ഗവേഷക വിദ്യാര്‍ത്ഥികളെ പൂട്ടിയിട്ടു: എംജി സര്‍വ്വകലാശാല വീണ്ടും വിവാദത്തില്‍

Sunday 22 May 2016 10:39 pm IST

കോട്ടയം: എംജി സര്‍വ്വകലാശാലയിലെ ഗവേഷക വിദ്യാര്‍ത്ഥികളെ ക്ലാസ് മുറിയില്‍ പൂട്ടിയിട്ട സംഭവം വിവാദമാവുന്നു. ഏതാനും നാളുകള്‍ക്ക് മുമ്പ് ദീപ പി. മോഹന്‍ എന്ന ദലിത് വിദ്യാര്‍ത്ഥിനിക്ക് ഇരിപ്പിടം നിഷേധിച്ചതും മുറിയില്‍ പൂട്ടിയിട്ടതും വലിയ വിവാദമായിരുന്നു. ആ സംഭവത്തിന്റെ ചൂടാറുന്നതിന് മുമ്പാണ് പുതിയ വിവാദം ഉടലെടുത്തിരിക്കുന്നത്. ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ഇന്റന്‍സീസ് റിസര്‍ച്ച് ഇന്‍ ബേസിക് സയന്‍സിലെ ക്ലാസ് മുറിയിലാണ് പെണ്‍കുട്ടികളടക്കമുള്ളവരെ പൂട്ടിയിട്ടത്. ഐഐആര്‍ബിഎസിന്റെ ഓഫീസിനോട് ചേര്‍ന്നുള്ള ക്ലാസ് മുറിയില്‍ പഠിച്ചുകൊണ്ടിരുന്ന വിദ്യാര്‍ത്ഥികളാണിവര്‍. ഈ സമയം ക്ലാസ് റൂമില്‍ നാല് പെണ്‍കുട്ടികളും പത്തോളം ആണ്‍കുട്ടികളുമുണ്ടായിരുന്നു. ഇവര്‍ പിന്നീട് പുറകുഭാഗത്തുള്ള വാതില്‍ കുത്തിത്തുറന്നാണ് പുറത്തിറങ്ങിയതെന്ന് പറയപ്പെടുന്നു. 2009ല്‍ തുടക്കംകുറിച്ച ഈ വിഭാഗത്തിലെ ആദ്യ ബാച്ച് പുറത്തിറങ്ങിയ 2014 മുതല്‍ പ്രശ്‌നങ്ങളാരംഭിച്ചതാണ്. യഥാസമയം സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യാത്തതിനെ തുടര്‍ന്ന് ആദ്യ ബാച്ചിലെ വിദ്യാര്‍ത്ഥികള്‍ ഹൈക്കോടതിയെ സമീപിച്ചു. കോടതിയില്‍നിന്ന് അനുകൂലവിധി സമ്പാദിച്ച് സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കിയ മുഴുവന്‍ യുവാക്കള്‍ക്കും ജോലി ലഭിച്ചു. വിദഗ്ധരായ നിരവധി അദ്ധ്യാപകരുടെ സേവനം ഉപയോഗപ്പെടുത്തി അന്തര്‍ദേശീയ നിലവാരത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന ഐആര്‍ബിഎസ് തകര്‍ക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു. പഠനത്തിന്റെ ഭാഗമായി പരീക്ഷണശാലകള്‍ക്കാവശ്യമായ രാസപദാര്‍ത്ഥങ്ങള്‍ നിഷേധിച്ചും കാമ്പസില്‍ താമസിച്ചു പഠിക്കുന്നവര്‍ക്ക് പ്രാഥമികാവശ്യങ്ങള്‍ക്കുള്ള സൗകര്യങ്ങള്‍ നല്‍കാതെയും സ്ഥാപനത്തെ തകര്‍ക്കാന്‍ ശ്രമം നടക്കുന്നു. ഇതിനെതിരെ വി.സി. അടക്കമുള്ളവര്‍ക്ക് പരാതി നല്‍കിയിട്ടും യാതൊരു നടപടിയുമില്ലെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.