നീറ്റ് ഈ വർഷമില്ല; ഓര്‍ഡിനന്‍സില്‍ രാഷ്ട്രപതി ഒപ്പുവച്ചു

Tuesday 24 May 2016 12:32 pm IST

ന്യൂദൽഹി: മെഡിക്കൽ, ദന്തല്‍ ബിരുദ കോഴ്‌സുകളിലേക്കുള്ള ഏകീകൃത പ്രവേശന (നീറ്റ്) പരീക്ഷ ഈ വർഷം ഉണ്ടാകില്ല. നീറ്റ് നടപ്പാക്കുന്നത് മാറ്റിവയ്ക്കുന്ന ഓർഡിനൻസിൽ രാഷ്ട്രപതി പ്രണബ് മുഖര്‍ജി ഒപ്പുവച്ചു. ഇതോടെ സംസ്ഥാനങ്ങളുടെ പരീക്ഷ എഴുതുന്നവർക്കു ജൂലായ് 24ന്റെ നീറ്റ് പരീക്ഷ ബാധകമാകില്ല. പരീക്ഷ ഈ വർഷം നടത്തേണ്ടെന്ന ഓർഡിനൻസിനു കേന്ദ്ര മന്ത്രിസഭാ യോഗം നേരത്തെ അംഗീകാരം നൽകിയിരുന്നു. ശനിയാഴ്ചയാണ് കേന്ദ്രം ഓര്‍ഡിനന്‍സ് രാഷ്ട്രപതിക്ക് അയച്ചു നല്‍കിയത്. തുടര്‍ന്ന് നിയമോപദേശം തേടിയ ശേഷമാണ് രാഷ്ട്രപതി ഓര്‍ഡിനന്‍സില്‍ ഒപ്പുവെച്ചത്. നേരത്തെ ഇക്കാര്യത്തില്‍ വിശദീകരണവും രാഷ്ട്രപതി കേന്ദ്രത്തോട് ആരാഞ്ഞിരുന്നു. ഏകീകൃത പൊതുപരീക്ഷ നടത്തണമെന്ന സുപ്രീംകോടതി ഉത്തരവിനെ മറികടക്കുന്നതിനാണ് ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്. കഴിഞ്ഞ ദിവസം കേന്ദ്ര ആരോഗ്യവകുപ്പ് മന്ത്രി ജെ.പി.നദ്ദ രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തി ഓര്‍ഡിനന്‍സിനെ കുറിച്ച്‌ സംസാരിച്ചിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.