ഹര്‍ത്താല്‍ പൂര്‍ണ്ണം

Monday 23 May 2016 9:27 pm IST

കരണി : ബിജെപി കണിയാമ്പറ്റ പഞ്ചായത്ത് കമ്മിറ്റിയംഗമായ പനങ്കണ്ടി ചോമാടി ആദിവാസി കോളനിയിലെ വിഷ്ണുവിനെതിരെ സിപിഎം നടത്തിയ വധശ്രമത്തില്‍ പ്രതിഷേധിച്ച് ബിജെപിയുടെ നേതൃത്വത്തില്‍ കണിയാമ്പറ്റ പഞ്ചായത്തിലും ഹിന്ദുഐക്യവേദിയുടെ നേതൃത്വത്തില്‍ മീനങ്ങാടി പഞ്ചായത്തിലും ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണ്ണം, സമാധാനപരം. ഡിവൈഎഫ്‌ഐ നേതാവിന്റെ അവിഹിത പ്രവര്‍ത്തനങ്ങള്‍ വെളിച്ചത്തുകൊണ്ടുവന്നതാണ് വിഷ്ണുവിനെ കൊല ചെയ്യാനുള്ള സിപിഎമ്മിന്റെ തീരുമാനത്തിന് പിന്നില്‍. കാറിലെത്തിയ അക്രമികള്‍ പ്രകോപനം സൃഷ്ടിച്ചശേഷം കഠാര ഉപയോഗിച്ച് കൃത്യം നിര്‍വഹിച്ച് മടങ്ങുകയായിരുന്നു. കോണ്‍ഗ്രസിന് ഭരണം നഷ്ടപ്പെടുകയും സിപിഎം ഭരണം ഏറ്റെടുക്കാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ പോലീസിനെ ഉപയോഗിച്ച് കേസ് ഒതുക്കാനാണ് പാര്‍ട്ടി ശ്രമിക്കുന്നത്. കൊലപാതകശ്രമത്തിന് പിന്നില്‍ വ്യക്തി വൈരാഗ്യമെന്നുവരുത്തിതീര്‍ക്കാനുള്ള സിപിഎം ശ്രമവും നടക്കുന്നുണ്ട്. വിഷ്ണുവിനെ ആക്രമിച്ച പ്രതിയായ സിപിഎം പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ പ്രകടനം നടത്തി. ബിജെപിയുടെ നേതൃത്വത്തില്‍ കമ്പളക്കാട്, കരണി, കണിയാമ്പറ്റ തുടങ്ങിയ സ്ഥലങ്ങളിലും ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ മീനങ്ങാടി പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിലും പ്രകടനങ്ങള്‍ നടന്നു. സിപിഎമ്മിന്റെ അക്രമരാഷ്ട്രീയം അവസാനിപ്പിച്ചില്ലെങ്കില്‍ കനത്ത വില നല്‍കേണ്ടിവരുമെന്നും സ്വതന്ത്രമായ രീതിയില്‍ പൊതുപ്രവര്‍ത്തനം നടത്തുന്ന ബിജെപി പ്രവര്‍ത്തകരെ അക്രമത്തിലൂടെ നേരിടാനുള്ള സിപിഎമ്മിന്റെ ഗൂഢതന്ത്രം വിലപ്പോവില്ലെന്നും ബിജെപി കണിയാമ്പറ്റ പഞ്ചായത്ത് കമ്മിറ്റി നേതാക്കള്‍ പ്രസ്താവിച്ചു. യാതൊരു പ്രകോപനവുമില്ലാതെയാണ് ഒരുസംഘം സിപിഎം പ്രവര്‍ത്തകര്‍ വിഷ്ണുവിനെ വളഞ്ഞിട്ട് ആക്രമിച്ച് കുത്തി പരിക്കേല്‍പ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ വിഷ്ണു കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഭരണത്തിന്റെ മറവില്‍ നിന്നുകൊണ്ട് നാട്ടില്‍ സമാധാന അന്തരീക്ഷം തകര്‍ക്കുന്ന പ്രവണത സിപിഎം ഉപേക്ഷിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ഹര്‍ത്താല്‍ പൂര്‍ണ്ണവിജയമാക്കുന്നതിന് സഹായിച്ച പൊതുജനങ്ങളെയും വ്യാപാരിവ്യവസായികളെയും യോഗം അഭിനന്ദിച്ചു. ബിജെപി കണിയാമ്പറ്റ പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് അനന്തന്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാനത്ത് സിപിഎം ഭരണത്തിലെത്തിയതിനെയും ജില്ലയില്‍ രണ്ടിടത്ത് വിജയിച്ചതുമായ ജനവിധി ബിജെപി മാനിക്കുന്നുവെന്നും സിപിഎം അക്രമം വെടിഞ്ഞ് ജനാധിപത്യമര്യാദ പാലിക്കണമെന്നും ബിജെപി ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയില്‍ ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ 26 അക്രമസംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഏറ്റവും ഒടുവിലെത്തേതാണ് കരണിയിലെ ചോമാടി കോളനിയിലെ വിഷ്ണുവിനെതിരെ നടന്ന കൊലപാതകശ്രമം. കണ്ണൂര്‍ ജില്ലയിലെ പോലും വെല്ലുന്ന രീതിയിലാണ് ബീനാച്ചിയില്‍ നടന്ന അക്രമസംഭവം ബത്തേരി മണ്ഡലത്തില്‍ ബൂത്ത് കെട്ടാന്‍ അനുവദിക്കില്ലെന്നായിരുന്നു സിപിഎം പ്രഖ്യാപനം. തലപ്പുഴയില്‍ ബിജെപി പ്രവര്‍ത്തകന്റെ വീടും വാഹനങ്ങളും തകര്‍ത്തായിരുന്നു പ്രതിഷേധം. തെരഞ്ഞെടുപ്പ് കഴിഞ്ഞതുമുതല്‍ സിപിഎം പ്രതിരോധത്തിലായതാണ് ബിജെപിക്കെതിരെ അക്രമം അഴിച്ചുവിടാനുള്ള കാരണം. എല്ലായിടത്തും പോലീസ് നിഷ്‌ക്രിയമാണ്. ജനാധിപത്യരീതിയിലുള്ള പ്രതിഷേധം എന്ന നിലക്കാണ് കണിയാമ്പറ്റയില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. സംഘടനാ സ്വാതന്ത്രത്തിനുമേല്‍ കടന്നുകയറ്റം നടത്തിയാല്‍ അതേ നാണയത്തില്‍തന്നെതിരിച്ചടിക്കാനും ബിജെപി മടിക്കില്ലെന്ന് നേതാക്കള്‍ പറഞ്ഞു. കല്‍പ്പറ്റയില്‍ നടത്തിയ പത്രസമ്മേളനത്തി ല്‍ ജില്ലാപ്രസിഡണ്ട് സജി ശങ്കര്‍, ജനറല്‍സെക്രട്ടറി കെ. മോഹന്‍ദാസ്, കല്‍പ്പറ്റ മണ്ഡലം പ്രസിഡണ്ട് കെ.ശ്രീനിവാസന്‍ എന്നിവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.