കണ്ണൂര്‍: ആര്‍എസ്എസ് മട്ടന്നൂര്‍ താലൂക്ക് സഹശാരീരിക് ശിക്ഷണ്‍ പ്രമുഖിന്റെ വീടിന് നേരെ ബോംബേറ്. ആര്‍എസ്എസ് താലൂക്ക് സഹ ശാരീരി ശിക്ഷണ്‍ പ്രമുഖ് ചാലോട്-നെരിപ്പോട്ടുകരി ശാരദാലയത്തില്‍ വി.ഷിനോയിയുടെ വീടിന് നേരെയാണ് സിപിഎമ്മുകാര്‍ ബോംബെറിഞ്ഞത്. വീടിന്റെ മുന്‍വശവും വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാറും തകര്‍ന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ 3.30ഓടെയാണ് സംഭവം. ശബ്ദംകേട്ട് ഷിനോയുടെ അമ്മ ശാരദ ഉണര്‍ന്നെങ്കിലും സിപിഎം സംഘം വീടിന് നേര്‍ക്ക് ബോംബെറിയുകയായിരുന്നു. രണ്ട് ബോംബുകള്‍ എറിഞ്ഞെങ്കിലും ഒരു സ്റ്റീല്‍ ബോംബ് പൊട്ടിയില്ല. രണ്ട് ബൈക്കുകളിലായെത്തിയ സിപിഎം അക്രമികളാണ് തന്റെ വീട് അക്രമിച്ചതെന്ന് ഷിനോയ് പറഞ്ഞു. ചാലോട്ട് ഡിവൈഎഫ്ഐ നേതാവ് എടയന്നൂര്‍ പ്രജില്‍ നിവാസില്‍ പ്രസൂണ്‍, ചാലോട്ടെ മിനോഷ് എന്നിവരടങ്ങിയ സിപിഎം ക്രിമിനല്‍ സംഘമാണ് വീടാക്രമിച്ചത്. വിമുക്തഭടന് ചാലോടെ വിജയന്റെ വീട്ടുകിണറ്റില്‍ വിഷം ഒഴിച്ച കേസില്‍ പ്രതിയായ പ്രസൂണ്‍ ഈയിടെയാണ് ജാമ്യത്തിലറങ്ങിയത്. കഴിഞ്ഞ തെരഞ്ഞടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥി ബിജു ഏളക്കുഴിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ചാലോട് മേഖലയില്‍ സജീവമായിരുന്നു. മാര്കിസിറ്റ് ശക്തികേന്ദങ്ങളായ പല സ്ഥലങ്ങളിലും ഇത്തരത്തില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചരണം സജീവമായതിനെ തുടര്‍ന്ന് പോസ്റ്ററുകളും ബോര്‍ഡുകളും സിപിഎമ്മുകാര്‍ വ്യാപകമായി നശിപ്പിച്ചിരുന്നു. പൊതുവേ പ്രശ്നങ്ങളൊന്നുമില്ലാത്ത സ്ഥലത്ത് സിപിഎമ്മുകാര്‍ നേതൃത്വത്തിന്റെ അറിവോടെ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതാണ് ആര്‍എസ്എസ് നേതാവിന്റെ വീടിന് നേര്‍ക്കുള്ള ബോംബാക്രമണം. സംഭവസമയത്ത് ഷിനോയിയെ കൂടാതെ അമ്മ ശാരദ, അച്ഛന് നളിനാക്ഷന്, സഹോദരന് ബിജോയ് എന്നിവരും വീട്ടിലുണ്ടായിരുന്നെങ്കിലും ആര്‍ക്കും പരിക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു. മട്ടന്നൂര്‍ സിഐ ഷിജു ജോസഫ്, എസ്ഐ എം.പി.വിനേഷ് കുമാര്‍, എന്നിവര്‍ സ്ഥലത്തെത്തി. കണ്ണൂരില്‍ നിന്നെത്തിയ ഫോറന്‍സിക് വിഭാഗവും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. ആര്‍എസ്എസ് പ്രാന്തീയ കാര്യകാരി സദസ്യന്‍ വത്സന് തില്ലങ്കേരി, ജില്ലാ കാര്യവാഹ് പ്രമോദ്, ജില്ലാ പ്രചാരക് ടി.രഞ്ചിത്ത്, താലൂക്ക് കാര്യവാഹ് സി.കെ.രജീഷ്, യുവമോര്‍ച്ച സംസ്ഥാന ഉപാധ്യക്ഷന്‍ ബിജു ഏളക്കുഴി, ബിജെപി മട്ടന്നൂര്‍ നിയോജകമണ്ഡലം പ്രസിഡണ്ട് സി.വി.വിജയന് മാസ്റ്റര്‍, സംഘടനാ സെക്രട്ടറി പി.രാജന്, ആര്.കെ.വേലായുധന്, രാഹുല്‍ കിളിയങ്ങാട് തുടങ്ങിയവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു.
അക്രമത്തില്‍ പ്രതിഷേധിച്ച് ഇന്നലെ ചാലോട് ടൗണില്‍ ഹര്‍ത്താലാചരിച്ചു. വൈകുന്നേരം നടന്ന പ്രതിഷേധ പ്രകടനത്തിന് എം.കെ.സന്തോഷ്, ആര്.കെ.വേലായുധന്, കെ.സജീവന്, കെ.പി.സതീശന്, ഇ.നാരായണന് തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: