അഴീക്കോട്-പാപ്പിനിശ്ശേരി പഞ്ചായത്തുകളില്‍ എല്‍ഡിഎഫിന് വന്‍ വോട്ട് ചോര്‍ച്ച : സിപിഎമ്മിനുളളില്‍ വിവാദമാകുന്നു

Tuesday 24 May 2016 7:03 pm IST

കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ അഴീക്കോട്-പാപ്പിനിശ്ശേരി പഞ്ചായത്തുകളില്‍ സിപിഎമ്മിന്റെ വോട്ട് കുത്തനെ കുറഞ്ഞു. സിപിഎം സ്ഥാനാര്‍ത്ഥിയായി മത്സരിച്ച നികേഷ് കുമാറിന്റെ തോല്‍വിക്ക് വഴിവെച്ചത് പാര്‍ട്ടി ശക്തികേന്ദ്രമെന്നവകാശപ്പെടുന്ന ഈ രണ്ട് പഞ്ചായത്തുകളിലെ വോട്ടുചോര്‍ച്ചയെന്ന കണ്ടെത്തല്‍ പാര്‍ട്ടിക്കുളളില്‍ വിവാദമാകുന്നു. വോട്ട് ചോര്‍ന്ന് സംബന്ധിച്ച് പാര്‍ട്ടിക്കകത്ത് ചൂടേറിയ ചര്‍ച്ചകള്‍ ആരംഭിച്ചു. അഴീക്കോട് മണ്ഡലത്തില്‍ വോട്ട് ചോര്‍ന്നത് സിപിഎമ്മില്‍ വരുംദിവസങ്ങളില്‍ പൊട്ടിത്തെറികള്‍ക്ക് വഴിയൊരുക്കുമെന്ന് സൂചന. അഴീക്കോട് മണ്ഡലത്തില്‍ എക്കാലവും സിപിഎമ്മിന്റെ ഉരുക്കുകോട്ടയായി കണക്കാക്കുന്ന പാപ്പിനിശേരിയില്‍നിന്നു പോലും കാര്യമായ ചോര്‍ച്ചയുണ്ടായതാണ് നേതൃത്വത്തെ ഞെട്ടിപ്പിക്കുന്നത്. വോട്ട് ചോര്‍ന്ന സംബന്ധിച്ച വിവാദം അടുത്ത ദിവസം ചേരുന്ന സിപിഎം അഴീക്കോട് ഏരിയാ കമ്മിറ്റി യോഗം കലുഷിതമാക്കും. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന എം.വി.നികേഷ് കുമാറിന്റെ ജന്മനാട് കൂടിയായ പാപ്പിനിശേരിയിലും ഇതിനോടു ചേര്‍ന്നുള്ള അഴീക്കോട് പഞ്ചായത്തിലുമാണ് സിപിഎം കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ നിന്നും വ്യത്യസ്തമായി പിന്നോട്ടുപോയത്. ഈ രണ്ട് പഞ്ചായത്തിലെ അപ്രതീക്ഷിത വോട്ട് ചോര്‍ച്ചയാണ് നികേഷിന്റെ പരാജയത്തിന് വഴിവെച്ചത്. കൂത്തുപറന്പില്‍ 5 ഡിവൈഎഫ്‌ഐക്കാര്‍ മരിക്കാനിടയായ സംഭവത്തിനുത്തരവാദിയെന്ന് സിപിഎം ആരോപിച്ച എം.വി.രാഘവന്റെ മകനായ നികേഷിനെ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ ആദ്യം തൊട്ടേ പാര്‍ട്ടിക്കകത്ത് അഭിപ്രായ ഭിന്നതയുണ്ടായിരുന്നു. ഇതു കൊണ്ടുതന്നെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ വോട്ട് യുഡിഎഫ്-എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ക്ക് ചെയ്തതായാണ് സൂചന. എന്‍ഡിഎ സ്ഥാനാര്‍ത്ഥി എ.വി.കേശവന് രണ്ട് പഞ്ചായത്തുകളില്‍ കഴിഞ്ഞ തവണ ബിജെപി സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചതിന്റെ ഇരട്ടിയിലേറെ വോട്ടുകള്‍ നേടാന്‍ സാധിച്ചു. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ അഴീക്കോട് പഞ്ചായത്തിലെ നീര്‍ക്കടവ് വാര്‍ഡില്‍ വന്‍ ഭൂരിപക്ഷത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഈ തെരഞ്ഞെടുപ്പിലും വോട്ടര്‍മാര്‍ സിപിഎമ്മിനെതിരെ ശക്തമായി പ്രതികരിച്ചുവെന്നതാണ് സിപിഎം വോട്ടുകളിലെ കുത്തനെയുളള ഇടിവ് കാണിക്കുന്നത്. 2011ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ അഴീക്കോട് പഞ്ചായത്തില്‍ സിപിഎമ്മിന് 3437 വോട്ടിന്റെ ‘ഭൂരിപക്ഷമാണുണ്ടായിരുന്നതെങ്കില്‍ ഇക്കുറി അത് 685 വോട്ടായി കുറഞ്ഞു. അഴീക്കോട് പഞ്ചായത്തുതന്നെയാണ് നികേഷിന്റെ വിധി നിര്‍ണയിച്ചതെന്നു പറയാം. പാപ്പിനിശേരി പഞ്ചായത്തില്‍ 2938 വോട്ടിന്റെ ‘ഭൂരിപക്ഷമാണുണ്ടായിരുന്നതെങ്കില്‍ ഇത്തവണ ലഭിച്ചത് 1554 മാത്രം. അതോടൊപ്പം സിപിഎം ഭരിക്കുന്ന ചിറക്കല്‍ പഞ്ചായത്തില്‍നിന്ന് എല്‍ഡിഎഫിന് ലഭിച്ച ‘ഭൂരിപക്ഷം 155 മാത്രം. കഴിഞ്ഞ 2011ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 896 വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്നു. ചുരുക്കത്തില്‍ സിപിഎം ശക്തി കേന്ദ്രങ്ങളിലെല്ലാം നികേഷിന് കഴിഞ്ഞ തവണ എല്‍ഡിഎഫിന് ലഭിച്ച വോട്ടിനേക്കാള്‍ കുറവു മാത്രമേ ഇത്തവണ ലഭിച്ചിട്ടുളളൂ. പരമ്പരാഗത യുഡിഎഫ് കേന്ദ്രമായ പുഴാതിയിലും വളപട്ടണത്തും യുഡിഎഫ് വോട്ടുകളില്‍ നേരിയ കുറവുണ്ടായിട്ടും കെ.എം.ഷാജിക്ക് മികച്ച വിജയം നേടാനായത് സിപിഎം പഞ്ചായത്തുകളില്‍നിന്ന് ലഭിച്ച വോട്ടുകളാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ വളപട്ടണത്ത് 1536 വോട്ടിന്റെ ‘ഭൂരിപക്ഷമുണ്ടായിരുന്നപ്പോള്‍ ഇത്തവണ അത് 1534 ആയി കുറഞ്ഞു. രണ്ട് വോട്ടിന്റെ കുറവ്. പുഴാതിയില്‍ 2155 ല്‍നിന്ന് 1102 ആയി. പള്ളിക്കുന്നില്‍ 2814 ല്‍നിന്ന് 1216 ആയി. എന്നാല്‍ എന്നും സിപിഎമ്മിന് വ്യക്തമായ ‘ഭൂരിപക്ഷമുണ്ടായിരുന്ന ബൂത്തുകളില്‍ കെ.എം.ഷാജിക്ക് കൂടുതല്‍ വോട്ടുകള്‍ നേടാനായി. പള്ളിക്കുന്നിലും പുഴാതിയിലും വിമത സ്ഥാനാര്‍ത്ഥി രാഗേഷിന്റെ സാന്നിദ്ധ്യം യുഡിഎഫ് വോട്ടുകളില്‍ കുറവുണ്ടാക്കിയിട്ടും അനുകൂല രാഷ്ട്രീയ സാഹചര്യം ഉപയോഗപ്പെടുത്താനാകാത്തത് വരും ദിവസങ്ങളില്‍ സിപിഎമ്മിനകത്ത് വന്‍ പൊട്ടിത്തെറികള്‍ക്ക് വഴി തുറക്കുമെന്നുറപ്പാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ലഭിച്ചതിനേക്കാള്‍ ‘ഭൂരിപക്ഷം അഴീക്കോടു പഞ്ചായത്തിലും പാപ്പിനിശ്ശേരിപഞ്ചായത്തിലും നേടാനാകുമെന്നായിരുന്നു സിപിഎം നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍. ഈ രണ്ട് പഞ്ചായത്തുകളിലും വോട്ട് കുറഞ്ഞ സംഭവം പാര്‍ട്ടി ജില്ലാ നേതൃത്വം അന്വേഷിക്കാന്‍ തീരുമാനിച്ചതായറിയുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.