മഹത്തായ ഭാഷ

Monday 23 May 2016 8:21 pm IST

  സംസ്‌കൃതഭാഷയുടെ സാഹിത്യസമ്പത്ത് മഹത്തമമാണ്. വേദങ്ങളും ഉപനിഷത്തുകളും പുരാണങ്ങളും ഇതിഹാസങ്ങളും കാവ്യങ്ങളും ഈ മഹത്തായ ഭാഷയിലാണ് രചിക്കപ്പെട്ടിട്ടുള്ളത്. ധര്‍മശാസ്ത്രം, അര്‍ത്ഥശാസ്ത്രം തുടങ്ങിയ ശാസ്ത്രങ്ങളും ഈ ഭാഷയില്‍ അന്തര്‍ഭവിച്ചിരിക്കുന്നു. ലക്ഷത്തിലധികം ശ്ലോകങ്ങളുള്ള മഹാഭാരതം വിശ്വസാഹിത്യത്തിലെ ഒരു മഹാസംഭവം തന്നെയാണ്. ''യദിഹാസ്തി തദന്യത്ര, യന്നേഹാസ്തി ന തത് ക്വചിത്''- യാതൊന്ന് ഇതിലുണ്ടോ അത് എല്ലായിടത്തുമുണ്ട്, യാതൊന്ന് ഇതില്‍ ഇല്ലയോ അത് ഒരിടത്തുമില്ല-എന്ന് മഹാഭാരത കര്‍ത്താവായ വ്യാസന്‍ ചങ്കൂറ്റത്തോടെ പ്രസ്താവിച്ചിരിക്കുന്നു. ആദികാവ്യമെന്ന് പ്രഖ്യാതമായ രാമായണവും സംസ്‌കൃതഭാഷയില്‍ത്തന്നെയാണ് രചിക്കപ്പെട്ടിട്ടുള്ളത്. ഈ മഹത്ഗ്രന്ഥങ്ങള്‍ പോലെ തന്നെ വിശ്വവിശ്രുതമായിട്ടുള്ളവയാണ് കാളിദാസകൃതികള്‍. നമ്മുടെ സാഹിത്യാവബോധത്തെ ഇത്രമാത്രം അഗാധമായും വ്യാപകമായും സ്വാധീനിച്ചിട്ടുള്ള രചനകള്‍ വളരെ കുറച്ചേ ഉള്ളൂ. ഈ സാഹിത്യ സുധാമഹാപ്രവാഹത്തിന്റെ തീരത്താണ് കാളിദാസനുശേഷം വന്ന മുഴുവന്‍ ശ്രേഷ്ഠകവികളും തങ്ങളുടെ മഹാസൗധങ്ങള്‍ പണിതുയര്‍ത്തിയത്. ഉപനിഷത്തുകളും പുരാണേതിഹാസങ്ങളും മിത്രങ്ങളെപ്പോലെ നമുക്ക് ധര്‍മത്തെയും ഹിതത്തെയും ഉപദേശിച്ചുതരുന്നു. സമുദായക്രമം പുലര്‍ത്തുന്നത് ധര്‍മമാണ്. ഇതുതന്നെയാണ് നീതിനിലനിര്‍ത്തുന്നത്. ക്ഷാത്രശക്തിയെ അഥവാ രാഷ്ട്രീയശക്തിയെ നിയന്ത്രിക്കുന്ന പരമശക്തി ധാര്‍മിക നിയമമാണ്. ഈ നിയമം പൂര്‍ണമായി അനുസരിക്കപ്പെടുമ്പോള്‍ ''വസുധൈവ കുടുംബക ബോധം'' തെളിയുന്നു. ''പരോപകാരഃ പുണ്യായ, പാപായ പരപീഡനം'' എന്നാണ് വ്യാസന്‍ തന്റെ പതിനെട്ടു പുരാണങ്ങളിലും ഉദ്‌ഘോഷിക്കുന്നത്. നമ്മുടെ സ്വഭാവരൂപീകരണത്തില്‍ ഈ ഉത്കൃഷ്ട സൃഷ്ടികള്‍ക്കുള്ള പങ്ക് വിവരണാതീതമാണ്. (തുടരും)

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.