തിരുവനന്തപുരം : സംസ്ഥാന സ്കൂള്‍ പ്രവേശനോത്സവ ഗാനം പ്രമുഖ പിന്നണി ഗായകന് പി. ജയചന്ദ്രന് ആലപിക്കും. അക്ഷരസൂര്യനുദിച്ചു നമുക്കിന്നറിവിന്നുത്സവഘോഷം …… പുസ്തകമധുരം നുകരാമിനിയും പൂമ്പാറ്റകളായ് പാറാം…… എന്ന് തുടങ്ങുന്ന ഈ ഗാനം സംസ്ഥാനത്തെ സ്കൂളുകളില്‍ പ്രവേശനോത്സവ ദിനത്തില്‍ കുട്ടികള്‍ ആലപിക്കും. ജയചന്ദ്രനോടൊപ്പം കുട്ടികളും പാടുന്നുണ്ട്.
അദ്ധ്യാപകനായ ശിവദാസ് പുറമേരിയാണ് ഗാനം രചിച്ചത്. സംഗീതം മണക്കാല ഗോപാലകൃഷ്ണന്, നിര്‍മ്മാണം സര്‍വശിക്ഷാഅഭിയാന്‍ മീഡിയാ വിഭാഗം. പൊതുജനങ്ങളില്‍ നിന്നു പ്രവേശനോത്സവഗാനം ക്ഷണിച്ചിരുന്നതിലൂടെ അഞ്ഞൂറ് ഗാനങ്ങളാണ് ലഭിച്ചത്. ഇതില്‍ നിന്ന് എഴുമറ്റൂര്‍ രാജരാജവര്‍മ്മയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് ഗാനം തെരഞ്ഞെടുത്തത്. മികച്ച നിലവാരം പുലര്‍ത്തിയ ഗാനങ്ങള്‍ സര്‍വശിക്ഷാ അഭിയാന് പ്രസിദ്ധീകരണമായ ‘മികവ് ‘ സ്പെഷ്യല്‍ മാഗസിനില്‍ പ്രസിദ്ധീകരിക്കും.
തിരുവനന്തപുരം പട്ടം ഗവണ്മെന്റ് മോഡല്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലാണ് ഇത്തവണ പ്രവേശനോത്സവം സംഘടിപ്പിച്ചിട്ടുള്ളത്. സംസ്ഥാനത്തെ എല്ലാ പ്രൈമറി വിദ്യാലയങ്ങളിലും പ്രവേശനോത്സവം നടക്കും. സര്‍വശിക്ഷാ അഭിയാന്റെ നേതൃത്വത്തില്‍ ബ്ളോക്ക്, ജില്ലാതല പ്രവേശനോത്സവങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: