ടാറിംഗിന് സമീപത്തെ മണ്ണൊലിച്ചുപോയി: റോഡില്‍ അപകടം തുടര്‍ക്കഥയാകുന്നു

Friday 20 May 2016 9:34 pm IST

  കോട്ടയം: ടാറിംഗിന് സമീപത്തെ മണ്ണൊലിച്ചുപോയ റോഡില്‍ അപകടം തുടര്‍ക്കഥയാകുന്നു. ആര്‍പ്പൂക്കര അമ്പലക്കവല മുതല്‍ മെഡിക്കല്‍ കോളേജ് ആശുപത്രിവരെയുള്ള പൊതുമരാമത്ത് റോഡിലാണ് അപകടപരമ്പര അരങ്ങേറുന്നത്. മണ്ണ് ഒലിച്ചുപോയി ഇരുവശങ്ങളിലും രൂപപ്പെട്ട ഒരടിയോളം താഴ്ചയുള്ള കുഴികളില്‍ അകപ്പെട്ടാണ് ഇരുചക്രവാനങ്ങള്‍ അടക്കം അപകടത്തില്‍ പെടുന്നത്. മഴക്കാലമെത്തിയാല്‍ വെള്ളം കെട്ടിനില്‍ക്കുന്ന റോഡില്‍ കുഴിയും റോഡും തിരിച്ചറിയാതെ വാഹനങ്ങള്‍ കെണിയില്‍ പെടുന്നത് നിത്യസംഭവമാണ്. മെഡിക്കല്‍ കോളേജ് ആശുപ്ത്രിയിലേക്ക് രോഗികളുമായി വരുകയും പോകുകയും ചെയ്യുന്ന ആംബുലന്‍സുകള്‍വരെ ഈ ചതിക്കുഴികളില്‍ പതിക്കാറുണ്ട്. വീതി കുറഞ്ഞ റോഡില്‍ എതിര്‍ദിശയില്‍നിന്നും എത്തുന്ന വാഹനങ്ങള്‍ക്ക് സൈഡുകൊടുക്കുന്ന ഇരുചക്രവാഹനങ്ങളാണ് ടാറിംഗില്‍നിന്നും തെന്നിമാറി അപകടത്തില്‍ പെടുന്നതേറെയും. ഇത്തരത്തില്‍ ഉണ്ടായ അപകടത്തില്‍ നിരവധി യുവാക്കള്‍ക്ക് പരുക്കേറ്റിരുന്നു. മഹാത്മാ ഗാന്ധി സര്‍വ്വകലാശാലയുടെ കീഴിലുള്ള സ്‌കൂള്‍ ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷന്‍, ആര്‍പ്പുക്കര ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂള്‍ എന്നിവിടങ്ങളിലേക്കുള്ള വിദ്യാര്‍ത്ഥികല്‍ അടക്കം നൂറുകണക്കിന് വിദ്യാര്‍ത്ഥികളാണ് ഇതുവഴി ദൈനംദിനം യാത്രചെയ്യുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.