പാക്കിസ്ഥാനെ ബഹുമാനിക്കുന്നു, പക്ഷേ ഭീകര വേട്ട തുടരും: അമേരിക്ക

Tuesday 24 May 2016 8:16 pm IST

വാഷിങ്ടൺ: പാക്കിസ്ഥാന്റെ പരമാധികാരത്തെ തങ്ങൾ ബഹുമാനിക്കുന്നുണ്ടെന്ന് അമേരിക്ക. എന്നാൽ ഭീകരവാദികളെ ഉൻമൂലനം ചെയ്യുന്ന നടപടികളിൽ നിന്നും തങ്ങൾക്ക് പിന്തിരിയാനാകില്ലെന്നും വൈറ്റ് ഹൗസ് വക്താവ് അറിയിച്ചു. കഴിഞ്ഞ കുറെ ദിവസങ്ങളായി ഭീകരരെ വധിക്കുവാൻ പാക്കിസ്ഥാൻ പ്രദേശങ്ങളിൽ അമേരിക്ക ഡ്രോൺ ആക്രമണങ്ങൾ നടത്തിയിരുന്നു. അമേരിക്ക നടത്തിയ ആക്രമണത്തിൽ താലിബാൻ നേതാവ് മുല്ല അക്തർ മൻസൂറിനെ കൊലപ്പെടുത്തിയിരുന്നു. എന്നാൽ പാക്കിസ്ഥാന്റെ വിദേശകാര്യ മന്ത്രാലയം അമേരിക്കയുടെ ഈ ആക്രമണ നടപടികളെ ശക്തമായി വിമർശിച്ചിരുന്നു. പാക്കിസ്ഥാന്റെ പരമോന്നധികാരത്തിനു മേലുള്ള കടന്നുകയറ്റമാണെന്നാണ് മന്ത്രാലയം വിശദീകരിച്ചത്. തുടർന്നാണ് പാക്കിസ്ഥാന് മറുപടിയുമായി അമേരിക്കൻ വക്താവ് മാർക്ക് ടോണർ രംഗത്തെത്തിയത്. തങ്ങൾ നടത്തിയ ഡ്രോൺ ആക്രമണം മൂലമാണ് താലിബാൻ നേതാവിനെ കൊലപ്പെടുത്താൻ കഴിഞ്ഞത്. അമേരിക്കൻ-അഫ്ഗാനിസ്ഥാൻ സൈന്യകർക്ക് ഏറെ വെല്ലുവിളി സൃഷ്ടിച്ച ഭീകരവാദിയായിരുന്നു മുല്ല അക്തർ മൻസൂറെന്നും അദ്ദേഹം പറഞ്ഞു. ഇത്തരത്തിലുള്ള ഭീകരവാദികളെ വേട്ടയാടുന്ന പദ്ധതികളിൽ നിന്നും അമേരിക്കയ്ക്ക് വിട്ട് നിൽക്കാൻ സാധിക്കില്ലെന്ന് അദ്ദേഹം പാക്കിസ്ഥാന് മറുപടിയെന്നോണം പറഞ്ഞു. താലിബാൻ നേതാവിന്റെ മരണം മറ്റ് ഭീകരർക്കുള്ള സന്ദേശമാണ്, താലിബാന് ഏറെക്കാലം ഭീകരവാദവുമായി മുന്നോട്ട് പോകാൻ സധിക്കില്ല, അമേരിക്കൻ-അഫ്ഗാൻ സൈന്യകർക്ക് നേരെ ആക്രമണങ്ങൾ നടത്തുന്നവർക്ക് കനത്ത തിരിച്ചടി നേരിടേണ്ടി വരും, അവർക്ക് ഇനി സമാധാന പാതയിൽ മാത്രം സഞ്ചരിക്കുന്നതായിരിക്കും ഉചിതമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.