ആകാശത്തോളം അഭിമാനവുമായി ശ്യാം മോഹന്‍

Monday 23 May 2016 11:04 pm IST

കൊച്ചി: ലക്ഷ്യം കണ്ട് മടങ്ങി ആവനാഴിയില്‍ വന്നു വിശ്രമിയ്ക്കുന്ന രാമബാണം പോലെ, ആര്‍എല്‍വി ടിഡി എന്ന പുനരുപയോഗിക്കാവുന്ന റോക്കറ്റ് വിക്ഷേപിണിയുടെ പരീക്ഷണം വിജയമായപ്പോള്‍ ശാസ്ത്രജ്ഞന്‍ എന്‍. ശ്യാം മോഹന്‍ പാടിയ മൂളിപ്പാട്ടേതായിരിയ്ക്കുമെന്നറിയില്ല, പക്ഷേ, ഒന്നുറപ്പ്, അദ്ദേഹം ഒരു പാട്ടു മൂളിയിരിക്കും. സംഗീതം അത്രയ്ക്ക് നെഞ്ചോടു ചേര്‍ത്തിട്ടുള്ള ശ്യാമിന്റെ സംഗീത പ്രേമം അത്രത്തോളമുണ്ട്. അല്ലെങ്കില്‍ മക്കള്‍ക്ക് സംഗീത് എന്നും സാരംഗിയെന്നും പേരിടില്ല. അവസരവും സൗകര്യവും കിട്ടുമ്പോഴെല്ലാം സര്‍ക്കാര്‍ മാധ്യമങ്ങളായ ആകാശവാണിയിലും ദൂരദര്‍ശനിലും സംഗീത പരിപാടികള്‍ അവതരിപ്പിക്കില്ല. സങ്കീര്‍ണ്ണമായ ശാസ്ത്രലോകത്ത് സംഘര്‍ഷമകറ്റാന്‍ സംഗീതമാണ് ശ്യാമിനെ സഹായിക്കുന്നത്. ഇന്നലെ ഭാരതം ലോകത്തിനു മുന്നില്‍ തലയുയര്‍ത്തി നിന്നപ്പോള്‍, ആ ശാസ്ത്ര നേട്ടത്തെ രാജ്യത്തെ പ്രമുഖര്‍ തോളത്തു തട്ടി അനുമോദിച്ചപ്പോള്‍ വാനോളം ഉയര്‍ന്ന അഭിമാനം വാസ്തവത്തില്‍ എന്‍. ശ്യാം മോഹനെന്ന നെയ്യാറ്റിന്‍കര സ്വേദശിയുടേതുമായിരുന്നു. അദ്ദേഹമായിരുന്നു റീ യൂസബിള്‍ ലോഞ്ച് വെഹിക്കിള്‍ ടെക്‌നോളജി ഡെമോണ്‍സ്‌ട്രേറ്ററിന്റെ (ആര്‍എല്‍വി -ടിഡി) പ്രോജക്ട് ഡയറക്ടര്‍. മുന്‍ എംഎല്‍എ പി. നാരായണന്‍ തമ്പിയുടെ മകനാണ് ശ്യാം. കോഴിക്കോട് സര്‍വകലാശാലയില്‍ നിന്ന് മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങില്‍ റാങ്കോടെ വിജയിച്ചിറങ്ങിയ ശ്യാം പിന്നീട് മദ്രാസ്, മുംബൈ ഐഐടികളില്‍ പഠിച്ചു. വിക്രം സാരാഭായ് സ്‌പേസ് സെന്ററില്‍ 31 വര്‍ഷമായി പ്രവര്‍ത്തിയ്ക്കുന്ന ശ്യാം ഒട്ടേറെ പ്രധാന പദ്ധതികളില്‍ പങ്കാളിയായിരുന്നു. 2002 മുതലാണ് ആര്‍എല്‍വി-ടിഡി പദ്ധതിയില്‍ പങ്കാളിയായത്. 2011-ല്‍ പദ്ധതിയുടെ ഡയറക്ടറായി. അഞ്ചാം വര്‍ഷം പദ്ധതി വിജയകരമായി പരീക്ഷിയ്ക്കാനായി. സീമയാണ് ശ്യാമിന്റെ ഭാര്യ. തിരുവനന്തപുരത്ത് സെന്റ് തോമസ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി കോളെജില്‍ അദ്ധ്യാപികയാണ് സീമ ശ്യാം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.