നബിദിനത്തില്‍ സൈനിക മാര്‍ച്ച്: നൂറോളം പേര്‍ക്കെതിരെ കേസെടുത്തു

Tuesday 7 February 2012 5:00 pm IST

കാഞ്ഞങ്ങാട്‌: നബിദിനത്തോടനുബന്ധിച്ച് കാഞ്ഞങ്ങാട് നഗരത്തില്‍ പട്ടാളവേഷത്തില്‍ റൂട്ട് മാര്‍ച്ച് നടത്തിയ നൂറോളം പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ഞായറാഴ്ച നടന്ന നബിദിന റാലിയിലാണ് ഏതാനും യുവാക്കള്‍ സൈനിക വേഷത്തില്‍ പ്രത്യക്ഷപ്പെട്ടത്. ബല്ല കടപ്പുറം മിലാദ്‌ ഷെരീഫ്‌ കമ്മിറ്റിയാണ് റാലി സംഘടിപ്പിച്ചത്. ഐ.പി.സി 140 പ്രകാരം സേനാംഗമല്ലാത്തവര്‍ സൈനികനാണെന്ന് തെറ്റിദ്ധരിപ്പിക്കും വിധം പട്ടാള വേഷമോ ചിഹ്നങ്ങളോ ഉപയോഗിക്കുന്നത് കുറ്റമാണ്. ഇതടക്കം അഞ്ചോളം കുറ്റങ്ങള്‍ ചുമത്തിയാണ് ഹോസ്ദുര്‍ഗ് പോലീസ് കേസെടുത്തിരിക്കുന്നത്. റാലിയില്‍ നാട്ടുകാരല്ലാത്തവരും കടന്നു കൂടിയിട്ടുള്ളതായി പോലീസ് സംശയിക്കുന്നുണ്ട്. അതിനാല്‍ പരേഡിന്റെ വീഡിയോ ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. വളരെ കൃത്യമായി പരേഡ് നടത്താന്‍ പര്‍ശീലനം നല്‍കിയവരുടെ പശ്ചാത്തലവും പോലീസ് അന്വേഷിക്കുന്നുണ്ട്. മൂന്ന് മാസം തടവും 500 രൂപ പിഴയും ശിക്ഷിക്കാവുന്ന കുറ്റമാണ് ഇപ്പോള്‍ ചുമത്തിയിരിക്കുന്നത്. സംഭവത്തെ കുറിച്ച്‌ കേന്ദ്ര ഇന്റലിജന്‍സും അന്വേഷിക്കുന്നുണ്ട്‌. റാലിയ്ക്ക്‌ ശേഷം സൈനിക വേഷധാരികള്‍ നഗരത്തിന്റെ പല ഭാഗത്തും വാഹനങ്ങളില്‍ കയറി ചുറ്റുകയും ചെയ്തിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.