കുടിവെളളത്തില്‍ വിഷം കലക്കി: കാരശ്ശേരിയില്‍ ഒഴിവായത് വന്‍ ദുരന്തം

Tuesday 24 May 2016 12:14 pm IST

മുക്കം: നൂറു കണക്കിന് കുടുംബങ്ങള്‍ കുടിവെളളത്തിനായി ആശ്രയിക്കുന്ന കാരശേരി ഗ്രാമപഞ്ചായത്തിലെ കാരമൂല ആറാം ബ്ലോക്കിലെ കിണറില്‍ സാമൂഹ്യ വിരുദ്ധര്‍ വിഷം കലര്‍ത്തിയതായി പരാതി. രൂക്ഷമായ കുടിവെളളക്ഷാമം അനുഭവിക്കുന്ന പഞ്ചായത്തില്‍ ഒന്നര മാസത്തോളമായി പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കുടിവെള്ള വിതരണമാരംഭിച്ചിട്ട്. കാര മൂല ആറാം ബ്ലോക്ക്, ചോണാട് എന്നിവിടങ്ങളിലെ കിണറുകളില്‍ നിന്നായി എട്ട് വാഹനങ്ങളിലായായിരുന്നു കുടിവെളള വിതരണം. കഴിഞ്ഞ ദിവസം ആറാം ബ്ലോക്കില്‍ നിന്നും വിതരണത്തിനായി ശേഖരിച്ച വെളളം നിറവ്യത്യാസവും രൂക്ഷമായ ഗന്ധവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വിതരണക്കാരന്‍ പരിശോധിക്കുകയായിരുന്നു. തുടര്‍ന്നാണ് എതോ രാസവസ്തു വെള്ളത്തില്‍ കലര്‍ത്തിയതായി സംശയം തോന്നിയത്. ഉടന്‍ കിണറിലെ വെളളം പരിശോധിച്ചപ്പോള്‍ അതിന് കറുപ്പ് നിറമാണന്ന് വ്യക്തമായി. ഇതോടെ വിതരണം നിര്‍ത്തിവെക്കുകയായിരുന്നു. വിഷം കലര്‍ന്നത് അറിയാതെ കുടിവെള്ളം വിതരണം ചെയ്തിരുന്നെങ്കില്‍ അത് വന്‍ ദുരന്തത്തിന് തന്നെ കാരണമായേനെ. സ്വകാര്യവ്യക്തിയുടെ കിണറില്‍ നിന്ന് അദ്ദേഹത്തിന്റെ അനുമതിയോടെയാണ് പഞ്ചായത്ത് കുടിവെള്ളം വിതരണം ചെയ്തിരുന്നത്. കിണറില്‍ വിഷം കലര്‍ന്നതോടെ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുടിവെളള വിതരണവും നിലച്ചിട്ടുണ്ട്. നേരത്തെ ആറാം ബ്ലോക്കില്‍ വെള്ളം പമ്പ് ചെയ്യാനുപയോഗിച്ചിരുന്ന ജനറേറ്റര്‍, പമ്പ് സെറ്റ് എന്നിവയും നശിപ്പിച്ചിരുന്നു. കാരശേരി ഗ്രാമപഞ്ചായത്തില്‍ നിരവധി പ്രദേശങ്ങളില്‍ കുടിവെള്ള വിതരണത്തിനായി ആശ്രയിച്ചിരുന്ന ആറാം ബ്ലോക്കിലെ കിണറില്‍ വിഷം കലര്‍ത്തിയ സംഭവത്തില്‍ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ. വിനോദ് ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് മുക്കം പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ആരോഗ്യ വകുപ്പധികൃതരെയും വിവരമറിയിച്ചതായും കിണറിലെ വെളളം ഉടന്‍ പരിശോധിച്ച് നാട്ടുകാരുടെ ആശങ്കയകറ്റണമെന്നും വി.കെ. വിനോദ് പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.