കണ്ണൂര്‍: സിപിഎം ലക്ഷ്യം ഭയപ്പെടുത്തി പിന്തിരിപ്പിക്കല്‍

Monday 23 May 2016 10:10 pm IST

കണ്ണൂര്‍: കണ്ണൂരില്‍ തെരഞ്ഞെടുപ്പിനു ശേഷം സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് നേരെ സിപിഎം നടത്തുന്ന വ്യാപകമായ ആക്രമണങ്ങള്‍ ഭയപ്പെടുത്തി സംഘടനാ പ്രവര്‍ത്തനത്തില്‍ നിന്നും പിന്തിരിപ്പിക്കാനുളള ഗൂഢനീക്കം. സംസ്ഥാനഭരണം തങ്ങളുടെ കൈകളിലെത്തി കഴിഞ്ഞുവെന്നും സംഘപരിവാര്‍ പ്രവര്‍ത്തകര്‍ അടങ്ങിയൊതുങ്ങി ജീവിച്ചുകൊളളണമെന്നും അല്ലാത്തപക്ഷം ഭരണമുപയോഗിച്ച് അടിച്ചമര്‍ത്തുമെന്നുമുളള വെല്ലുവിളിയുടെ ഭാഗമാണ് സംസ്ഥാനത്ത് അധികാരം കിട്ടി മുഖ്യമന്ത്രിയും മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യുമുമ്പേ തന്നെ കണ്ണൂര്‍ ജില്ലയില്‍ സിപിഎമ്മുകാര്‍ വ്യാപകമായി നടത്തിയ അക്രമങ്ങള്‍. അടുത്ത ദിവസം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന പിണറായി വിജയന്റെ നാട്ടിലടക്കം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഭീകരരെപ്പോലും വെല്ലുന്ന അക്രമങ്ങളാണ് സിപിഎമ്മുകാര്‍ നടത്തിയത്. പട്ടാപ്പകല്‍ സ്ത്രീകളും കുട്ടികളുമടക്കമുളളവരെ അടിച്ചോടിച്ചാണ് ബിജെപി അനുഭാവികളുടേയും പ്രവര്‍ത്തകരുടേയും വീടുകളില്‍ സിപിഎം സംഘങ്ങള്‍ അഴിഞ്ഞാടിയത്. മേലില്‍ ബിജെപിക്കു വേണ്ടി രാഷ്ട്രീയ പ്രവര്‍ത്തനം നടത്തരുതെന്ന് ആക്രോശിച്ചായിരുന്നു പലയിടങ്ങളിലും അക്രമിസംഘത്തിന്റെ തേര്‍വാഴ്ച. സിപിഎം കേന്ദ്രങ്ങളില്‍ സംഘപരിവാര്‍ സംഘടനകളുടെ പ്രവര്‍ത്തനം എന്നെന്നേക്കുമായി അവസാനിപ്പിക്കുകയെന്ന നേതൃത്വത്തിന്റെ ആസൂത്രിത നീക്കമാണ് അക്രമങ്ങള്‍ക്ക് പിന്നിലെന്ന് വ്യക്തമാണ്. വീടുകളില്‍ പലതും പൂര്‍ണ്ണമായും തകര്‍ക്കപ്പെട്ടതിനാല്‍ താമസിക്കാനിടമില്ലാതെ നാടുവിട്ടു പോകേണ്ട സ്ഥിതിയിലാണ് പല കുടുംബങ്ങളും. കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് മുതല്‍ സിപിഎമ്മില്‍ നിന്നും അണികള്‍ കൂട്ടത്തോടെയാണ് ബിജെപിയില്‍ ചേരുന്നത്. ഇത് നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടിങ്ങിലും പ്രതിഫലിച്ചിരുന്നു. തെരഞ്ഞെടുപ്പില്‍ സിപിഎം കേന്ദ്രങ്ങളിലെ പല ബൂത്തുകളിലും എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ക്ക് വന്‍ വോട്ടുവര്‍ധനയാണ് ഉണ്ടായിട്ടുളളത്. കഴിഞ്ഞ അഞ്ചു വര്‍ഷം സിപിഎം നടത്തിയ അക്രമത്തിന്റെ ഫലമായി സിപിഎം ജില്ലാ സെക്രട്ടറിയെപ്പോലും കോടതി നാടുകടത്തിയിരുന്നു. എല്‍ഡിഎഫ് അധികാരത്തില്‍ വന്നാല്‍ എല്ലാം ശരിയാകുമെന്ന് പറഞ്ഞത് ഇതാണോയെന്ന് പൊതുസമൂഹം ചോദിച്ചു തുടങ്ങിയിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.