ് ലഭിച്ചു. ഐ ഗ്രൂപ്പിന്റെ താത്പര്യപ്രകാരം കെപിസിസി നേതൃത്വം അടിച്ചേല്‍പ്പിച്ച സ്ഥാനാര്‍ത്ഥിയെന്ന നിലയില്‍ എഗ്രൂപ്പ് നേതാക്കള്‍ പ്രചാരണത്തില്‍ നിന്നും വിട്ടുനിന്നു. ഇവര്‍ പല സ്ഥലത്തും വോട്ട് ചോര്‍ച്ചയ്ക്ക് മൗനാനുവാദം നല്‍കിയെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. അടുത്ത ദിവസങ്ങളില്‍ ഇത് പരാതിയായി ഡിസിസി, കെപിസിസി നേതൃത്വങ്ങള്‍ക്ക് അയയ്ക്കുവാനുള്ള ഒരുക്കത്തിലാണ് ഐഗ്രൂപ്പ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.