ഗ്രീന്‍ ട്രൈബൂണല്‍ വിധി: കെഎസ്ആര്‍ടിസി അടച്ചുപൂട്ടേണ്ടി വരും

Monday 23 May 2016 11:09 pm IST

തിരുവനന്തപുരം: പത്തുവര്‍ഷം വരെ പഴക്കമുള്ള 2000 സിസിക്കു മുകളിലുള്ള ഡീസല്‍ എന്‍ജിന്‍ വാഹനങ്ങള്‍ നിരത്തിലിറക്കരുതെന്ന ഗ്രീന്‍ ട്രൈബൂണല്‍ വിധി നടപ്പിലാക്കിയാല്‍ കെഎസ്ആര്‍ടിസി അടച്ചുപൂട്ടേണ്ടതായി വരും. കെഎസ്ആര്‍ടിസിക്ക് ആകെയുള്ള 5731 ബസ്സുകളില്‍ നാല്പതു ശതമാനവും പത്ത് വര്‍ഷത്തിനു മുകളിലുള്ളതാണ്. ഓര്‍ക്കാപ്പുറത്തുള്ള ഉത്തരവില്‍ എന്തു ചെയ്യണമെന്നറിയാതെ കുഴങ്ങുകയാണ് കെഎസ്ആര്‍ടിസി മാനേജ്‌മെന്റ്. ഫലപ്രദമായ തീരുമാനം എടുക്കാന്‍ വകുപ്പ് മന്ത്രിയും നിലവിലില്ല. സാധാരണ പതിനഞ്ചു വര്‍ഷമായ ബസ്സുകളാണ് സര്‍വ്വീസില്‍ നിന്ന് ഒഴിവാക്കിയിരുന്നത്. പൊതുവെ സാമ്പത്തിക ബാധ്യതയില്‍ വട്ടംകറങ്ങുന്ന കെഎസ്ആര്‍ടിസി പുതിയ ബസ്സുകള്‍ അധികം വാങ്ങാതെ പഴയ ബസ്സുകള്‍ അറ്റകുറ്റണിനടത്തിയാണ് സര്‍വ്വീസ് നടത്തിവരുന്നത്. അതില്‍ പലതും കാലപ്പഴക്കംകൊണ്ട് ഷെഡ്ഡിലൊതുക്കേണ്ടതുമാണ്. ബസ്സുകള്‍ കുറവായതിനാല്‍ ആവശ്യമായ സര്‍വ്വീസ് നടത്താന്‍ സാധിക്കുന്നില്ല. ദിവസേന സംസ്ഥാനത്തുട നീളം ഇരുന്നൂറോളം സര്‍വ്വീസുകള്‍ റദ്ദു ചെയ്യേണ്ടതായും വരുന്നു. സൂപ്പര്‍ ഫാസ്റ്റ് ബസ്സുകളും ഫാസ്റ്റ് പാസഞ്ചര്‍ ബസ്സുകളുമാണ് കാലപ്പഴക്കമാകുമ്പോള്‍ ലോക്കല്‍ റൂട്ടുകളില്‍ സര്‍വ്വീസ് നടത്താനായി ഉപയോഗിക്കുന്നത്. ദീര്‍ഘദൂര സര്‍വ്വീസുകള്‍ നടത്തി അത്തരം സര്‍വ്വീസുകള്‍ക്ക് ഉപയോഗിക്കാന്‍ പറ്റാതെ വരുമ്പോഴാണ് അറ്റകുറ്റപ്പണികള്‍ നടത്തി ഗ്രാമങ്ങളിലെ റൂട്ടുകളില്‍ സര്‍വ്വീസ് നടത്തുന്നത്. ഗ്രീന്‍ ട്രൈബ്യുണല്‍ വിധി നടപ്പിലാക്കിയാല്‍ ലോക്കല്‍ സര്‍വ്വീസുകള്‍ അപ്പാടെ നിറുത്തേണ്ടതായി വരുമെന്ന് കെഎസ്ആര്‍ടിസി അധികൃതര്‍ വ്യക്തമാക്കി. അടുത്ത കാലത്ത് നിരത്തിലിറക്കിയ പുതിയ ബസ്സുകളില്‍ അധികവും വോള്‍വോ ബസ്സുകളായിരുന്നു. ഇത് അന്തര്‍ സംസ്ഥാന സര്‍വ്വീസുകളായാണ് നടത്തിവരുന്നത്. കൂടാതെ കേന്ദ്ര സര്‍ക്കാരിന്റെ നഗരാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി അനുവദിക്കുന്ന ജനറം ബസ്സുകള്‍ ഗ്രാമങ്ങളില്‍ സര്‍വ്വീസ് നടത്തുന്നുണ്ടെങ്കിലും പ്രധാന നിരത്തുകളില്‍കൂടെ മാത്രമേ ഓടിക്കാന്‍ സാധിക്കുയുള്ളൂ. ജന്റം ബസ്സുകളുടെ നിര്‍മ്മാണ ഘടന ഇടറോഡുകള്‍ക്ക് അനുയോജ്യമല്ല. ഒരു പ്രത്യേക കാലയളവ് കെഎസ്ആര്‍ടിസിക്ക് നല്‍കിയില്ലെങ്കില്‍ ട്രൈബൂണല്‍ വിധി മറികടക്കാന്‍ മേല്‍ക്കോടതികളെ സമീപിക്കേണ്ടതായി വരും. ഫലപ്രദമായ തീരുമാനം കൈക്കൊള്ളാന്‍ മന്ത്രിസഭ നിലവില്‍ വന്നാലെ സാധിക്കുകയുള്ളൂവെന്ന് കെഎസ്ആര്‍ടിസി ചീഫ് ടെക്‌നിക്കല്‍ വിഭാഗം വ്യക്തമാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.