സുതാര്യതയിലൂടെ നവ ഭാരതത്തിന് മോദിയുടെ ആഹ്വാനം

Sunday 22 May 2016 11:43 pm IST

ന്യൂദല്‍ഹി: സുതാര്യതയിലൂടെ നവ ഭാരതം സൃഷ്ടിയ്ക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളെ ആഹ്വാനം ചെയ്തു. പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കീ ബതിലൂടെ രാജ്യത്തോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. നമുക്ക് നവഭാരതം കെട്ടിപ്പടുക്കണം. ഒരു സുതാര്യ ഭാരതം ഉണ്ടാക്കണം. നമ്മുടെ പദ്ധതികള്‍ ഭാരതത്തിന്റെ എല്ലാ കോണുകളിലും സമാനരൂപത്തില്‍ ഏറ്റക്കുറച്ചിലുകള്‍ ഇല്ലാതെ എത്തിക്കണം. നമ്മുടെ പഴയ മനോഭാവങ്ങളില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തണം, മോദി പറഞ്ഞു. ഇതിന് അദ്ദേഹം ജനങ്ങളുടെ സഹകരണം അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ആധാര്‍ കാര്‍ഡും ജന്‍ധന്‍ ബാങ്ക് അക്കൗണ്ടും മൊബൈല്‍ ഫോണും ചേര്‍ന്നുള്ള 'ജാം' സാങ്കേതിക സംവിധാനം വഴി കറന്‍സി ആവശ്യമില്ലാത്ത പണമിടപാടു നടത്താമെന്ന് മോദി വിശദീകരിച്ചു. അപ്പോള്‍, നോട്ടുകെട്ടുകളുടെ ആവശ്യമുണ്ടാവില്ല. പൈസയ്ക്ക് ആവശ്യമുണ്ടാവില്ല. പണമിടപാടുകള്‍ നമുക്ക് സ്വയം ചെയ്യാനാകും. മാത്രമല്ല, ഇടപാടുകളില്‍ തികഞ്ഞ സുതാര്യത തന്നെയുണ്ടാകും. നിയമവിരുദ്ധ ഇടപാടുകള്‍ എന്നന്നേയ്ക്കുമായി നിലയ്ക്കും. കള്ളപ്പണത്തിന്റെ സ്വാധീനം നന്നേ കുറയും, പ്രധാനമന്ത്രി വിശദീകരിച്ചു. വരുന്ന നാലു മാസക്കാലം ഓരോ തുള്ളി ജലവും സംരക്ഷിച്ച് വരള്‍ച്ചയെ നേരിടാന്‍ അഭ്യര്‍ത്ഥിച്ച പ്രധാനമന്ത്രി ഈ രംഗത്ത് വിവിധ സംസ്ഥാന സര്‍ക്കാരുകളുടെ വിജയകരമായ പദ്ധതികള്‍ വിശദീകരിച്ചു. ഇത് സര്‍ക്കാരിന്റെ മാത്രമോ, രാഷ്ട്രീയ നേതാക്കളുടെ മാത്രമോ കാര്യമല്ല. സാധാരണ ജനങ്ങളുടെയും കാര്യമാണെന്ന് ഓര്‍മ്മിപ്പിച്ച പ്രധാനമന്ത്രി മാധ്യമങ്ങളും ഇതില്‍ പങ്കാളികളാകാന്‍ ക്ഷണിച്ചു. സമഗ്രമായ ആസൂത്രണം ഉണ്ടെങ്കില്‍ ഉചിതമായ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിക്കൊണ്ട് സമയപരിധിക്കുള്ളില്‍ വ്യവസ്ഥകള്‍ പൂര്‍ത്തീകരിച്ചാല്‍ ഗണ്യമായ മാറ്റം ഈ രംഗത്ത്ഉണ്ടാക്കാന്‍ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. പരീക്ഷാഫലം വരുന്ന സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികളോടും പ്രത്യേകമായി മോദി സംസാരിച്ചു. നമുക്ക് ലഭ്യമായതില്‍ തൃപ്തരായില്ലെങ്കില്‍ പുതിയ ലക്ഷ്യം പൂര്‍ത്തികരിക്കാനാവില്ല. വിജയത്തില്‍ നിന്ന് ഉടലെടുത്ത അതൃപ്തി വിജയത്തിന്റെ ചവിട്ടുപടികളാകുന്നില്ല. പിന്നെയോ അത് തോല്‍വിയുടെ ഉറപ്പാകും. അതുകൊണ്ട് കിട്ടിയ വിജയത്തെ ഉരുവിട്ടുകൊണ്ടിരിക്കുക. അതില്‍ നിന്നു തന്നെ പുതിയ വിജയത്തിനുളള സാധ്യതകള്‍ ഉടലെടുക്കും. എന്നാല്‍, മാതാപിതാക്കളോടും സുഹൃത്തുകളോടുമായി പറയാന്‍ ആഗ്രഹിക്കുന്നത് കുട്ടികളുടെമേല്‍ ദയവായി നിങ്ങളുടെ ആഗ്രഹങ്ങള്‍ അടിച്ചേല്‍പ്പിക്കാതിരിക്കണമെന്നാണ്, മോദി പറഞ്ഞു. ഈ വര്‍ഷം ജൂണ്‍ 21 യോഗാദിനമായി വന്‍തോതില്‍ ആചരിക്കാനും ജീവിതചര്യയാക്കാനും മോദി ആഹ്വാനം ചെയ്തു. ഓരോ വ്യക്തിയും 20-25 മിനിറ്റ് അല്ലങ്കില്‍ 30 മിനിറ്റ് യോഗയ്ക്കായി ചെലവഴിക്കണം. ഇത്തവണ ചണ്ഡിഗഢിലാകും യോഗാ പരിപാടിയില്‍ പങ്കെടുക്കുകയെന്നും മോദി പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.