തടി രക്ഷിക്കാന്‍ യെച്ചൂരി വിഎസ്സിനെ ബലികൊടുത്തു

Saturday 21 May 2016 10:35 pm IST

കൊച്ചി: ആത്മരക്ഷയ്ക്ക് യെച്ചൂരി ആത്മമിത്രത്തെ ബലികൊടുത്തു; വിഎസിനെ കൈയൊഴിഞ്ഞ് പിണറായി വിജയനെ സംസ്ഥാന മുഖ്യമന്ത്രിയാക്കുന്നതായി പ്രഖ്യാപിച്ചതോടെ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഒരു സംസ്ഥാനത്തെ  മുന്‍ പാര്‍ട്ടി സെക്രട്ടറിയ്ക്ക് അടിയറവു പറയുകയായിരുന്നു. അല്ലെങ്കില്‍ത്തന്നെ ദേശീയ പദവി നഷ്ടപ്പെട്ട പാര്‍ട്ടിയ്ക്ക് ഇനി ജനറല്‍ സെക്രട്ടറി എന്ന പദം വെറും അലങ്കാരം മാത്രം. യെച്ചൂരി സ്വന്തം തടി രക്ഷിയ്ക്കാനാണ് തന്നെ എന്നും സംരക്ഷിച്ചിരുന്ന വി.എസ്. അച്യുതാനന്ദനെ നിഷ്‌കരുണം, നിരുപാധികം, തള്ളിയത്. യെച്ചൂരിയുടെ തന്ത്രം ബംഗാളില്‍ പടുകുഴിയില്‍ വീണു. ഇതോടെ കേരളത്തിലെ  വിജയം നിഷ്പ്രഭമായി. കോണ്‍ഗ്രസുമായി സിപിഎം പശ്ചിമബംഗാളില്‍ ഉണ്ടാക്കിയ അവിശുദ്ധ ബന്ധത്തില്‍ പിറന്നത് ചാപിള്ളയായിരുന്നു. 2006-ല്‍ പാര്‍ട്ടിക്ക് അവസാനം അധികാരമുണ്ടായിരുന്നപ്പോള്‍ ബംഗാള്‍ നിയമസഭയില്‍ 176 സീറ്റും 37.13 ശതമാനം വോട്ടുമായിരുന്നു. 2011-ലെ തെരഞ്ഞെടുപ്പോടെ അത് 40 സീറ്റും 29.6 ശതമാനം വോട്ടുമായി. കോണ്‍ഗ്രുമായി സഖ്യമുണ്ടാക്കി, മമതയെ തോല്‍പ്പിച്ച്  ഈ നേട്ടം തിരിച്ചുപിടിക്കാന്‍ കഴിയുമെന്നായിരുന്നു പാര്‍ട്ടി നേതാക്കളുടെ വീരവാദം.പക്ഷെ സീറ്റ് 26 ആയി കുറഞ്ഞു, വോട്ടു ശതമാനം 19.7 ആയി. പാര്‍ട്ടിക്ക് ദേശീയ പദവിയും പോയി. വമ്പന്‍ പരാജയം. പാര്‍ട്ടി ഔദ്യോഗികമായി തീരുമാനിയ്ക്കാതെ, ബംഗാളില്‍ ജനറല്‍ സെക്രട്ടറി കോണ്‍ഗ്രസ് നേതാക്കളുമായി കൂടിയാലോചിച്ചുണ്ടാക്കിയ സഖ്യത്തിന്റെ പേരില്‍ യെച്ചൂരിയെ നിര്‍ത്തിപ്പൊരിയ്ക്കാന്‍ മറ്റു നേതാക്കള്‍ തയ്യാറായിരിക്കുകയാണ്. കത്തിമിനുക്കി കാത്തിരിയ്ക്കുകയാണ് ബംഗാളില്‍നിന്നുള്ള പോളിറ്റ് ബ്യൂറോ അംഗങ്ങളും പ്രകാശ് കാരാട്ട് അനുയായികളും. ബംഗാളിലെ നേട്ടം, കേരളത്തിലെ വിജയം, വരുതിയില്‍ നില്‍ക്കുന്ന വിഎസ് എന്ന സംസ്ഥാന മുഖ്യമന്ത്രി, ഇതൊക്കെയായിരുന്നു യെച്ചൂരിയുടെ പ്രതീക്ഷ. എന്നാല്‍, ഒടുവില്‍ സ്വന്തം നിലനില്‍പ്പു ഭീഷണിയായപ്പോള്‍ കാരാട്ടിനു കീഴടങ്ങുകയായിരുന്നു യെച്ചൂരി. അങ്ങനെ പിണറായിയെ വാഴിയ്ക്കാന്‍  സമ്മതിയ്ക്കുകയായിരുന്നു. പ്രേമിക്കുന്ന പെണ്ണിനോട് ചങ്ങാതിയുടെ അനുരാഗം അറിയിക്കാന്‍ നിയോഗിക്കപ്പെട്ടവന്റെ ഗതികേടായിരുന്നു യെച്ചൂരിയ്ക്ക്. വാഴിയ്ക്കാന്‍ വിളംബരം നടത്തിയശേഷം വാഴവെയ്‌ക്കേണ്ട അവസ്ഥയിലായിപ്പോയി യെച്ചൂരി. എകെജി സെന്ററിലേക്ക് വിഎസ്സിനെ യെച്ചൂരി വിളിച്ചപ്പോള്‍ ഒരു ഫിഫ്റ്റി-ഫിഫ്റ്റി കളിയായിരുന്നു വിഎസ് പ്രതീക്ഷിച്ചത്. അങ്ങനെയൊരു പ്രതീക്ഷ, തെരഞ്ഞെടുപ്പിന്റെ തുടക്കത്തില്‍, ഒത്തുതീര്‍പ്പുകളുടെ ഭാഗമായി യെച്ചൂരി വിഎസ്സിനു കൊടുക്കുകയും ചെയ്തിരുന്നു. പക്ഷേ, നിസ്സഹായത യെച്ചൂരിയുടെ മുഖത്തുനിന്നുതന്നെ വിഎസ് വായിച്ചറിഞ്ഞു. നിശ്ശബ്ദതയാണ് യോജിച്ച പ്രതികരണമെന്ന് വിഎസ് നിശ്ചയിക്കുകയും ചെയ്തു. ഒട്ടും ഒച്ചയനക്കമില്ലാതെ നടത്തിയ വിപ്ലവത്തില്‍ സംസ്ഥാന പാര്‍ട്ടി നേതൃത്വം തൃപ്തരാണ്. യെച്ചൂരിയുടെ വൈഭവമായി ഇതിനെ നേതാക്കള്‍ പ്രശംസിയ്ക്കുകയും ചെയ്യുന്നു. എന്നാല്‍, യെച്ചൂരിയ്‌ക്കെതിരേയുള്ള നീക്കങ്ങള്‍ക്ക് ഇത് തടസമാവില്ല.മാത്രമല്ല കേരളത്തില്‍നിന്ന് യെച്ചൂരിയ്ക്കു വേണ്ടി ഒരു ശബ്ദവും ഇനി ഉയരില്ലെന്നും വ്യക്തമായി. ദല്‍ഹിയിലെ എകെജി ഭവനേക്കാള്‍ മേലേ ആയിരിക്കും തിരുവനന്തപുരത്തെ എകെജി സെന്റര്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.