നാദാപുരത്തെ തോല്‍വി: എ ഗ്രൂപ്പ് കാലുവാരിയതായി ഐ ഗ്രൂപ്പ്

Tuesday 24 May 2016 12:18 pm IST

നാദാപുരം: നാദാപുരത്തെ തോല്‍വിക്ക് കാരണം കോണ്‍ഗ്രസ്സിലെ എ ഗ്രൂപ്പ് കാലുവാരിയതാണെന്ന ആരോപണവുമായി ഐ ഗ്രൂപ്പ്. മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ സെക്രട്ടറി സ്ഥാനം വഹിച്ചത് കോണ്‍ഗ്രസ്സ് ബ്ലോക്ക് പ്രസിഡണ്ടും എ ഗ്രൂപ്പിന്റെ നേതാവുമായിരുന്നു. എന്നാല്‍ ഇവരുടെ കുടുംബത്തിലെ മുഴുവന്‍ വോട്ടുകളും പോള്‍ ചെയ്യിക്കാതിരുന്നതിനെ ചൊല്ലി തെരഞ്ഞെടുപ്പു കഴിഞ്ഞത് മുതല്‍ വിവാദം പുകയുന്നുണ്ട്. ഇതിനിടയിലാണ് തെരഞ്ഞെടുപ്പിന്റെ അന്തിമ വിശകലനത്തില്‍ ബൂത്തടിസ്ഥാനത്തില്‍ നല്‍കിയ കണക്കുകളേക്കാള്‍ യുഡിഎഫിന്റെ വോട്ടിംഗ് നിലയില്‍ വന്ന വന്‍ അന്തരം ചൂണ്ടിക്കാട്ടി ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. കോണ്‍ഗ്രസിലെ എ വിഭാഗത്തിന്റെ സഹായത്തോടെ ഗണ്യമായ തോതില്‍ വോട്ടു മറിച്ചതായാണ് ആക്ഷേപം. 4500ത്തിലധികം വോട്ടുകള്‍ മണ്ഡലത്തില്‍ പുതുതായി ചേര്‍ത്തിരുന്നു. ഇവയിലേറെയും യുഡിഎഫ് വോട്ടുകളായിരുന്നു എന്നാണ് ഐ ഗ്രൂപ്പിന്റെ അവകാശവാദം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി മണ്ഡലത്തില്‍ നേടിയത് 6648 വോട്ടുകളാണ് എന്നാല്‍ എട്ടായിരം വോട്ടിന്റെ വര്‍ദ്ധനവ് വരുത്തി 14493 വോട്ട് നേടി വന്‍കുതിപ്പാണ് മണ്ഡലത്തില്‍ ബിജെപി കാഴ്ച്ചവെച്ചത്. 2011 ല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഇ.കെ. വിജയന്‍ നേടിയ 7599 വോട്ടിന്റെ ഭൂരിപക്ഷം ഈ തെരഞ്ഞെടുപ്പില്‍ 4789 കുറയ്ക്കാനേ യുഡിഎഫിന് കഴിഞ്ഞുള്ളൂ. ബാക്കിവരുന്ന യുഡിഎഫ് വോട്ടുകള്‍ എങ്ങോട്ടുപോയി എന്ന ചോദ്യമാണ് അണികള്‍ ഇപ്പോള്‍ ഉയര്‍ത്തുന്നത്. മണ്ഡലത്തില്‍ വിജയം ഉറപ്പിച്ചതായി ലീഗ് മുമ്പെതന്നെ ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ: പ്രവീണ്‍ കുമാറിന്റെ തോല്‍വിക്ക് കാരണം കോണ്‍ഗ്രസ്സിലെ ഗ്രൂപ്പ് പോര് മാത്രമാണന്നാണ് മുസ്ലിംലീഗും പറയുന്നത്. ഇതിനിടയില്‍ തെരുവംപറമ്പ് സ്‌ഫോടനത്തില്‍ ഒരാള്‍ മരിക്കാനിടയായ സംഭവം എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചരണം മന്ദഗതിയിലാക്കിയിരുന്നു. ഈ സാഹചര്യം പോലും മുതലെടുക്കാന്‍ കോണ്‍ഗ്രസിലെ വിഭാഗീയത കരാണം കഴിഞ്ഞില്ലെന്നും ആരോപണം ഇയരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.