സിപിഎം വോട്ടുകള്‍ കാണാനില്ല; മറുപടിയില്ലാതെ നേതൃത്വം

Saturday 21 May 2016 11:25 am IST

സ്വന്തം ലേഖകന്‍ കോഴിക്കോട്: തെരഞ്ഞെടുപ്പില്‍ ചില മണ്ഡലങ്ങളില്‍ വോട്ടുകുറഞ്ഞതിനും ചില മണ്ഡലങ്ങളില്‍ ഭൂരിപക്ഷം കുത്തനെ കുറഞ്ഞതിനും മറുപടി പറയാനാവാതെ സിപിഎം. സിപിഎമ്മിന് വോട്ടുകുറഞ്ഞ മണ്ഡലങ്ങളില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ വോട്ടു കുത്തനെ ഉയര്‍ന്നിട്ടുണ്ട്. സിപിഎമ്മുകാര്‍ തന്നെ യുഡിഎഫിന് വോട്ടുമറിച്ചെന്ന ആരോപണവും ഇതോടെ ശക്തമായിട്ടുണ്ട്. സിപിഎം കോട്ടകള്‍ എന്നവകാശപ്പെട്ടിരുന്ന കേന്ദ്രങ്ങളില്‍ പോലും ഭൂരിപക്ഷം ചെറിയതോതിലെങ്കിലും ഉയര്‍ത്താന്‍ പാര്‍ട്ടിക്കായിട്ടില്ല. കോഴിക്കോട് സൗത്ത്, കുറ്റിയാടി, നാദാപുരം, പേരാമ്പ്ര മണ്ഡലങ്ങളിലാണ് ഇത്തരത്തില്‍ വോട്ടുകള്‍ അട്ടിമറിക്കപ്പെട്ടത്. ഐഎന്‍എല്‍ സ്ഥാനാര്‍ത്ഥി എ.പി. അബ്ദുല്‍വഹാബ് മത്സരിച്ച കോഴിക്കോട് സൗത്ത് മണ്ഡലത്തില്‍ 43536 വോട്ടുകളാണ് നേടാനായത്. 2011ല്‍ ഇവിടെ മത്സരിച്ച സിപിഎം സ്ഥാനാര്‍ത്ഥി മുസാഫിര്‍ അഹമ്മദ് 46395 വോട്ടായിരുന്നു ഇവിടെ നിന്നും നേടിയത്. 2859 വോട്ടാണ് ഇവിടെ എല്‍ഡിഎഫിന് കുറഞ്ഞത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനേക്കാള്‍ 12973 വോട്ടര്‍മാര്‍ വോട്ടര്‍പട്ടികയില്‍ അധികം വന്നിട്ടും ഇതില്‍ നിന്നും ഒരൊറ്റ വോട്ടും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് കൂടുതല്‍ ലഭിച്ചില്ലെന്ന് മാത്രമല്ല കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനേക്കാള്‍ വോട്ടുകള്‍ കുറയുകയും ചെയ്തു. ഇവിടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ. എം.കെ. മുനീറിന് ലഭിച്ചത് 6327 വോട്ടിന്റെ ഭൂരിപക്ഷമാണ്. കഴിഞ്ഞതവണ ഇവിടെ മുനീറിന് ലഭിച്ചത് 47771 വോട്ടായിരുന്നു. ഇത്തവണ അത് 49863 ആയി ഉയര്‍ന്നു. മണ്ഡലത്തിലെ എല്‍ഡിഎഫ് വോട്ടുകള്‍ മുനീറിന് അനുകൂലമായി പോള്‍ ചെയ്യപ്പെട്ടെന്നാണ് ഫലം നല്‍കുന്ന സൂചന. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായ ടി.പി. രാമകൃഷ്ണന്‍ മത്സരിച്ച പേരാമ്പ്ര 72359 വോട്ടാണ് നേടാനായത്. കഴിഞ്ഞ നിയമസഭാ തെരെഞ്ഞെടുപ്പില്‍ കെ.കുഞ്ഞമ്മദ്മാസ്റ്റര്‍ 70248 വോട്ടാണ് ഇവിടെനിന്നും നേടിയത്. 2111 വോട്ടാണ് ഇവിടെ കഴിഞ്ഞ തവണത്തേക്കാള്‍ സിപിഎമ്മിന് അധികം ലഭിച്ചത്. 15960 വോട്ടര്‍മാര്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനേക്കാള്‍ കൂടുതലായി വോട്ടര്‍പട്ടികയില്‍ സ്ഥാനം പിടിച്ചപ്പോള്‍ ബാക്കി വോട്ടുകള്‍ എവിടെ പോയെന്ന ചോദ്യത്തിന് സിപിഎമ്മിന് മറുപടിയില്ല. നേതൃത്വം അന്വേഷിക്കുന്നത്. 15269 വോട്ട് ഭൂരിപക്ഷം നേടിയിരുന്ന സ്ഥാന ത്ത് 4101 വോട്ടിന്റെ ഭൂരിപക്ഷം മാത്രമാണ് ടി.പി. രാമകൃഷ്ണന് നേടാനായത് എന്നതും വോട്ടുകള്‍ മറിഞ്ഞെന്ന സൂചനയാണ് നല്‍കുന്നത്. 2011ല്‍ 54979 വോട്ടാണ് ഇവിടെ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് കിട്ടിയിരുന്നതെങ്കില്‍ ഇപ്പോളത് 68258 വോട്ടായി ഉയര്‍ന്നു. 13279 വോട്ടാണ് ഇവിടെ യുഡിഎഫിന് കുത്തനെ കൂടിയത്. കനത്ത പരാജയം ഏറ്റുവാങ്ങിയ കുറ്റിയാടിയില്‍ 70652 വോട്ടാണ് കെ.കെ. ലതികയ്ക്ക് ലഭിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ലതികക്ക് ലഭിച്ചതിനേക്കാള്‍ 394 വോട്ടുമാത്രമാണ് ഇവിടെ വര്‍ദ്ധിച്ചത്. 16505 വോട്ടര്‍മാര്‍ പുതുതായി വോട്ടര്‍പട്ടികയില്‍ ചേര്‍ക്കപ്പെട്ടിട്ടും കൂടുതല്‍ വോട്ടുകള്‍ പാര്‍ട്ടിക്ക് ലഭിച്ചില്ല. 1157 വോട്ടിന്റെ ഭൂരിപക്ഷമാണ് ലീഗ് സ്ഥാനാര്‍ത്ഥി പാറയ്ക്കല്‍ അബ്ദുള്ള ഇവിടെ നേടിയത്. യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് കഴിഞ്ഞ തവണത്തെക്കാള്‍ 8523 വോട്ടാണ് അധികം ലഭിച്ചത്. സിപിഐയുടെ സിറ്റിംഗ് സീറ്റായ നാദാപുരത്തും ഭൂരിപക്ഷം കുത്തനെ കുറഞ്ഞു. 7546 വോട്ടിന്റെ ഭൂരിപക്ഷമാണ് 2011 നേടിയിരുന്നതെങ്കില്‍ ഇത്തവണ അത് 4759 ആയി കുറയുകയാണുണ്ടായത്. 20839 വോട്ടുകളാണ് ഇവിടെ വോട്ടര്‍പട്ടികയില്‍ പുതുതായി ചേര്‍ക്കപ്പെട്ടത്. കഴിഞ്ഞ തവണ ഇ.കെ. വിജയന്‍ 72078 വോട്ട് നേടിയപ്പോള്‍ ഇത്തവണ 2664 വോട്ടുകള്‍ വര്‍ദ്ധിച്ചു 724742 വോട്ടായി. എന്നാല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് 5651 വോട്ടുകളാണ് കഴിഞ്ഞ തവണത്തേക്കാള്‍ അധികം നേടാനായത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.