വിജയ്കാന്തിന്റെ ഡിഎംഡികെയ്ക്ക് പദവി നഷ്ടം

Saturday 21 May 2016 8:43 pm IST

ചെന്നൈ: തെരഞ്ഞെടുപ്പില്‍ നാണം കെട്ട തോല്‍വിക്ക് പുറമെ പ്രമുഖ ചലച്ചിത്ര താരം വിജയ്കാന്തിന്റെ ഡിഎംഡികെയ്ക്ക് മറ്റൊരു തിരിച്ചടി കൂടി. തമിഴ്‌നാട് ദേശീയ മൂര്‍പോക് ദ്രാവിഡ കഴകത്തിന് സംസ്ഥാന പാര്‍ട്ടി പദവി നഷ്ടമായി. നിയമസഭാ തെരഞ്ഞെടുപ്പിലെ മോശം പ്രകടനമാണ് കാരണം. തെരഞ്ഞെടുപ്പ് ഫലം വന്നതിന് തൊട്ടുപിന്നാലെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പാര്‍ട്ടിയുടെ അംഗീകാരം റദ്ദാക്കിയത്. പാര്‍ട്ടി മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടിയ വിജയകാന്തിന് കെട്ടി വച്ച കാശ് പോലും നേടാനായില്ല. പാര്‍ട്ടിയുടെ അംഗീകാരം നഷ്ടമായതോടെ ഇനി ഇവര്‍ക്ക് ചെണ്ട ചിഹ്നമായി ഉപയോഗിക്കാനുമാകില്ല. പോള്‍ ചെയ്ത വോട്ടുകളില്‍ എട്ട് ശതമാനമെങ്കിലും നേടിയ പാര്‍ട്ടിക്ക് മാത്രമേ സംസ്ഥാന പാര്‍ട്ടി എന്ന അംഗീകാരം നല്‍കൂ. നിയമസഭയില്‍ മൂന്ന് ശതമാനം സീറ്റ് നേടുന്ന പാര്‍ട്ടിയെയും സംസ്ഥാന പാര്‍ട്ടി യായി അംഗീകരിക്കും. 2005ല്‍ രൂപീകരിക്കപ്പെട്ട ഡിഎംഡികെ 2006ല്‍ നേരിട്ട ആദ്യ തെരഞ്ഞെടുപ്പില്‍ 8.38ശതമാനം വോട്ട് നേടി. 2009ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും പാര്‍ട്ടിക്ക് 10.8ശതമാനം വോട്ട് സ്വന്തമാക്കി. എഐഎഡിഎംകെയുടെ ഭാഗമായി മത്സരിച്ച് നിയമസഭയില്‍ 29 സീറ്റുകളും 7.88ശതമാനം വോട്ടുകളും നേടിയപ്പോഴാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സംസ്ഥാന പാര്‍ട്ടി എന്ന അംഗീകാരം നല്‍കിയത്. ഇതോടെ പാര്‍ട്ടി ചിഹ്നം തമിഴ്‌നാട്ടിലെ ഡിഎംഡികെയ്ക്ക് വേണ്ടി തെരഞ്ഞെടുപ്പ് കമ്മീഷന്‍ നീക്കി വയ്ക്കുകയും ചെയ്തു. 2014 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാന പാര്‍ട്ടി എന്ന അംഗീകാരത്തോടെയാണ് പാര്‍ട്ടി ജനവിധി തേടിയത്. ഇത്തവണ എഐഎഡിഎംകെയുമായുളള ബാന്ധവം ഉപേക്ഷിച്ച് പീപ്പിള്‍സ് വെല്‍ഫെ യര്‍ഫ്രണ്ടിനൊപ്പം ചേരുകയും മുഖ്യമന്ത്രിസ്ഥാനാര്‍ത്ഥിയായി സ്വയം പ്രഖ്യാപിക്കുകയുമായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.