ഇടുക്കിയില്‍ ഇടത്പക്ഷത്തിന് 21,094 വോട്ട് കുറഞ്ഞു

Friday 20 May 2016 9:30 pm IST

ഇടുക്കി: സംസ്ഥാനത്തെമ്പാടും ഇടത് തരംഗം അനുഭവപ്പെട്ടപ്പോഴും ഇടുക്കിയില്‍ ഇടതുപക്ഷത്തിന് വന്‍ തോതില്‍ വോട്ട് കുറഞ്ഞു. ദേവികുളം, ഉടുമ്പന്‍ചോല, തൊടുപുഴ, പീരുമേട് എന്നീ മണ്ഡലങ്ങളില്‍ 2011ലെ തെരഞ്ഞെടുപ്പില്‍ കിട്ടിയ വോട്ടുകള്‍ നേടാന്‍ ഇടതുപക്ഷത്തിന് കഴിഞ്ഞില്ല. ഈ നാല് മണ്ഡലങ്ങളില്‍ നിന്നായി 21094 വോട്ടുകളാണ് കുറഞ്ഞിരിക്കുന്നത്. കഴിഞ്ഞ തവണ തൊടുപുഴയില്‍ മത്സരിച്ച ഇടത് സ്ഥാനാര്‍ത്ഥി 43457 വോട്ടുകള്‍ നേടിയിരുന്നു. ഇത്തവണ ഇടത് സ്വതന്ത്രനായി മത്സരിച്ച റോയി വാരികാട് 30977 വോട്ടുകള്‍ മാത്രമാണ് നേടിയത്. പതിനയ്യായിരത്തോളം പുതിയ വോട്ടര്‍മാര്‍ വോട്ടുചെയ്യുകയും മുന്‍ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് പോളിങ് ശതമാനം ഉയരുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലും 12480 വോട്ടുകളാണ് നഷ്ടപ്പെട്ടിരിക്കുന്നത്. ദേവികുളം മണ്ഡലത്തില്‍ സിറ്റിങ് എംഎല്‍എ എസ്. രാജേന്ദ്രനാണ് ഇത്തവണയും മത്സരിച്ചത്. കഴിഞ്ഞ തവണ രാജേന്ദ്രന് 51849 വോട്ടുകള്‍ ലഭിച്ചു. ഇത്തവണ 49510 ആയി കുറഞ്ഞു. 2339 വോട്ടുകളാണ് ഇത്തവണ കുറഞ്ഞത്. 13000 പുതിയ വോട്ടര്‍മാരെത്തിയിട്ടും വോട്ട് കുറഞ്ഞു. സിപിഎം സിറ്റിങ് സീറ്റായ ഉടുമ്പന്‍ചോലയില്‍ കഴിഞ്ഞ തവണ 56923 വോട്ടുകള്‍ നേടിയിരുന്നു. ഇത്തവണ എംഎം മണിക്ക് 50813 വോട്ടുകള്‍ നേടാനെ കഴിഞ്ഞുള്ളൂ. പീരുമേട്ടില്‍ ഹാട്രിക് വിജയം നേടിയെങ്കിലും ഇ.എസ് ബിജിമോളുടെ വോട്ട് വിഹിതം കുറഞ്ഞു. 2011ല്‍ 56748 വോട്ടാണ് ബിജിമോള്‍ക്ക് ലഭിച്ചത്. ഈ തെരഞ്ഞെടുപ്പില്‍ 164 വോട്ടുകള്‍ കുറഞ്ഞ് 56584 വോട്ട് ലഭിച്ചു. ഇടത് പക്ഷം നിലനിര്‍ത്തിയ മണ്ഡലങ്ങളിലെല്ലാം ഭൂരിപക്ഷവും കുറഞ്ഞു. ഉടുമ്പന്‍ചോലയില്‍ 9833 വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്നത് ഇത്തവണ 1109 ആയി കുറഞ്ഞു. ബിജിമോള്‍ക്ക് 4777 വോട്ടിന്റെ ഭൂരിപക്ഷം 2011ല്‍ ലഭിച്ചെങ്കിലും ഈ തെരഞ്ഞെടുപ്പില്‍ കേവലം 314 വോട്ടാണ് ഭൂരിപക്ഷം. ഇടുക്കി ജില്ലയില്‍ പുതുതായി അരലക്ഷത്തിലേറെ വോട്ടര്‍മാരെത്തിയിട്ടും ഇടതുപക്ഷത്തിന് വോട്ട് വിവിഹിതം കുറഞ്ഞത് എന്‍ഡിയുടെ മുന്നേറ്റമാണെന്ന് സിപിഎമ്മിന് സമ്മതിക്കേണ്ടിവന്നിരിക്കുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.