'ബാലഭാരതം' 28, 29 തീയതികളില്‍

Tuesday 24 May 2016 8:37 pm IST

ആലപ്പുഴ: കുട്ടികളുടെ സാംസ്‌കാരിക പ്രസ്ഥാനമായ ബാലഗോകുലത്തിന്റെ നാല്പതാം വാര്‍ഷികത്തിന്റെ ഭാഗമായി ബാലഭാരതം-2016 എന്ന പേരില്‍ ബാലികാ ബാലന്മാരുടെ നേതൃസംഗമം സംഘടിപ്പിക്കും. 28,29 തീയതികളില്‍ അങ്കമാലി, കറുകുറ്റി, അഡ്‌ലക്‌സ് കണ്‍വന്‍ഷന്‍ സെന്ററിലാണ് പരിപാടി. 5,000 കുട്ടികള്‍ പരിപാടിയില്‍ പങ്കെടുക്കും. ജില്ലയില്‍ നിന്നും 105 കുട്ടികള്‍ പങ്കെടുക്കുമെന്ന് ജില്ലാ സംയോജകന്‍ രാഹുല്‍ നന്ദകുമാര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. പ്രകൃതി, സംസ്‌കൃതി, രാഷ്ട്രം എന്നീ ആശയങ്ങളില്‍ ഊന്നിയുള്ള പഠനപ്രവര്‍ത്തനങ്ങളും പ്രദര്‍ശനങ്ങളും ശിബിരത്തില്‍ ക്രമീകരിച്ചിട്ടുണ്ട്. സംഗീതം, നൃത്തം, ചിത്രകല, അഭിനയം, നാടന്‍ പാട്ട്, കാവ്യാലാപനം, പ്രഭാഷണകല, ശാസ്ത്രകൗതുകം എന്നീ വിഷയങ്ങളില്‍ കുട്ടികള്‍ക്ക് പരിശീലനം നല്‍കും. ഭാരതം ലോകത്തിനു സമ്മാനിച്ച യോഗയും ഗീതയും സമന്വയിപ്പിച്ച് ബാലഗോകുലം തയ്യാറാക്കിയ യോഗി ഉത്സവം എന്ന അനുഷ്ഠാനക്രിയാ പദ്ധതി വേദിയില്‍ അവതരിപ്പിക്കും. ഏകഭാരതം, ശ്രേഷ്ഠഭാരതം എന്ന വിഷയത്തില്‍ കുട്ടികളും പ്രധാനമന്ത്രിയുമായി വീഡിയോ സംവാദവും ക്രമീകരിച്ചിട്ടുണ്ട്. ജാഹ്നവി ബഹല്‍, ദേശീയ ചലച്ചിത്ര പുരസ്‌കാര ജേതാവ് ഗൗരവ് മേനോന്‍, ദേശീയ ഭഗവദ്ഗീതാ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ ആസിഫ് സിദ്ദിഖി തുടങ്ങിയ ബാലപ്രതിഭകള്‍ പങ്കെടുക്കും. അന്തരിച്ച മുന്‍ രാഷ്ട്രപതി ഡോ. എപിജെ അബ്ദുള്‍ കലാമിനും ബാലഗോകുലത്തിന്റെ സാന്ദീപനിയായിരുന്ന കവി കുഞ്ഞുണ്ണിമാഷിനുമുള്ള ശ്രദ്ധാഞ്ജലി കൂടിയാവും ചടങ്ങുകള്‍. ജസ്റ്റിസ് കെ.ടി. തോമസ് ചെയര്‍മാനും കെ.പി. ഹരിദാസ് കണ്‍വീനറുമായ സ്വാഗതസംഘമാണ് ബാലഭാരതത്തിന്റെ നടത്തിപ്പിനായി പ്രവര്‍ത്തിക്കുന്നത്. ആര്‍. കാവ്യ, ഹരികൃഷ്ണന്‍, വി.ജി. സുകൃത, കിരണ്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.