താമരയുടെ തോഴന്‍

Saturday 21 May 2016 7:15 pm IST

തപസ്യ കലാസാഹിത്യ വേദിയുടെ ഇരുപത്തഞ്ചാം വാര്‍ഷികോത്സവം കോഴിക്കോട് ജയാ ആഡിറ്റോറിയത്തിലാണ് നടന്നത്. അന്ന് കേന്ദ്രമന്ത്രിയായിരുന്ന ഒ. രാജഗോപാലായിരുന്നു മുഖ്യാതിഥി. തപസ്യയുടെ അന്നത്തെ ഉപാദ്ധ്യക്ഷന്‍ പ്രൊഫ.കെ.പി. ശശിധരന്‍ കേന്ദ്രമന്ത്രിക്ക് സ്വാഗതം ആശംസിച്ചത് ഇങ്ങനെയായിരുന്നു, ''മുഗള്‍സരായിയിലെ ആ റയില്‍വേട്രാക്കില്‍ ചിതറിത്തെറിച്ച ചോരത്തുള്ളികളില്‍ നിന്നാണ് ശ്രീ രാജഗോപാലിന്റെ വരവ്. ഭാരതത്തിന് ഏകാത്മമാനവവാദത്തിന്റെ പ്രകാശം പകര്‍ന്ന പണ്ഡിറ്റ് ദീനദയാല്‍ ഉപാദ്ധ്യായയുടെ ചോരയായിരുന്നു അത്. ആ ചോരത്തുള്ളി ആദര്‍ശത്തിന്റെ കുങ്കുമതിലകമായി നെറ്റിയില്‍ ചാര്‍ത്തുമ്പോള്‍ രാജഗോപാലിന് സാമാന്യം ഭേദപ്പെട്ട വരുമാനം ലഭിക്കുമായിരുന്ന ഒരു തൊഴില്‍ കൈവശമുണ്ടായിരുന്നു. അഭിഭാഷകവൃത്തിയുടെ ആ കറുത്ത ഗൗണ്‍ വലിച്ചെറിഞ്ഞ്, എന്നെങ്കിലും, ഏതെങ്കിലും കാലത്ത് എന്തെങ്കിലും ആകുമെന്ന് സ്വപ്‌നം കാണാന്‍പോലും ആരും ധൈര്യപ്പെടാതിരുന്ന ഒരു പാര്‍ട്ടിയുടെ കൊടിയുമേന്തി കര്‍മ്മപഥത്തിലേക്കിറങ്ങാന്‍ കാട്ടിയ തന്റേടമുണ്ടല്ലോ... ആ തന്റേടത്തെയാണ് തപസ്യ അതിന്റെ ഇരുപത്തഞ്ചാം വാര്‍ഷികോത്സവത്തിലേക്ക് നിറഞ്ഞ അഭിമാനത്തോടെ സ്വാഗതം ചെയ്യുന്നത്.'' 1968 ഫെബ്രുവരി 11ന്റെ പുലരിയില്‍, മുഗള്‍സരായിയിലെ റയില്‍വേട്രാക്കില്‍ യുഗപ്രഭാവനായ ദീനദയാല്‍ജി കൊല്ലപ്പെട്ട കാലത്ത് മുപ്പത്തൊമ്പത് വയസ്സായിരുന്നു രാജേട്ടന്. രാജ്യം ദീനദയാലിന്റെ പാതയെ കൗതുകത്തോടെ ഉറ്റുനോക്കിയിരുന്ന കാലമാണത്. മോഷ്ടാക്കളെ പഴിചാരി കോണ്‍ഗ്രസ് ഭരണകൂടങ്ങള്‍ അടച്ചുവെച്ച ദുരൂഹമായ ആ കൊലപാതകത്തിന്റെ ഇരുളറകളില്‍ ഇനിയും അന്വേഷണത്തിന്റെ വെളിച്ചം എത്തിനോക്കിയിട്ടില്ല. അതിനും ആറ് കൊല്ലം മുമ്പാണ് രാജേട്ടന്‍ ജനസംഘത്തിലേക്ക് എത്തുന്നത്. ആ ആറ് കൊല്ലം മതിയായിരുന്നു രാജേട്ടന് ദീനദയാലിന്റെ ആദര്‍ശങ്ങള്‍ നെഞ്ചേറ്റി മറ്റെല്ലാം മാറ്റിവെച്ച് മാറ്റത്തിന്റെ ചാലകനാവാനുള്ള തീരുമാനം കൈക്കൊള്ളാന്‍. മുഗള്‍സരായിയിലെ ചോരത്തുള്ളികളില്‍ അന്ന് പുലര്‍ന്നത് പുതിയ യുഗമായിരുന്നുവെന്ന് ഇന്ന് ഭാരതം തിരിച്ചറിയുന്നുണ്ട്. ഇപ്പോള്‍ കേരളവും. എണ്‍പത്താറാം വയസില്‍ രാജേട്ടന്‍ എംഎല്‍എ ആകുന്നു. ഒന്‍പത് തവണ നിയമസഭയിലേക്കും ആറ് തവണ ലോക്‌സഭയിലേക്കും മത്സരിച്ച് തോറ്റതിനുശേഷം പതിനാറാം തവണ നേമത്ത് വിജയം. തോല്‍ക്കാനായി വീണ്ടും രാജഗോപാല്‍ എന്ന് ഓരോ തെരഞ്ഞെടുപ്പിലും പരിഹാസം ചൊരിഞ്ഞവരുണ്ട്. ലോക്‌സഭ‘മുതല്‍ പഞ്ചായത്തുവരെ മത്സരിക്കാന്‍ ബിജെപിക്ക് ഒരു താരമേ ഉള്ളൂ എന്ന് ആക്ഷേപിച്ചവരുമുണ്ട്. അടുത്തിടെയായി രാജേട്ടനും പകുതി തമാശയായും പകുതി കാര്യമായും ഈ പരിഹാസം ജനങ്ങളോട് പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്. തെരഞ്ഞെടുപ്പുകള്‍ രാജേട്ടന് പാര്‍ട്ടി പ്രവര്‍ത്തനത്തിന്റെ ഭാഗമായിരുന്നു എന്നും. അണികളും ആരാധകരും പ്രതീക്ഷയുടെ തേരേറിയപ്പോള്‍ രാജേട്ടന്‍ നിസ്സംഗനായിരുന്നു. തോല്‍വിയില്‍ നിരാശയിലേക്ക് ഒപ്പമുള്ളവര്‍ കൂപ്പുകുത്തിയപ്പോഴും രാജേട്ടന് അതേ ഭാവമായിരുന്നു. സമദുഃഖസുഖക്ഷമീ എന്നുപറയാനാകും വിധം ആ മനസ് സ്ഥിതപ്രജ്ഞന്റെ തലത്തിലെത്തിയിരുന്നു. അതുകൊണ്ട് രാജേട്ടന്‍ തോല്‍വികളില്‍ നിരാശനായില്ല, പോരാട്ടങ്ങളില്‍ ആവേശം കൊണ്ടില്ല. ഇപ്പോള്‍ കാലം കാത്തുവച്ച വിജയത്തേരേറുമ്പോഴും തുളുമ്പുന്നില്ല തെല്ലും ആ നിറകുടം. അടല്‍ബിഹാരി വാജ്‌പേയിയുടെ നേതൃത്വത്തില്‍ കേന്ദ്രത്തില്‍ ബിജെപി ഭരിച്ച കാലത്താണ് ഒ. രാജഗോപാല്‍ എന്ന ഓലഞ്ചേരി രാജഗോപാല്‍ മധ്യപ്രദേശില്‍നിന്ന് എംപി ആയതും പിന്നെ മന്ത്രിയായതും. പ്രതിരോധവും പാര്‍ലമെന്ററി കാര്യവും നഗരവികസനവും നീതിന്യായവും റയില്‍വേയുമെല്ലാം മാറിമാറി കൈകാര്യം ചെയ്ത ആ കാലത്താണ് കേരളം ഒരു കേന്ദ്രമന്ത്രിയുടെ വില അറിയുന്നത്. രാഷ്ട്രീയം ജനസേവനമാണെന്ന് തിരിച്ചറിഞ്ഞ രാജേട്ടന്റെ പ്രഭാവം കേരളത്തിലേക്ക് കേന്ദ്രസഹായം ആവോളം എത്തിച്ചു. തിരുവനന്തപുരത്ത് ഹൈക്കോടതി ബെഞ്ചിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായി. മേല്‍പ്പാലങ്ങളും പാത നവീകരണങ്ങളും പുതിയ ട്രെയിനുകളുമായി വികസനം ചൂളംവിളിച്ച് പാഞ്ഞെത്തിയപ്പോള്‍ നിയമസഭയില്‍ ബിജെപിയെ കയറ്റരുതെന്ന് ഇപ്പോള്‍ അലമുറയിട്ട് പായുന്ന ചേര്‍ത്തലക്കാരന്‍ ആന്റണി അന്ന് പറഞ്ഞത്, ഇതാ കേരളത്തിന്റെ അംബാസഡര്‍ എന്നാണ്. മത്സരിച്ചതും പൊരുതിക്കയറിയതും അവസാനം തോല്‍വിയുടെ തീരമണഞ്ഞതുമൊക്കെ ആളുകള്‍ എഴുതിത്തള്ളിയ ഒരു പ്രസ്ഥാനത്തിന്റെ കരുത്തറിയിച്ച വിജയചരിത്രത്തിന്റെ ഏടുകളാവുകയാണ് ഇപ്പോള്‍. ഓരോ തോല്‍വിയിലും രാജേട്ടന്‍ സ്വന്തം പ്രസ്ഥാനത്തിന് കേരളത്തിന്റെ മണ്ണില്‍ വേരുറപ്പിച്ചു. തോല്‍വികളേറ്റുവാങ്ങാന്‍ രാജേട്ടന്‍ എന്ന പരിഹാസം നെഞ്ചേറ്റുകൊണ്ടുത്തന്നെ വട്ടിയൂര്‍ക്കാവിലും കഴക്കൂട്ടത്തും തിരുവനന്തപുരത്തും നേമത്തും നെയ്യാറ്റിന്‍കരയിലും കോവളത്തും പാറശ്ശാലയിലും അരുവിക്കരയിലുമെല്ലാം പാര്‍ട്ടിയുടെ കോട്ടകള്‍ തീര്‍ത്തു. മത്സരിച്ചപ്പോഴൊക്കെ അത്ഭുതങ്ങള്‍ സംഭവിച്ചു. ഇടതുവലതുമുന്നണികളുടെ കോട്ടകള്‍ ആടിയുലഞ്ഞു. തെരുവുകള്‍ രാജേട്ടന് വേണ്ടി ആര്‍ത്തുവിളിച്ചു. ജനമനസ്സില്‍ പകരംവെക്കാനില്ലാത്ത പ്രതിനിധിയായി രാജേട്ടന്‍ മാറുകയായിരുന്നു. പതിനായിരങ്ങളുടെ വോട്ടെണ്ണത്തിന്റെ കരുത്തില്‍ ലോക്‌സഭയിലേക്കും നിയമസഭയിലേക്കും മത്‌സരിക്കുന്ന പതിവില്‍നിന്ന് ആയിരങ്ങള്‍ മാത്രം അനുകൂലിച്ച പാരമ്പര്യമുള്ള അരുവിക്കരയിലും നെയ്യാറ്റിന്‍കരയിലുമൊക്കെ അദ്ദേഹം പോരാളിയായി രംഗത്തിറങ്ങി. മത്സരം കഴിഞ്ഞ് മടങ്ങിയത് അഞ്ചിരട്ടി വോട്ടിന്റെ കരുത്തുമായാണ്. ഇനി തന്റെ പ്രസ്ഥാനം അവിടങ്ങളില്‍ പിന്നാക്കം പോകില്ലെന്ന ആത്മവിശ്വാസമാണ് രാജേട്ടന് കരുത്തായത്. ഒരര്‍ത്ഥത്തില്‍ രാജേട്ടന്റെ തോല്‍വികള്‍ നല്‍കിയ കരുത്തിലാണ് കേരളമാകെ വിടരാന്‍വെമ്പി നൂറുകണക്കിന് താമരകള്‍ നില്‍ക്കുന്നത്. ഓരോ തവണയും രാജേട്ടന്‍ തോറ്റപ്പോള്‍ തോറ്റത് ജനാധിപത്യവും ജനങ്ങളുമാണ്. 2004ലും 2014ലും തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ ജനങ്ങള്‍ രാജേട്ടന് വോട്ട് ചെയ്തു. 2011ല്‍ നേമത്തും 12ല്‍ നെയ്യാറ്റിന്‍കരയിലും 15ല്‍ അരുവിക്കരയിലും ജനങ്ങള്‍ രാജേട്ടന്‍ തങ്ങളുടെ പ്രതിനിധിയാകണമെന്ന് ആഗ്രഹിച്ചു. അപ്പോഴൊക്കെ നെറികെട്ട രാഷ്ട്രീയം ജനങ്ങളെ തോല്‍പിക്കാന്‍ കൈകോര്‍ത്തു. ആന്റണിയും ഉമ്മന്‍ചാണ്ടിയും സുധീരനും വിഎസും പിണറായിയും കോടിയേരിയുമെല്ലാം ജനങ്ങള്‍ക്കെതിരെ സംഘടിച്ചു. താമര വിരിയില്ലെന്നും നിയമസഭയിലേക്ക് ഒരു ബിജെപിക്കാരനെയും കയറ്റില്ലെന്നും തറവാട് ഭാഗംവെച്ച് കിട്ടിയതാണ് അതെന്ന ധാര്‍ഷ്ട്യത്തോടെ അവര്‍ ആക്രോശിച്ചു. കള്ളക്കഥകള്‍ പറഞ്ഞും വര്‍ഗീയവികാരം ആളിക്കത്തിച്ചും അപമാനിക്കാനാവും വിധം അപമാനിച്ചും ഒറ്റപ്പെടുത്തി ആക്രമിച്ചും കൊള്ളരുതായ്മയുടെ രാഷ്ട്രീയക്കളികളുമായി അവര്‍ ജനങ്ങളുടെ മനഃസാക്ഷിയെ വെല്ലുവിളിച്ചു. 'നിങ്ങള്‍ വോട്ട് ചെയ്താലും ഞങ്ങള്‍ തോല്‍പിക്കു'മെന്നതായിരുന്നു ബംഗാളിബാബുമാരുടെ കേരളാപ്പതിപ്പുകള്‍ ഉളുപ്പില്ലാതെ വിളിച്ചുപറഞ്ഞത്. അരങ്ങിലും അടുക്കളയിലും അവര്‍ ഒത്തുചേര്‍ന്നു. ജനങ്ങളോട് യുദ്ധം പ്രഖ്യാപിച്ചു. എന്നിട്ടും ഇക്കുറി നേമത്തുകാര്‍ വിജയിച്ചു. രാജേട്ടന് നേമത്തെ മുസ്ലിങ്ങള്‍ വോട്ട് ചെയ്തു. ക്രിസ്ത്യാനികള്‍ വോട്ട് ചെയ്തു. ഹിന്ദുക്കളും വോട്ട് ചെയ്തു. ജനാധിപത്യത്തില്‍ വിശ്വസിക്കുന്നവരെല്ലാം വോട്ട് ചെയ്തു. അഴിമതിയുടെ രാക്ഷസക്കോട്ടകളില്‍ ഉറക്കമില്ലാത്ത രാത്രികള്‍ക്ക് തുടക്കമിട്ട് ഒറ്റത്താമരയ്ക്ക് അവര്‍ വോട്ട് കുത്തി. നേമത്തുനിന്ന് നിയമസഭയിലേക്ക് കടക്കുന്നത് ഒരാളല്ല, ഒരു പ്രസ്ഥാനമാണെന്നത് ഈ കൂട്ടുകച്ചവടക്കാരുടെ ഉറക്കം കെടുത്തുകതന്നെ ചെയ്യും.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.