പിണറായി മുഖ്യമന്ത്രി, സത്യപ്രതിജ്ഞ ബുധനാഴ്ച

Friday 20 May 2016 10:46 pm IST

തിരുവനന്തപുരം: ഇടതു മുന്നണിയുടെ പ്രചാരണത്തിന്റെ കുന്തമുനയായിരുന്ന മുന്‍മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനെ ഒതുക്കി. പിണറായി വിജയനെ മുഖ്യമന്ത്രിയാക്കാന്‍ സിപിഎം ഇന്നലെ തീരുമാനിച്ചു. തെന്ന ആറുമാസമെങ്കിലും മുഖ്യമന്ത്രിയാക്കണമെന്ന വിഎസിന്റെ അഭ്യര്‍ഥനയും പികെ ഗുരുദാസന്‍ അടക്കമുള്ള മുതിര്‍ന്ന പാര്‍ട്ടി നേതാക്കളുടെ ആവശ്യവും തള്ളിയാണ് തികച്ചും ഏകപക്ഷീയമായ തീരുമാനം. തീരുമാനം ഇന്നലെ രാവിലെ പാര്‍ട്ടി നേതൃത്വം വിഎസിനെ വിളിച്ചുവരുത്തി അറിയിച്ചപ്പോള്‍ ഒരക്ഷരം പറയാതെ അദ്ദേഹം വസതിയിലേക്ക് മടങ്ങുകയാണ് ചെയ്ത്. പിന്നീട് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വിഎസിന്റെ സാന്നിധ്യത്തില്‍ നടത്തിയ പത്രസമ്മേളനത്തില്‍ വിഎസ് മൗനിയായിരുന്നു. ഒരക്ഷരം ഉരിയാടിയില്ലെന്നു മാത്രമല്ല അദ്ദേഹം വിഷണ്ണനുമായിരുന്നു. വിഎസ് കേരളത്തിലെ ഫിഡല്‍ കാസ്‌ട്രോയാണെന്ന് പറഞ്ഞ് യെച്ചൂരി പുകഴ്ത്തിയിട്ടും വിഎസ് പ്രതികരിച്ചില്ല. പ്രായാധിക്യമുള്ള വിഎസിന് ഇനി കാസ്‌ട്രോയെപ്പോലെ വിശ്രമ ജീവിതമാണ് വേണ്ടതെന്ന് പറഞ്ഞുവയ്ക്കുകയായിരുന്നു യെച്ചൂരി ഇതിലൂടെ ചെയ്തത്. വിഎസിനെ ഒതുക്കുമെന്ന് മുന്‍പു തന്നെ ജനങ്ങള്‍ കരുതിയിരുന്നു. ആ ആശങ്കയാണ് ഇപ്പോള്‍ ശരിയായിരിക്കുന്നത്. എന്നാല്‍ ഫലം വന്ന അടുത്ത ദിവസം തെന്ന വിഎസിന് റിട്ടയര്‍മെന്റ് നല്‍കുമെന്ന് ആരും കരുതിയില്ല. പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയനെ സിപിഎം പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി തെരഞ്ഞെടുത്തതായി അഖിലേന്ത്യാ സെക്രട്ടറി സീതാറം യെച്ചൂരി് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തെരഞ്ഞെടുപ്പില്‍ മുന്നില്‍ നിന്ന് പടക്കുതിരയെപ്പോലെ പാര്‍ട്ടിയെ നയിച്ചത് വി.എസ്.അച്യുതാനന്ദനാണെന്നും വി.എസ് കേരളത്തിലെ ഫിഡല്‍ കാസ്‌ട്രോയാണെന്നും സീതാറാം യെച്ചൂരി പറഞ്ഞു. അച്യുതാനന്ദന് എന്ത് സ്ഥാനമാണ് സര്‍ക്കാരിലുള്ളതെന്ന ആവര്‍ത്തിച്ചുള്ള ചോദ്യത്തിന് ഫിഡല്‍ കാസ്‌ട്രോയെപ്പോലെ ഉപദേശങ്ങളും നിര്‍ദ്ദേശങ്ങളും വരാന്‍ പോകുന്ന സര്‍ക്കാരിന് അദ്ദേഹം നല്‍കുമെന്നായിരുന്നു യെച്ചൂരിയുടെ മറുപടി. വിഎസിന്റെ പ്രായവും ബുദ്ധിമുട്ടുകളും മനസ്സിലാക്കുന്നതായും യെച്ചൂരി കൂട്ടിച്ചേര്‍ത്തു. എന്നാല്‍ പ്രചാരണ സമയത്ത് ഇക്കാര്യങ്ങള്‍ പാര്‍ട്ടി പരിഗണിച്ചിരുന്നില്ല. വിഎസിനെ കാട്ടി വോട്ട് പിടിക്കുകയും അധികാരം ലഭിച്ചപ്പോള്‍ അദ്ദേഹത്തെ തള്ളി പിണറായിയെ മുഖ്യമന്ത്രിയാക്കുകയുമായണ് ചെയ്തത്. സംസ്ഥാന സെക്രട്ടേറിയേറ്റും സംസ്ഥാന സമിതിയും ഏകകണ്ഠമായാണ് പിണറായിയെ തെരഞ്ഞെടുക്കാന്‍ തീരുമാനിച്ചതെന്ന് യെച്ചൂരി പറഞ്ഞു. വിഎസിനെ വീണ്ടും മുഖ്യമന്ത്രിയാക്കിയാല്‍ പാര്‍ട്ടിയില്‍ വീണ്ടും വിഭാഗീയത ഉണ്ടാകുമെന്ന സംസ്ഥാനനേതാക്കളുടെയും പിണറായി വിജയന്റെയും കര്‍ക്കശ നിലപാടാണ് വിഎസില്‍ നിന്നും മുഖ്യമന്ത്രി സ്ഥാനം തട്ടിത്തെറിച്ചത്. സംസ്ഥാന സമിതിയില്‍ പങ്കെടുക്കാനെത്തിയ വിഎസ് സമിതി കഴിഞ്ഞ ശേഷം എകെജി സെന്ററില്‍ വിശ്രമിക്കുകയായിരുന്നു. സീതാറാം യച്ചൂരി നേരിട്ട് എത്തി വിഎസിനെ വിളിച്ചാണ് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുപ്പിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.