'നീറ്റ്' ഓര്‍ഡിനന്‍സ് ഉചിത നടപടി

Saturday 21 May 2016 9:52 am IST

മെഡിക്കല്‍ വിദ്യാര്‍ത്ഥികളും ദന്തവിദ്യാര്‍ത്ഥികളും 'നീറ്റ്' എഴുതണമെന്നുള്ള സുപ്രീംകോടതി വിധി ഹിന്ദി അറിയാത്ത അന്യഭാഷാ വിദ്യാര്‍ത്ഥികള്‍ക്ക് പ്രയാസമാകുമെന്ന് തിരിച്ചറിഞ്ഞ കേന്ദ്രസര്‍ക്കാര്‍ പ്രസ്തുത പരീക്ഷ ഒരു കൊല്ലത്തേക്ക് മാറ്റിവയ്ക്കാന്‍ നിര്‍ദ്ദേശം നല്‍കുന്ന ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചിരിക്കുകയാണ്. 2016-17 വര്‍ഷത്തെ പരീക്ഷയ്ക്കാണ് സുപ്രീംകോടതി വിധി ബാധകം. എല്ലാ മെഡിക്കല്‍ പ്രവേശന പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികളും ഒരു കോമണ്‍ പരീക്ഷ എഴുതണമെന്നായിരുന്നു വിധി. ആദ്യഘട്ടത്തില്‍ ആറുലക്ഷം വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതിയിരിക്കുന്നത്. രണ്ടാം ഘട്ടം ജൂലൈ 21നാണ്. മെഡിക്കല്‍/ഡെന്റല്‍ കോളേജ് പ്രവേശനം നേടാന്‍ 'നീറ്റ്' പാസ്സാകണം എന്നാണ് സുപ്രീംകോടതി നിര്‍ദ്ദേശം. ഈ വിധി ഒരു കൊല്ലത്തേയ്ക്ക് മാറ്റിവയ്ക്കുന്നതാണ് കേന്ദ്രസര്‍ക്കാരിന്റെ പുതിയ ഓര്‍ഡിനന്‍സ്. ആരോഗ്യമന്ത്രി ജെ.പി.നദ്ദയും പറയുന്നത് 'നീറ്റ്' പ്രശ്‌നം പുനഃപരിശോധനയ്ക്ക് വിധേയമാക്കുമെന്നും ഇതുസംബന്ധിച്ച് രാഷ്ട്രപതിയെ കാണും എന്നുമാണ്. ഓര്‍ഡിനന്‍സ് പാസ്സാക്കാന്‍ രാഷ്ട്രപതിയുടെ അനുവാദം ആവശ്യമാണ്. നദ്ദ ഈ തീരുമാനമെടുത്തത് 14 സംസ്ഥാനങ്ങളിലെ ആരോഗ്യമന്ത്രിമാരുമായി ചര്‍ച്ചചെയ്ത ശേഷമാണ്. ഈ ഓര്‍ഡിനന്‍സ് വഴി 'നീറ്റ്' ഒരുവര്‍ഷത്തേക്ക് മാറ്റിവച്ച് അതിന്റെ നടത്തിപ്പ് ഏതുവിധത്തിലായിരിക്കണമെന്ന് പുനഃപരിശോധനക്ക് വിധേയമാക്കാം. 'നീറ്റ്' നടപ്പാക്കുന്നതിലെ പ്രധാന പ്രശ്‌നം സംസ്ഥാനങ്ങളിലെ ജനങ്ങള്‍ ഏകഭാഷ സംസാരിക്കുന്നവരല്ല എന്നതും ഈ പരീക്ഷ ഹിന്ദിയിലാണ് എന്നുള്ളതുമാണ്. ഹിന്ദി അറിയാത്ത, ഡോക്ടറാകാന്‍ കൊതിക്കുന്ന വിദ്യാര്‍ത്ഥികളെ നിരാശപ്പെടുത്തുന്ന നിയമമാകും 'നീറ്റ്'. ഈ പരീക്ഷ വന്നാല്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ കോളേജുകളിലെയും സ്വകാര്യ കോളേജുകളിലെയും കുട്ടികളുടെ ഭാവി ചോദ്യചിഹ്നമാകും. വിദ്യാഭ്യാസം ഒരു സംസ്ഥാന വിഷയമാണ് എന്ന കാര്യവും സുപ്രീംകോടതി പരിഗണിച്ചില്ല. ഈ വിധി സംസ്ഥാന-സ്വകാര്യ മെഡിക്കല്‍ കോളേജുകള്‍ക്ക് പ്രഹരമാകുന്നത് അവര്‍ക്ക് കുട്ടികളെ പ്രവേശിപ്പിക്കാനുള്ള അവകാശം നഷ്ടപ്പെടുന്നുവെന്നതിനാലാണ്. തമിഴ്‌നാട്ടിലും കേരളത്തിലും 12-ാം ക്ലാസ്സിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തിലാണ് മെഡിക്കല്‍ കോളേജ് പ്രവേശനം. മറ്റൊരു പ്രധാന വസ്തുത കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടെയും സിലബസിലുള്ള വമ്പിച്ച അന്തരമാണ്. ആരോഗ്യമന്ത്രാലയം പറയുന്നത് പിജി കോഴ്‌സിന് മാത്രം 'നീറ്റ്' പ്രായോഗികമാക്കാമെന്നാണ്. അണ്ടര്‍ ഗ്രാജുവേറ്റ് കുട്ടികള്‍ക്ക് പ്രവേശന പരീക്ഷ ഒഴിവാക്കുവാനും സാധിക്കും. 'നീറ്റ്' സിബിഎസ്ഇ സിലബസിന്റെ അടിസ്ഥാനത്തിലാണ്. ഇപ്പോള്‍ പ്രൈവറ്റ് കോളേജുകള്‍ അവരുടെ സ്വന്തം സിലബസിലാണ് പ്രവേശന പരീക്ഷ നടത്തുന്നത് എന്നതും ഒരു പ്രധാന വസ്തുതയാണ്. കേന്ദ്രസര്‍ക്കാര്‍ ഈ അക്കാദമിക വര്‍ഷത്തില്‍ മെഡിക്കല്‍ പ്രവേശനത്തിനും ഡെന്റല്‍ കോളേജ് പ്രവേശനത്തിനും 'നീറ്റ്' നടത്തേണ്ടതില്ല എന്നാണ് തീരുമാനിച്ചത്. ഇതനുസരിച്ച് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ കോടതി ഈ ആവശ്യം പരിഗണിച്ചില്ല. ഇതിനെത്തുടര്‍ന്നാണ് പരീക്ഷ ഒരു വര്‍ഷത്തേക്ക് മാറ്റിവച്ചുകൊണ്ടുള്ള ഉത്തരവിറക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായത്. തികച്ചും പ്രായോഗികമായ സമീപനമാണ് കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യത്തില്‍ സ്വീകരിച്ചിട്ടുള്ളത്. വിദ്യാര്‍ത്ഥികളുടെയും മാതാപിതാക്കളുടെയും അധ്യാപകരുടെയും മനോവിഷമം കണക്കിലെടുക്കുമ്പോള്‍ ഇതല്ലാതെ മറ്റൊരു മാര്‍ഗം സര്‍ക്കാരിനുമുന്നിലില്ല. ഓര്‍ഡിനന്‍സനുസരിച്ച് സര്‍ക്കാര്‍-സ്വകാര്യ കോളേജുകള്‍ക്ക് അവരുടെ പരീക്ഷകള്‍ ഈ വര്‍ഷം തന്നെ നടത്തി കുട്ടികളെ പ്രവേശിപ്പിക്കാം. ഈ വര്‍ഷം വിദ്യാര്‍ത്ഥികള്‍ക്ക് അടുത്ത വര്‍ഷം നടക്കുന്ന 'നീറ്റ്' പരീക്ഷ എഴുതാനുള്ള തയ്യാറെടുപ്പുകള്‍ നടത്തുകയുമാവാം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.