ചിങ്ങവനം: കുഴികള്‍ നിറഞ്ഞ പന്നിമറ്റം-പരുത്തുംപാറ റോഡ് യാത്രക്കാര്‍ക്ക് ദുരിതമാകുന്നു. പന്നിമറ്റം മുതല്‍ പരുത്തുംപാറവരെയും കുഴികള്‍ നിറഞ്ഞ അവസ്ഥയിലാണ്. ചിങ്ങവനം റെയില്‍വേ മേല്‍പ്പാലത്തിന്റെ നവീകരണം നടക്കുന്നതിനാല്‍ ചിങ്ങവനത്തിനു കിഴക്കന്‍ പ്രദേശങ്ങളില്‍ ഉള്ളവര്‍ ഈ റോഡിനെയാണ് ഇപ്പോള്‍ ആശ്രയിക്കുന്നത്. പന്നിമറ്റം കവലയില്‍ നിന്നും ആണ് വാഹനങ്ങളെ ഈ ഭാഗത്തേയ്ക്ക് തിരിച്ചു വിടുന്നത്. ഇതും റോഡ് കൂടുതല്‍ തകരുന്നതിനു കാരണമായി. പന്നിമറ്റം കവലയ്ക്ക് സമീപമുള്ള റെയില്മേല്പ്പാലത്തിനു താഴെ ഭാഗത്ത് റോഡില്‍ ടാറിങ് ഇളകി കൂടുതല്‍ അപകടകരമായ സ്ഥിതിയാണ്. ഈ റോഡിലെ കുഴികളില്‍ വെള്ളം നിറഞ്ഞു നില്ക്കുന്നതും അപകടത്തിനു കാരണമാകുന്നു. അപരിചിതരായ ഇരുചക്രവാഹന യാത്രക്കാരാണ് ഇതുമൂലം കൂടുതല്‍ ബുദ്ധിമുട്ടുന്നത്. പലയിടങ്ങളിലും മെറ്റല്‍ ഇളകി കിടക്കുന്നത് അപകടഭീഷണിയാകുന്നു .ചിങ്ങവനം മേല്‍പ്പാലത്തിന്റെ നവീകരണജോലികള്‍ ഇനിയും വൈകുന്ന സാഹചര്യത്തില്‍ അടിയന്തരമായി റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് ശക്തമായ ആവശ്യം ഉയരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: