വി.എസിനെ അനുനയിപ്പിക്കാന്‍ പിണറായി കന്റോണ്‍‌മെന്റ് ഹൗസില്‍

Saturday 21 May 2016 10:41 am IST

തിരുവനന്തപുരം: മുഖ്യമന്ത്രി സ്ഥാനം ലഭിക്കാത്തതില്‍ നിരാശനായ വി.എസ് അച്യുതാനന്ദനെ അനുനയിപ്പിക്കാന്‍ പിണറായി വിജയന്‍ കന്റോണ്‍‌മെന്റ് ഹൗസിലെത്തി. ഇന്ന് രാവിലെ പതിനൊന്ന് മണിക്ക് വി.എസ് മാധ്യമങ്ങളെ കാണുന്നുണ്ട്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിണറായിയെ തീരുമാനിച്ച നടപടിക്കെതിരെ വിഎസ് പ്രതികരിക്കുമോ എന്ന ആശങ്ക നേതൃത്വത്തിനുണ്ട്. പിണറായി വിജയന്‍ മന്ത്രിസഭ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ വിഎസിന്റെ പ്രതികരണം രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നതാണ്. രാവിലെ കന്റോണ്‍മെന്റ് ഹൗസിലെത്തിയ പിണറായിക്കൊപ്പം പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഉണ്ടായിരുന്നു. എന്നാല്‍ താന്‍ എത്തിയത് വി.എസില്‍ നിന്നും ഉപദേശം തേടാനാണെന്നാണ് പിണറായി പ്രതികരിച്ചത്. മുഖ്യമന്ത്രിയായി ഏറെ അനുഭവസമ്പത്തുള്ളയാളാണ് വി.എസെന്നും തനിക്ക് എല്ലാം പുതുമയാണെന്നും പിണറായി പറഞ്ഞു. വെള്ളിയാഴ്ച എകെജി സെന്ററിലേക്കു വിളിച്ചുവരുത്തിയാണു പിണറായിയെ മുഖ്യമന്ത്രിയാക്കാനുള്ള സെക്രട്ടേറിയറ്റിന്റെ തീരുമാനം സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വി.എസിനെ അറിയിച്ചത്. പിണറായിയെ മുഖ്യമന്ത്രിയാക്കാനുള്ള പാര്‍ട്ടി തീരുമാനത്തിനെതിരേ കേന്ദ്ര നേതാക്കളോടോ സംസ്ഥാന സമിതിയിലോ വി.എസ്. അച്യുതാനന്ദന്‍ ഒന്നും മിണ്ടിയതുമില്ല. വെള്ളിയാഴ്ച രാവിലെ എകെജി സെന്ററിലെത്തി മടങ്ങിയ വി.എസ് വൈകുന്നേരം ചേര്‍ന്ന സംസ്ഥാന സമിതിയില്‍ പങ്കെടുത്തിരുന്നു. തെരഞ്ഞെടുപ്പില്‍ മുന്നില്‍ നിന്ന് പടക്കുതിരയെപ്പോലെ പാര്‍ട്ടിയെ നയിച്ചത് വി.എസ് അച്യുതാനന്ദനാണെന്നും അദ്ദേഹം കേരളത്തിലെ ഫിഡല്‍ കാസ്ട്രോയാണെന്നുമാണ് സീതാറാം യെച്ചൂരി വിശേഷിപ്പിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.