വി.എസിനെ ജനകീയനാക്കിയത് താനെന്ന് പി.സി. ജോര്‍ജ്ജ്

Saturday 21 May 2016 9:56 pm IST

കോട്ടയം: വി.എസ് അച്യുതാനന്ദനെ ജനകീയനാക്കിയത് താനാണെന്ന് പി.സി. ജോര്‍ജ്ജ്്. കോട്ടയത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. മൂന്നാറും മതികെട്ടാന്‍മലയും അടക്കമുള്ള ജനകീയ പ്രശ്‌നങ്ങളില്‍ ഇടപെട്ടതിലൂടെയാണ് അദ്ദേഹത്തിന് ജനകീയമുഖം ഉണ്ടായത്. ഇതിന് നേതൃത്വം കൊടുത്തതും അദ്ദേഹത്തെ പ്രേരിപ്പിച്ചതും താനാണെന്നും ജോര്‍ജ്ജ് പറഞ്ഞു. തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് വിജയം നേടികൊടുത്ത വിഎസ്സിനെ മുഖ്യമന്ത്രി ആക്കാതിരിക്കുന്നത് നീതികേടാണ്. വിഎസ് ഇല്ലായിരുന്നുവെങ്കില്‍ ഒരുപക്ഷെ, തെരഞ്ഞെടുപ്പ് ഫലം മറിച്ചാകുമായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പിണറായിയെ മുഖ്യമന്ത്രിയാക്കിയതിലൂടെ ഇടതുപക്ഷത്തിന് വോട്ടു ചെയ്ത സാധാരണക്കാരെ വഞ്ചിക്കുന്ന നിലപാടാണ് പാര്‍ട്ടി സ്വീകരിച്ചിട്ടുള്ളത്. പിണറായി നല്ല മുഖ്യമന്ത്രി ആണോയെന്ന് കാത്തിരുന്ന് കാണാമെന്നും നല്ലതു ചെയ്താല്‍ താന്‍ പിന്തുണയ്ക്കുമെന്നും പി.സിജോര്‍ജ്ജ് പറഞ്ഞു. കെ.എം.മാണി നികൃഷ്ടജീവിയാണ്. കൂടാതെ, കര്‍ഷക ദ്രോഹിയും തെറ്റുകളുടെ കൂമ്പാരവുമാണ്. പാലായില്‍ കെ.എം.മാണി ജയിച്ചതിന് ആദ്യം നന്ദി പറയേണ്ടത് വെള്ളാപ്പള്ളിക്കാണെന്നും പി.സി പറഞ്ഞു. മാണി തോല്‍ക്കുമെന്ന പി.സിയുടെ പ്രവചനം തെറ്റായല്ലോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഇനി ഒത്തു തീര്‍പ്പുകളുടെ ഭരണമാണുണ്ടാകുകയെന്നും അദ്ദേഹം പറഞ്ഞു. സോളാര്‍ കേസ്സില്‍ ഉമ്മന്‍ചാണ്ടി പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടാന്‍ ഇടയില്ല. കാരണം പിണറായിയും ഉമ്മന്‍ചാണ്ടിയും പരസ്പര കൂട്ടുകെട്ടിലാണ്. കഴിഞ്ഞ ദിവസം ഇരുവരും പരസ്യമായി കാണുകയുണ്ടായി. ഇനി ഇവരുടെ കാഴ്ച അതീവരഹസ്യമായിരിക്കുമെന്നും ജോര്‍്ജ് ആരോപിച്ചു. ഭരണപക്ഷത്തോ, പ്രതിപക്ഷത്തോ അല്ല താന്‍ ജനപക്ഷത്തുനിന്നാണ് ഇനി പ്രവര്‍ത്തിക്കുക. ഇപ്പോള്‍ ഇടതുപക്ഷത്തെ പിന്തുണയ്ക്കുന്ന വൈദികരുടെ നിലപാട് അഴകുള്ളവനെ അപ്പനെന്ന് വിളിക്കുന്നതിന് തുല്ല്യമാണ്. പൂഞ്ഞാറില്‍ തന്റെ പരാജയത്തിന് കച്ചകെട്ടിയിറങ്ങിയ ആന്റോ ആന്റണി എംപി അടുത്ത തെരഞ്ഞെടുപ്പില്‍ വിവരം അറിയുമെന്നും ജോര്‍ജ്ജ് കൂട്ടിച്ചേര്‍ത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.