സക്ഷമ: ഭക്തസൂര്‍ദാസ് അനുസ്മരണവും ഭജനമണ്ഡലി ഉദ്ഘാടനവും നടത്തി

Saturday 21 May 2016 11:30 am IST

കോഴിക്കോട്: ദിവ്യാംഗരെ സമൂഹത്തിന്റെ മുന്‍നിരയിലെത്തിക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന ഭിന്നശേഷിക്കാരുടെ ദേശീയ പ്രസ്ഥാനം സക്ഷമ ഭക്ത സൂര്‍ദാസ് അനുസ്മരണ സമ്മേളവും ഭജനമണ്ഡലി ഉദ്ഘാടനവും നടത്തി. കോഴിക്കോട് റെയിവെ ലിങ്ക് റോഡിലെ കേളപ്പജി മന്ദിരത്തില്‍ നടന്ന ചടങ്ങില്‍ ഭജനമണ്ഡലി ഉദ്ഘാടനം കനറാബാങ്ക് ചാലപ്പുറം ശാഖാ ചീഫ് മാനേജര്‍ നന്ദകുമാര്‍ നിര്‍വ്വഹിച്ചു. ഭക്തസൂര്‍ദാസ് അനുസ്മരണത്തോടനുബന്ധിച്ച് സക്ഷമ സംഘടനാ സെക്രട്ടറി പ്രദീപ്കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. രാഷ്ട്രത്തെ സേവിക്കാന്‍ രാഷ്ട്രീയ സ്വയംസേവകസംഘം നിരന്തരം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണെന്നും അതിന്റെ പ്രവര്‍ത്തനത്തില്‍ ഒന്നാണ് സക്ഷമ എന്നും അദ്ദേഹം പറഞ്ഞു. ദിവ്യാംഗനായി ജനിച്ചു എന്നതിനാല്‍ സമൂഹത്തില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെ കണ്ടെത്തി അവരുടെ കഴിവുകള്‍ തിരിച്ചറിഞ്ഞ് സമൂഹത്തിന്റെ മുന്‍ നിരയിലോട്ട് കൊണ്ടുവരിക, അവരുട പ്രശ്‌നങ്ങള്‍ പരിഹരിക്കുക എന്നതാണ് സക്ഷമയുടെ ലക്ഷ്യം. അദ്ദേഹം പറഞ്ഞു. കാഴ്ച ശക്തിയില്ലാത്തതിനാല്‍ ആറാം വയസ്സില്‍ വീട്ടില്‍ നിന്നും പുറത്താക്കപ്പെട്ട വ്യക്തിയാണ് സൂര്‍ദാസ് പിന്നീട് സ്വന്തം കഴിവ് തിരിച്ചറിഞ്ഞ് കൃഷ്ണനെകാണുന്നതിനായി നിരന്തരം ശ്രമിക്കുകയും ആ ലക്ഷ്യത്തിന്റെ പ്രാപ്തി കൈവരിക്കുകയും ചെയ്തു. കൃഷ്ണനില്‍ നിന്നും കാഴ്ച ലഭിച്ചിട്ടും കൃഷ്ണനെ കണ്ട കണ്ണുകൊണ്ട് തനിക്ക് മറ്റൊന്നും കാണേണ്ട എന്നു പറഞ്ഞ സൂര്‍ദാസ് 105 വയസുവരെ ജീവിച്ചു. സൂര്‍ദാസിനെ കൂടാതെ, അഷ്ടവത്തനെയും,ഹെലന്‍കെലറെയും, ലൂയി ബ്രെയിനിനെയുമെല്ലാം സംഘടന ആരാധിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് ജില്ലയിലെ മുഴുവന്‍ ഭിന്നശേഷിക്കാരെയും കണ്ടെത്തി ഭാരതത്തിന്റെ സേവന സംസ്‌കാരത്തിന് കരുത്തുപകരാനായി സക്ഷമ പ്രവര്‍ത്തിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോര്‍ണിയയുടെ പ്രശ്‌നം മൂലമാണ് ഏറ്റവും അധികം ആളുകള്‍ അന്ധത അനുഭവിക്കുന്നത്. നേത്രദാനത്തിന്റെ പേരില്‍ മെഡിക്കല്‍കോളേജിലുള്‍പ്പെടെ ധാരാളം നേത്രബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നുവെങ്കിലും അത് ആര്‍ക്കും അറിയുന്നില്ല. കോഴിക്കോട് മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാര്‍ക്കുംനഴ്‌സ്മാരും ഉള്‍പ്പെടെ ആര്‍ക്കും അവിടെ നേത്രബാങ്ക് പ്രവര്‍ത്തിക്കുന്ന വിവരം അറിയുന്നില്ലെന്നും സക്ഷമയുടെ പ്രവര്‍ത്തനങ്ങള്‍ വിവരിച്ച സക്ഷമ സംസ്ഥാന ജനറല്‍സെക്രട്ടറി സുധാകരന്‍ മാസ്റ്റര്‍ പറഞ്ഞു. 2020ഓടെ ഭാരതം കോര്‍ണിയ അന്ധത മുക്ത രാജ്യമാക്കി മാറ്റുക എന്നതാണ് സക്ഷമയുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡോ. അത്മദേവ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ മുന്‍ കൗണ്‍സിലര്‍ സത്യഭാമ, സക്ഷമ സംസ്ഥാന സെക്രട്ടറി ശശികുമാര്‍ ആലപ്പുഴ, സക്ഷമ കോഴിക്കോട് ജില്ലാ ജനറല്‍സെക്രട്ടറി പ്രകാശന്‍, ജില്ലാ സെക്രട്ടറി സുനില്‍കുമാര്‍, ജില്ലാ ജോയിന്റ്‌സെക്രട്ടറി അരവിന്ദാക്ഷന്‍, ബാബു മണാശ്ശേരി, പാലക്കാട് ശശികുമാര്‍, പാലക്കാട് രാമചന്ദ്രന്‍, പാലക്കാട് കൃഷ്ണദാസ് എന്നിവര്‍ സംസാരിച്ചു. പരിപാടിയോടനുബന്ധിച്ച് ഭജന സങ്കീര്‍ത്തന പരിശീലനവും ഭജന ആലാപനവും നടന്നു. കെ.കെ. രമേഷ് ഉദ്ഘാടനം നിര്‍വ്വഹിച്ച ഭജന പരിശീലനത്തില്‍ കെ.കെ. രമേഷ്, രമേഷ്ബാബു, യജ്ഞേശ്വര്‍ ശാസ്ത്രി എന്നിവര്‍ ക്ലാസെടുത്തു. കനറാബാങ്ക് ചാലപ്പുറം ശാഖയാണ് ഭിന്നശേഷിക്കാര്‍ക്കായി വാദ്യഉപകരണങ്ങള്‍ നല്‍കിയത്. നേത്രദാനം ചെയ്യുന്നതിന് സന്നദ്ധരായ വ്യക്തികള്‍ 9495204860, 9460054540 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് സക്ഷമ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.