ഇരിട്ടിയില്‍ വന്‍ കഞ്ചാവ് വേട്ട ആറുകിലോ കഞ്ചാവുമായി രണ്ട് കണ്ണൂര്‍ സ്വദേശികള്‍ അറസ്റ്റില്‍

Sunday 22 May 2016 5:05 pm IST

ഇരിട്ടി: ഇരിട്ടിയില്‍ വന്‍ കഞ്ചാവ് വേട്ട. ആറുകിലോ കഞ്ചാവുമായി രണ്ടു പേരെ ഇരിട്ടി ഡിവൈഎസ്പി കെ.സുദര്‍ശന്റെയും ഉളിക്കല്‍ എസ്‌ഐ അനന്തകൃഷ്ണന്റെയും നേതൃത്വത്തിലുള്ള എസ്പി സ്‌ക്വാഡ് അറസ്റ്റ്‌ചെയ്തു. കണ്ണൂര്‍ ആദികടലായി സ്വദേശികളായ കല്ലേരി ഹൗസില്‍ അബ്ദുള്‍ ഗഫൂര്‍ (33), ഷിജാസ് (26) എന്നിവരാണ് അറസ്റ്റിലായത്. കണ്ണൂര്‍ എസ്പി ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനക്കിടെ ഉളിക്കല്‍ ടൗണില്‍ വെച്ചാണ് ഇന്നലെ രാവിലെ 7മണിയോടെ രണ്ടു പേരും പിടിയിലാവുന്നത്. രണ്ടു കിലോവിന്റെ മൂന്ന് പാക്കറ്റുകളിലാക്കി കയ്യിലെ സഞ്ചിയില്‍ സൂക്ഷിച്ച നിലയില്‍ നടന്നു പോകവേ ആണ് ഇവരെ പോലീസ് പിടികൂടിയത്. ബംഗലൂരുവില്‍ നിന്നും ഒരു ഹോള്‍സെയില്‍ കച്ചവടക്കാരനില്‍ നിന്നും കടത്തി കൊണ്ടുവന്ന കഞ്ചാവാണ് ഇതെന്ന് ഇരിട്ടി ഡിവൈഎസ്പി പറഞ്ഞു. 10 കിലോ കൊണ്ടുവന്നതില്‍ നാല് കിലോ ഇവര്‍ കച്ചവടം ചെയ്തതായും ബാക്കി ആറു കിലോ നാട്ടില്‍ എത്തിച്ച് ചെറിയ പാക്കുകളിലാക്കി ഇടനിലക്കാര്‍ക്കും ഇടപാടുകാര്‍ക്കും വിതരണം ചെയ്യുകയാണ് ഉദ്ദേശമെന്നും, ഇവര്‍ ഈ മേഖലയില്‍ കഞ്ചാവും മയക്കുമരുന്നും മറ്റും കച്ചവടം നടത്തുന്ന കണ്ണികളിലെ പ്രധാനികളാണെന്നും ഡിവൈഎസ്പി അറിയിച്ചു. ഇതിനു പിന്നിലുള്ള മറ്റ് കണ്ണികളുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ എസ്പിയുടെ നേതൃത്വത്തില്‍ ഇരിട്ടി ഡിവൈഎസ്പി തലവനായി പതിനഞ്ചംഗ നാര്‍ക്കോട്ടിക്ക് സ്‌ക്വാഡ് രൂപീകരിച്ചതായും, കഞ്ചാവ്, ബ്രൗണ്‍ഷുഗര്‍, പാന്‍ മസാലകള്‍ മുതലായ മയക്കു മരുന്നുകള്‍ വില്‍പ്പന നടത്തുകയും സൂക്ഷിച്ചു വെക്കുകയും ചെയ്യുന്നവരെക്കുറിച്ചു ഡിവൈഎസ്പി യുടെ മൊബൈല്‍ നമ്പറായ 9497990140ല്‍ പൊതുജനങ്ങള്‍ക്കു വിവരങ്ങള്‍ കൈമാറാമെന്നും ഡിവൈഎസ്പി അറിയിച്ചു. ഇരിട്ടി ഡിവൈഎസ്പി യേയും ഉളിക്കല്‍ എസ്‌ഐ യെയും കൂടാതെ എസ്പി സ്‌ക്വാഡ് അംഗങ്ങളായ അഭിജിത്ത്, മനേഷ്, ജാബിര്‍, സുകേഷ്, മിഥുന്‍, റജി സ്‌കറിയ, ബിജിലാല്‍ എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു. അറസ്റ്റു ചെയ്ത പ്രതികളെ മട്ടന്നൂര്‍ കോടതിയില്‍ ഹാജരാക്കി റിമാണ്ട് ചെയ്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.