ഹൂഡയ്‌ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു

Saturday 21 May 2016 8:53 pm IST

ന്യൂദല്‍ഹി: നിയമവിരുദ്ധമായി ഭൂമി പതിച്ചു നല്‍കിയെന്ന കേസില്‍ ഹരിയാന മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഭൂപീന്ദര്‍ സിങ് ഹൂഡയ്‌ക്കെയ്തിരെ സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തു. 2012ല്‍ ഹരിയാന നഗര വികസന വകുപ്പ് (എച്ച്‌യുഡിഎ) ചെയര്‍മാനായിരിക്കെ നിയമവിരുദ്ധമായി പഞ്ച്കുലയില്‍ ബന്ധുക്കള്‍ക്ക് സ്ഥലം പതിച്ചു നല്‍കിയെന്ന കുറ്റത്തിനാണ് സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എച്ച്‌യുഡിഎയിലെ മറ്റു ഭരണാധികാരികളായ ചീഫ് അഡ്മിനിസ്‌ട്രേറ്റര്‍ ഓഫ് ഡിപിഎസ് നഗല്‍ (റിട്ട. ഐഎഎസ്), ചീഫ് ഫിനാന്‍ഷ്യല്‍ കണ്‍ട്രോളര്‍ എസ്. സി. കന്‍സല്‍, ഡെപ്യൂട്ടി സൂപ്രണ്ടന്റ് ബി. ബി. തനേജ തുടങ്ങിയവര്‍ക്കതിരേയും സിബിഐ കേസ് എടുത്തിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് സിബിഐ ഹൂഡയെ അടുത്തുതന്നെ ചോദ്യം ചെയ്യുമെന്നാണ് സൂചന. സംസ്ഥാനത്തെ ബിജെപി സര്‍ക്കാരാണ് ഈ കേസ് വിശദമായ അന്വേഷണങ്ങള്‍ക്കായി സിബിഐക്ക് കൈമാറിയത്. ഇതുമായി ബന്ധപ്പെട്ട് ദല്‍ഹി, ചണ്ഡീഗഢ്, പഞ്ച്കുല, ഫരീദാബാദ്, ഗുഡ്ഗാവ്, കര്‍ണല, കുരുക്ഷേത്ര, രോഹ്തക് തുടങ്ങി രാജ്യത്തിന്റെ വിവിധ നഗരങ്ങളില്‍ സിബിഐ റെയ്ഡ് നടത്തിയിരുന്നു. ഇതില്‍ നിന്നും പഞ്ച്കുലയില്‍ വ്യവസായ സ്ഥാപനങ്ങള്‍ക്കും സ്വകാര്യ വ്യക്തികള്‍ക്കുമായി 14ഓളം ഭൂമി കൈമാറ്റങ്ങള്‍ നടന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇതെല്ലാം ഹൂഡയുടേയും എച്ച്‌യുഡിഎയുടേയും ഉദ്യോഗസ്ഥരുടേയും ബന്ധുക്കള്‍ക്കായാണ് പതിച്ചു നല്‍കിയിരിക്കുന്നതെന്ന് സിബിഐ അറിയിച്ചു. ഇതു കുടാതെ മാര്‍ക്കറ്റ് വിലയില്‍ നിന്നും വളരെ കുറഞ്ഞ തുകയിലാണ് വസ്തു കൈമാറ്റം നടത്തിയിട്ടുള്ളത്. മുന്‍ അഡീഷണല്‍ എജി നന്ദിത ഹൂഡ, മുന്‍ പഞ്ചാബ്, ഹരിയാന ഹൈക്കോടതി ജഡ്ജിയുടെ ബന്ധു മനോജ് കൗര്‍, ഹൂഡയുടെ ബന്ധു രേണു ഹൂഡ, ഹൂഡയുടെ സഹായികളായിരുന്ന കേണല്‍ ഔ. പി. ദഹിയ, രമണ്‍ കന്‍സല്‍, അശോക് വര്‍മ, സിദ്ധാര്‍ത്ഥ് ഭരദ്വാജ്, ദഗര്‍ കട്യാല്‍, കന്‍വര്‍ പ്രീത്, സിങ് സന്ധു, അമന്‍ ഗുപ്ത എന്നിവര്‍ക്കാണ് പഞ്ച്കുലയില്‍ നിയമവിരുദ്ധമായി ഭൂമി കൈമാറിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.