പി.കെ.കൃഷ്ണദാസ് കാട്ടാക്കടയിലെ വോട്ടര്‍മാര്‍ക്ക് നന്ദി അറിയിച്ചു

Saturday 21 May 2016 11:25 pm IST

  വിളപ്പില്‍: കാട്ടാക്കട മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ബിജെപി ദേശീയ സമിതിയംഗം പി.കെ. കൃഷ്ണദാസ് വോട്ടര്‍മാര്‍ക്ക് നന്ദി അറിയിച്ചു. ഇന്നലെ എന്‍ഡിഎ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ വിളിച്ചുചേര്‍ത്ത ഭാരവാഹി യോഗത്തിനു ശേഷമാണ് കൃഷ്ണദാസ് മണ്ഡലത്തിലെ പ്രബുദ്ധരായ വോട്ടര്‍മാരോട് നന്ദി പ്രകടിപ്പിച്ചത്. 2011 ലെ തെരഞ്ഞെടുപ്പില്‍ നല്‍കിയതിന്റെ ഇരട്ടി വോട്ടുകളാണ് ബിജെപിക്ക് തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ നല്‍കിയത്. ഒരു മാറ്റം കാട്ടാക്കടക്കാര്‍ ആഗ്രഹിച്ചു എന്നതിന് തെളിവാണിത്. ജാതി രാഷ്ട്രീയവും വോട്ടുകച്ചവടവും ശീലമാക്കിയ മുന്നണികളോട് മത്സരിച്ച് നേടിയ ഓരോ വോട്ടുകളും ബിജെപിക്ക് മുന്നോട്ടുള്ള പ്രയാണത്തിന് കരുത്ത് പകരുന്നതാണെന്ന് കൃഷ്ണദാസ് പറഞ്ഞു. കാട്ടാക്കടയില്‍ വിജയിച്ച ഇടത് സ്ഥാനാര്‍ത്ഥി ഐ.ബി. സതീഷിനെ കൃഷ്ണദാസ് അഭിനന്ദിച്ചു. ജനക്ഷേമ പ്രവര്‍ത്തനങ്ങളിലും നാടിന്റെ വികസന കാര്യങ്ങളിലും രാഷ്ട്രീയം മാനദണ്ഡമാക്കാതെ നീതിപൂര്‍വ്വം പ്രവര്‍ത്തിക്കാന്‍ അദ്ദേഹത്തിന് കഴിയട്ടെ എന്ന് കൃഷ്ണദാസ് ആശംസിച്ചു. എന്‍ഡിഎ കാട്ടാക്കട മണ്ഡലം തെരഞ്ഞെടുപ്പ് സമിതി ചെയര്‍മാന്‍ എം.എസ്. കുമാര്‍, കണ്‍വീനര്‍ മുക്കംപാലമൂട് ബിജു, വിവിധ കമ്മറ്റികളുടെ ഭാരവാഹികളായ കാട്ടാക്കട ശശി, പെരുമ്പഴുതൂര്‍ ഷിബു, ജയന്‍ കെ. പണിക്കര്‍, ജി. രാധാകൃഷ്ണന്‍ നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.