സിപിഎം ഒത്തുകളിച്ചു; പി. ജെ ജോസഫിന് ഭൂരിപക്ഷം കൂടി

Friday 20 May 2016 9:40 pm IST

ഇടുക്കി: തൊടുപുഴയില്‍ പി ജെ ജോസഫിന്റെ ഭൂരിപക്ഷം കൂട്ടിയത് സിപിഎമ്മിന്റെ ഒത്തുകളി. മണ്ഡലത്തില്‍ 45,587 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് പി ജെ ജോസഫ് വിജയിച്ചത്. പി ജെ ജോസഫ് ആകെ നേടിയത് 76,564 വോട്ടാണ്. എല്‍ഡിഎഫ് സ്വതന്ത്രനായി മത്സരിച്ച അഡ്വ. റോയി വാരിക്കാട്ട് നേടിയതാകട്ടെ 30,977 വോട്ട് മാത്രം. കഴിഞ്ഞ തവണ മത്സരിച്ച സിപിഎം സ്വതന്ത്രന്‍ ജോസഫ് അഗസ്റ്റിന്‍ 43,457 വോട്ട് പിടിച്ചു. ഇത്തവണ 12,480 വോട്ടിന്റെ കുറവുണ്ടായി. ഇത്രയും വോട്ടുകള്‍ ഇടതുപക്ഷം മറിച്ചതാണെന്ന ആരോപണം പാര്‍ട്ടിക്കുള്ളില്‍ നിന്നു തന്നെ ഉയര്‍ന്നു കഴിഞ്ഞു. കഴിഞ്ഞ തവണ ജോസഫ് 22,868 വോട്ടിനാണ് മണ്ഡലത്തില്‍ നിന്നും ജയിച്ചത്. ജില്ലയില്‍ തന്നെ ഏറ്റവും അധികം വോട്ടര്‍മാരുള്ള മണ്ഡലമാണ് തൊടുപുഴ. രണ്ട് ലക്ഷത്തിനടുത്ത് വോട്ടുവരുന്ന ഇവിടെ 1,40,817 പേരാണ് ഇത്തവണ വോട്ട് ചെയ്തത്. ആദ്യം മുതല്‍ തൊടുപുഴയിലെ സിപിഎമ്മിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. മണ്ഡലത്തില്‍ യാതൊരു ബന്ധവും ഇല്ലാത്ത ആളെ കെട്ടിയിറക്കിയതിനെ പ്രാദേശിക നേതാക്കള്‍ എതിര്‍ത്തിരുന്നു. സംസ്ഥാന, ജില്ലാ കമ്മറ്റികളുടെ നിര്‍ബന്ധപ്രകാരമാണ് ഇവിടെ ഇടത് സ്ഥാനാര്‍ത്ഥിയായി റോയി വാരിക്കാട്ട് എത്തുന്നത്. സ്വന്തം ചിഹ്നം പോലും പറയാതെയുള്ള വോട്ടുപിടുത്തവും ഏറെ വിവാദമായിരുന്നു. ഫലം വന്നതോടെ മണ്ഡലത്തില്‍ പി.ജെ ജോസഫിന്റെ ഒപ്പം കൂടിയുള്ള പ്രവര്‍ത്തനമാണ് എല്‍ഡിഎഫ് കാഴ്ചവെച്ചതെന്ന് വ്യക്തമായി. ജോസഫിന് വന്‍ ഭൂരിപക്ഷം കിട്ടാന്‍ പരോക്ഷമായി കളമൊരുക്കിയതായും തെളിഞ്ഞു. ഇതോടൊപ്പം എസ്ഡിപിഐ കൂടി കൈ കൊടുത്തതോടെ ജോസഫ് വന്‍ മാര്‍ജിനില്‍ വിജയിക്കുകയായിരുന്നു. കഴിഞ്ഞ തവണ നാലായിരത്തിലധികം വോട്ട് നേടിയ എസ്ഡിപിഐ ഇത്തവണ നേടിയത് 1294 വോട്ട് മാത്രം. 2011 നെ അപേക്ഷിച്ച് മൂന്ന് മടങ്ങ് വോട്ട് നേടിയ എന്‍ഡിഎ ശക്തമായ മത്സരമാണ് കാഴ്ചവച്ചത്. എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ. എസ് പ്രവീണ്‍ 28,845 വോട്ടാണ് നേടിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.