സിപിഎമ്മിന്റെ അക്രമം ആശയവും ആദര്‍ശവും നഷ്ടപ്പെട്ടതിനാല്‍: കുമ്മനം

Monday 23 May 2016 10:06 pm IST

എടവിലങ്ങ് വല്ലത്ത് പ്രമോദ് കുടുംബസഹായ ഫണ്ടിലേക്ക് ആദ്യ വിഹിതം പി. ശശീന്ദറില്‍ നിന്നും കുമ്മനം രാജശേഖരന്‍ ഏറ്റുവാങ്ങുന്നു

തൃശൂര്‍: ആശയവും ആദര്‍ശവും നഷ്ടപ്പെട്ടവരുടെ നിസഹായാവസ്ഥയിലാണ് സിപിഎമ്മെന്നും അതിനാലാണ് അവര്‍ അക്രമം അഴിച്ചുവിടുന്നതെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാനത്ത് അരാജകത്വം സൃഷ്ടിക്കാനാണ് സിപിഎം ശ്രമിക്കുന്നത്. ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്ന പ്രവര്‍ത്തികളാണ് അവര്‍ സ്വീകരിച്ചു പോരുന്നത്. കയ്പമംഗലം എടവിലങ്ങില്‍ ബിജെപി പ്രവര്‍ത്തകന്‍ പ്രമോദ് കൊലചെയ്യപ്പെട്ട സംഭവം സിപിഎമ്മിന്റെ മനുഷ്യത്വരഹിതമായ അക്രമരാഷ്ട്രീയത്തിന് തെളിവാണ്. കൊല്ലപ്പെട്ട പ്രമോദിനോട് സിപിഎമ്മിന് ഒരു വിരോധവും തോന്നേണ്ട കാര്യമില്ല. ബിജെപി അനുഭാവിയായിരുന്നു എന്നതു മാത്രമാണ് പ്രമോദിനെ കൊലപ്പെടുത്താന്‍ സിപിഎം അക്രമികളെ പ്രേരിപ്പിച്ചത്. കേസില്‍ ഇതുവരെയും പ്രതികളെ പിടികൂടാത്തത് ഗൂഡാലോചനയുടെ ഭാഗമായാണെന്നും അദ്ദേഹം പറഞ്ഞു.

സിപിഎമ്മിന് ജനിതക തകരാറാണ് സംഭവിച്ചിരിക്കുന്നത്. കേളപ്പജിയെ കൊല്ലാന്‍ ശ്രമിച്ചവരാണ് അവരെന്നും കുമ്മനം പറഞ്ഞു. അക്രമസംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ സമാധാനപരമായി നേരിടുന്നതിന് പകരം അണികളെ പ്രോത്സാഹിപ്പിക്കുന്ന പ്രസ്താവനകളാണ് പിണറായിയും കോടിയേരിയും നടത്തുന്നത്.

പിണറായിയില്‍ സിപിഎമ്മുകാരന്‍ മരിച്ചത് ബോംബേറിലല്ല അവരുടെ ആഹ്ലാദപ്രകടനത്തിനിടെയുണ്ടായ അപകടത്തിലാണ്. പ്രവര്‍ത്തകര്‍ക്കു നേരെ അക്രമം നടത്തുമ്പോഴും ബിജെപി കരുത്താര്‍ജിച്ചിരിക്കുകയാണ്. സിപിഎമ്മിന്റെ അക്രമത്തിനെതിരെ സമാധാനാപരമായ പ്രതിഷേധം മാത്രമാണ് ഡല്‍ഹിയില്‍ നടന്നത്. പിണറായിയുടെ മുഖ്യമന്ത്രി പദം ബിജെപിക്ക് വെല്ലുവിളിയല്ലെന്നും അതിന് തെളിവാണ് ഒ. രാജഗോപാല്‍ എകെജി സെന്ററിലെത്തി അദ്ദേഹത്തെ കണ്ടതെന്നും കുമ്മനം പറഞ്ഞു. തിരഞ്ഞെടുപ്പില്‍ ബിജെപിക്കും എന്‍ഡിഎക്കും വന്‍ മുന്നേറ്റം കാഴ്ച്ചവെക്കാന്‍ കഴിഞ്ഞു.

പതിനഞ്ച് ശതമാനത്തിലേറെ വോട്ട് നേടാന്‍ മുന്നണിക്കായിട്ടുണ്ട്. എന്‍ഡിഎയുടെ ഈ മുന്നേറ്റമാണ് സിപിഎമ്മിനെ അക്രമത്തിന് പ്രേരിപ്പിക്കുന്നത്. അക്രമരാഷ്ട്രീയം അവസാനിപ്പിച്ച് സംസ്ഥാനത്ത് സമാധാനപരമായി ജീവിക്കാനുള്ള അന്തരീക്ഷം നിലനിര്‍ത്താന്‍ സിപിഎം തയ്യാറായില്ലെങ്കില്‍ ശക്തമായ ജനമുന്നേറ്റം സംഘടിപ്പിക്കുമെന്നും കുമ്മനം കൂട്ടിച്ചേര്‍ത്തു. ബിജെപി സംസ്ഥാന ഉപാധ്യക്ഷ എം എസ് സമ്പൂര്‍ണ്ണ, സെക്രട്ടറി അഡ്വ.ബി ഗോപാലകൃഷ്ണന്‍, ജില്ലാ പ്രസിഡന്റ് എ നാഗേഷ്, ജില്ലാ ജനറല്‍ സെക്രട്ടറി കെ.കെ. അനീഷ്‌കുമാര്‍, കയ്പ്പമംഗലം മണ്ഡലം പ്രസിഡന്റ് പോണത്ത് ബാബു എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.